'ദൃഷ്ടി പതിയുന്നിടമെല്ലാം ജഗന്നാഥന് സ്വന്തം'- മോഹൻലാലിന്റെ ആറാം തമ്പുരാനെ അതിശയിപ്പിക്കുന്ന ജീവിതമാണ് ഗൗതം ശാന്തിലാൽ അദാനി എന്ന 58കാരന്റെത്.
അദാനിയുടെ ദൃഷ്ടിപതിയുന്ന കരയും കടലും തുറമുഖവും വിമാനത്താവളവുമെല്ലാം അദ്ദേഹത്തിന് സ്വന്തമാവും. ഇരുമ്പുരുക്ക് വ്യവസായം തൊട്ട് വിമാനത്താളങ്ങളിൽവരെയുള്ള ശതകോടികളിൽ എത്തിനിൽക്കുന്നു, ഗുജറാത്തിലെ അഹമ്മദബാദിലെ ഒരു സാധാരണ തുണിവ്യാപാരിയുടെ മകന്റെ വളർച്ച.

കേരളത്തിലാകട്ടെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതു മുതൽ പിശാചിന് സമാനമായ പ്രതിഛായയാണ് അദാനിക്ക് ചിലർ നൽകുന്നത്. ഇന്ത്യയെ മുഴുവൻ കൊള്ളയടിക്കാനായുള്ള മോദിയുടെ സൃഷ്ടിയെന്നൊക്കെ പോകുന്ന പ്രചാരണങ്ങൾ. പക്ഷേ ഒന്ന് ഉറപ്പാണ്.ഇന്ത്യയിലെ സമകാലീന ചരിത്രത്തിലെ ഏറ്റവും വിജയിച്ച വ്യവസായിയാണ് അദാനി.

നരേന്ദ്ര മോദിയുടെ വളർച്ചക്കൊപ്പമാണ്, മില്ല്യണറിൽനിന്ന് ബില്ല്യണറിലേക്കുള്ള അദാനിയുടെ യാത്രയുമെന്നതിൽ സംശയമില്ലെങ്കിലും ആ ഒരൊറ്റ ഘടകം മാത്രമല്ല അദ്ദേഹത്തിന്റെ വിജയത്തിന് അടിസ്ഥാനം. വ്യവസായ സ്വപ്നങ്ങളുമായി പഠിത്തം ഉപേക്ഷിച്ച് വെറും 19ാംമത്തെ വയസ്സിൽ അഹമ്മദാബാദിൽനിന്ന് മുബൈയിലേക്ക് വണ്ടികയറുമ്പോൾ, ഗൗതമെന്ന പയ്യന്റെ കൈയിൽ ഏതാനും നൂറിന്റെ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീട് ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പ്ലാസ്റ്റിക്ക് വ്യവസായം തുടങ്ങിയ അദാനിയെ രക്ഷിച്ചത് ഗുജറാത്തിലെ അന്നത്തെ കോൺഗ്രസ് നേതാക്കളും, മന്മോഹൻസിങ്ങിന്റെ നേതൃത്വത്തിൽ 91ൽ നടപ്പാക്കിയ സാമ്പത്തിക ഉദാരവത്ക്കരണവുമായിരുന്നു. ഇന്ന് ഒരുലക്ഷം കോടി രൂപയിലേറെ ആസ്തിയുമായി ഇന്ത്യയിലെ നമ്പർ വൺ എന്ന പദവിയും അദാനിയെ തേടിയെത്തുന്നു. ഗുജറാത്ത് മാർവാടി ഗ്രൂപ്പിന്റെയും മോദിയുടെയും ഒക്കെ പിന്തുണ ഈ വളർച്ചക്കുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ മോദിയും ബിജെപിയും ഇതുപോലെ പിന്തുണച്ചിരുന്ന മറ്റ് വ്യവസായികളും ഉണ്ടായിരുന്നു. എന്തുകൊണ്ട് അവർക്കൊന്നും മുന്നേറാൻ കഴിഞ്ഞില്ല. അവിടെയാണ് അദാനിയുടെ ഭാവനയും പ്രതിഭയും വൈവിധ്യവത്ക്കരണത്വരയും ഗവേഷണ ബുദ്ധിയുമൊക്കെ അഭിനന്ദിക്കപ്പെടേണ്ടത്.

2019 ൽ ഫോബ്‌സ് അദ്ദേഹത്തെ ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി പ്രഖ്യാപിച്ചു. ഫോബ്‌സിന്റെ കണക്കനുസരിച്ച്, 2019 ഒക്ടോബർ വരെ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 15.7 ബില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അയായത് ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ ആസ്തി! ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരും അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉൽപാദകരുമായ കമ്പനികൾ അടങ്ങുന്ന ഗ്രൂപ്പിന്റെ തലവനാണ് ഇപ്പോൾ ഗൗതം അദാനി.

കൂടാതെ, മറ്റ് നിരവധി മേഖലകളിലും അദാനി ഗ്രൂപ്പിന് പ്രത്യേക താൽപര്യങ്ങൾ ഉണ്ട്: കൽക്കരി ഖനനം, ഇന്ധന, വാതക പര്യവേഷണം, വാതക വിതരണം, വൈദ്യുതി വികിരണവും വിതരണവും, പൊതുമരാമത്തും അടിസ്ഥാന സൗകര്യങ്ങളും, ബഹുമാതൃക ലോജിസ്റ്റിക്‌സ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം, ഭൂമി കച്ചവടം, ഭക്ഷ എണ്ണ, ഭക്ഷണ സംഭരണം തുടങ്ങിയ മേഖലകളിൽ അവർ താൽപര്യം കാണിക്കുന്നു.ഏറ്റവും കുറഞ്ഞത് 28 രാജ്യങ്ങിലെ 30ൽപരം കമ്പനികളുമായി അദ്ദേഹത്തിന്റെ കമ്പനികൾ ഇപ്പോൾ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതായത് ഒരു അന്താരാഷ്ട്ര ഭീമനായി ഇദ്ദേഹം വളർന്നിരിക്കയാണ്.

ജനിച്ചത് ഗുജറാത്തിലെ സാധാരണ ജൈന കുടുംബത്തിൽ

1962 ജൂൺ 24 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ചെറുകിട വ്യാപാരിയായ ശാന്തിലാലിൻെയും ശാന്തി അദാനിയുടെയും മകനായി ഇടത്തരം ജൈന കുടുംബത്തിലാണ് ഗൗതം ജനിച്ചത്. അദ്ദേഹത്തിന് എഴ് സഹാദരങ്ങളുണ്ട്, മാതാപിതാക്കൾ ഗുജറാത്തിന്റെ വടക്കൻ ഭാഗത്തുള്ള താരദ് പട്ടണത്തിൽ നിന്ന് കുടിയേറിയിവരാണ്. പിതാവ് ഒരു തുണി വ്യാപാരിയായിരുന്നു അഹമ്മദാബാദിലെ ഷെത്ത് ചിമൻലാൽ നാഗിന്ദാസ് വിദ്യാലയ സ്‌കൂളിലാണ് വിദ്യാഭ്യാസം. ഗുജറാത്ത് സർവകലാശാലയിൽ കൊമേഴ്‌സിൽ ബിരുദത്തിന് ചേർന്ന ഗൗതം പക്ഷേ രണ്ടാം വർഷമായപ്പോൾ തന്നെ പഠനം ഉപേക്ഷിച്ചു.അക്കാലത്തും തന്റെ മനസ്സിൽ ബിസിനസ് ആയിരുന്നുവെന്നാണ് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നത്. പക്ഷേ പിതാവിന്റെ തുണി ബിസിനസിൽ അദ്ദേഹത്തിന് അശേഷം താൽപ്പര്യം ഉണ്ടായിരുന്നില്ല.

പഠനം ഉപേക്ഷിച്ച് അന്നത്തെ ബോംബെ മഹാനഗരത്തിൽ എത്തിയതിന് പിന്നിൽ ഒരു വ്യവസായി ആവുക എന്ന സ്വപനം മാത്രമായിരുന്നു. 1978 ൽ കൗമാരപ്രായത്തിൽ, തന്റെ സമപ്രായക്കാർ ഉല്ലസിച്ച് നടക്കുന്ന സമയത്ത് ഗൗതം മുംബൈയിലെ മഹേന്ദ്ര ബ്രദേഴ്‌സിന്റെ ഡയമണ്ട് സോർട്ടറായി ജോലി ചെയ്യുകയായിരുന്നു. മുംബൈയിലെ സവേരി ബസാറിൽ സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം സ്ഥാപിക്കുന്നതിനുമുമ്പ് അദ്ദേഹം 3 വർഷം അവിടെ ജോലി ചെയ്തു. വജ്ര വ്യാപാരത്തിലേക്ക് ഇറങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അതിനുള്ള വലിയ മുടക്കുമുതൽ വിഘാതമായി. അങ്ങനെ നിൽക്കുമ്പോൾ സ്വന്തം സഹോദരനാണ്‌ അദ്ദേഹത്തിന് ആദ്യ ബ്രേക്ക് നൽകുന്നത്.

1981 ൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻസുഖ്ഭായ് അദാനി അഹമ്മദാബാദിൽ ഒരു പ്ലാസ്റ്റിക് യൂണിറ്റ് വാങ്ങി. ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അയാൾ ഗൗതമിനെ ക്ഷണിച്ചു. പക്ഷേ അവിടെ ഗൗതം കളം മാറ്റി ചവിട്ടി. പ്ലാസ്റ്റിക്കിന്റെ സാധ്യതകൾ നന്നായി പഠിച്ച അദ്ദേഹം പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഇറക്കുമതിയിലേക്ക് മാറി. ആഗോള വ്യാപാരത്തിലേക്കുള്ള അദാനിയുടെ കവാടമായിരുന്നു ഇത്. പിവിസി ബിസിനസ് പെട്ടന്ന് വളർന്നു. 1985 ൽ ചെറുകിട വ്യവസായങ്ങൾക്കായി പ്രാഥമിക പോളിമറുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി. 1988ൽ അദാനി എക്‌സ്‌പോർട്ട്‌സ് ആൻഡ് ഇംപോർട്‌സ് എന്ന സ്ഥാപനം തുടങ്ങി. തൊണ്ണൂറുകളിൽ പിവിസി ഇറക്കുമതി ചെയ്യുമ്പോൾ അദാനി സാക്ഷാൽ റിലയൻസിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വിൽപന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.

പിന്നീട് അദ്ദേഹം തന്റെ ബിസിനസ്സ് വിഭവങ്ങൾ, ലോജിസ്റ്റിക്സ്, കൃഷി, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയിൽ വൈവിധ്യവത്കരിച്ചു.അപ്പോഴെക്കെ ഗുജറാത്തിൽ മാത്രം അറിയപ്പെടുന്ന ഒരു സംരംഭകൻ മാത്രമായിരുന്നു അദാനി. പക്ഷേ മന്മോഹൻസിങ്ങിന്റെ 91ലെ ഉദാരവത്ക്കരണം അദാനിയുടെ തലവരമാറ്റി.

ആദ്യകാല വളർച്ച കോൺഗ്രസിന് ഒപ്പം

ഇപ്പോൾ അദാനിയുടെ മോദി ബന്ധത്തിന്റെ പേരിൽ വിമർശിക്കുന്ന കോൺഗ്രസ്‌
ആദ്യകാലത്ത് അദാനി ഗുജറാത്തിലെ തങ്ങളുടെ  നേതാക്കളുടെ അടുത്ത സുഹൃത്തായിരുന്നുവെന്നത് മറക്കാൻ ശ്രമിക്കയാണ്. അതോടൊപ്പം 91ലെ ഉദാരവത്ക്കരണം ഏത് സംരംഭകനെയുംപോലെ വലിയ സാധ്യതയാണ് അദാനിക്കും നൽകിയത്. ലൈസൻസസ് രാജിൽനിന്ന് ഇന്ത്യ പുർണ്ണമായും മുക്തമായതോടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ ഉപോൽപ്പന്നം കൂടിയാണ് അദാനി. ഉദാവത്ക്കരണത്തിന്റെ ചുവടുപിടിച്ച് അദാനി തന്റെ വ്യവസായങ്ങൾ വൈവധ്യവത്ക്കരിച്ചു. ലോഹങ്ങൾ, തുണിത്തരങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിലേക്ക് അദ്ദേഹം ബിസിനസുകൾ വ്യാപിപ്പിക്കാൻ തുടങ്ങി.   മന്മോഹൻ സിങ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. കോൺഗ്രസ് മുഖ്യമന്ത്രി മാധവ് സിങ്ങ് സോളങ്കിയുമായി അടുത്ത ബന്ധമായിരുന്നു അദാനിക്ക്. പിന്നീട് കോൺഗ്രസിൽനിന്ന് ജനതാ
പാർട്ടിയിൽ എത്തിയ ചിമൻഭായ് പട്ടേൽ ഭരിച്ചപ്പോഴും അടുത്ത ബന്ധമാണ് അദാനി പുലർത്തിയത്.


ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കർ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവർഷത്തിനുള്ളിൽ നൂറു മടങ്ങിന്റെ മൂല്യവർദ്ധന. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുള്ള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുള്ള ഗതാഗതസൗകര്യം സർക്കാർ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവിൽ 64 കിലോ മീറ്റർ റെയിൽപാത സ്വയം നിർമ്മിച്ചുകൊണ്ട് അദാനി സർക്കാരിനെ 'സഹായിച്ചു'. സർക്കാർ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നൽകിയ ഒരഭിമുഖത്തിൽ അദാനി വ്യക്തമാക്കി. ഈ വ്യവസായത്തിൽ കോടികളുടെ ലാഭമാണ് അദാനി ഉണ്ടാക്കിയത്.

ആരുമറിയാത്ത തട്ടിക്കൊണ്ടുപോകൽ

അദാനിയുടെ ജീവിതത്തിൽ അധികം ആരും അറിയാത്ത ഒരു സംഭവമാണ് 1997ൽ  ഈ
യുവ സംരഭകനെ ചിലർ തട്ടിക്കൊണ്ടുപോയിരുന്നു എന്നത്. ഇപ്പോൾ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ഫസ്ലു റഹ്മാൻ എന്നറിയപ്പെടുന്ന ഫസൽ-ഉർ-റഹ്മാൻ എന്ന അധോലോക നായകനാണ് അദാനിയെ തട്ടിക്കൊണ്ടു പോയതായി പറയുന്നത്. അഹമ്മദാബാദിന്റെ പ്രാന്തങ്ങളിൽ വച്ച് റഹ്മാനും അയാളുടെ രണ്ട് സംഘാംഗങ്ങളും ചേർന്ന് ഒരു കാറിൽ അദാനിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് 15 കോടി രൂപ മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയുമാണ് ചെയ്‌തെന്നാണ് പറയുന്നത്.

ദുബായ് ആസ്ഥാനമായുള്ള ഗുണ്ടാത്തലവൻ ഇർഫാൻ ഗോഗയ്ക്ക് വേണ്ടിയാണ് ആരോപണവിധേയർ പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അഹമ്മദാബാദിലെയും ഡൽഹിയിലെയും മുംബെയിലേയും വൻകിട വ്യാപാരികളും വ്യവസായികളും ഉൾപ്പെടുന്ന പല ഉന്നത തട്ടിക്കൊണ്ടുപോകൽ കേസുകളിലെയും പ്രധാന പ്രതിയാണ് റഹ്മാൻ. എന്നാൽ തന്റെ പ്രവർത്തനമേഖല ദുബായിലേക്ക് മാറ്റിയതോടെ ഇയാൾ നിയമത്തിന്റെ പിടിയിൽ നിന്നും പുറത്ത് തുടർന്നു. 2006 ഓഗസ്റ്റിൽ, ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസ് കസ്റ്റഡിൽ എടുത്തത്. പക്ഷേ ഇങ്ങനെ ഒരു സംഭവം അദാനി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ തട്ടിക്കൊണ്ടുപോവൽ യാഥാർഥ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. പക്ഷേ അതുകൊണ്ട് ഒന്നും തളരുന്ന വ്യക്തിയായിരുന്നില്ല അദാനി.

ചങ്ങാത്ത മുതലാളിത്തവും വൈവിധ്യവത്ക്കരണവും

ആര് അധികാരത്തിൽ ഇരുന്നാലും അവരുമായി നല്ല ടേംസിൽ പോകുക. തന്റെ ബിസിനസ് പരമാവധി വളർത്തുക. അതായിരുന്നു അദാനിയുടെ ലക്ഷ്യം. ചങ്ങാത്ത മുതലാളിത്തം എന്ന വാക്കിന്റെ ഇന്ത്യൻ വേർഷനാണ് സത്യത്തിൽ അദാനി. അതുപോലെതന്നെ വൈവിധ്യവ്തക്കരണമാണ് അദ്ദേഹത്തിന്റെ മറ്റൊരു മിടുക്ക്. നാളെ ഇന്ത്യയിൽ എന്തു സംഭവിക്കും അല്ലെങ്കിൽ ലോകത്ത് എന്തുമാറ്റം ഉണ്ടാവും എന്തിന് ആവശ്യക്കാർ ഉണ്ടാകും എന്നുകണ്ട് അതിലേക്ക് കളം മാറ്റുകയാണ് അദാനിയുടെ രീതി. അതിന് അപാരമായ പഠനവും കണക്കുകൂട്ടലും വേണം. അതാണ് അദ്ദേഹത്തിന്റെ വളർച്ചയുടെ അടിസ്ഥാനവും.

അതുകൊണ്ടാണ് 4000 കിലോമീറ്റർ അകലെയുള്ള ഇന്തോനേഷ്യയിൽ നിന്ന് കപ്പൽ മാർഗം കൽക്കരി കൊണ്ടുവരാൻ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യൻ റെയിൽവെ വഴി 1000 മീറ്റർ കൽക്കരി കടത്തുന്നതിനെക്കാൾ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയിൽ ഒരു കൽക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ഡ്രയിൽ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തിൽ സ്ഥാപിച്ചു. മുണ്ഡ്രയിൽ തുറമുഖം റെയിൽവേയിൽ നിന്ന് 40 മൈൽ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയിൽവേയും അദാനി സ്ഥാപിച്ചു. ഇന്ത്യയിൽ തന്ത്രപരമായ സ്ഥാനങ്ങളിൽ വൈദ്യുതി നിലയങ്ങൾ അതിവേഗതയിൽ സ്ഥാപിച്ചു.

1996 ൽ തുടങ്ങിയ അദാനി പവർ ലിമിറ്റഡ് ഇന്ന് രാജ്യത്തെ താപവൈദ്യുതി നിലയങ്ങളിലും നമ്പർ വൺ ആണ്. 2006 ൽ അദാനി വൈദ്യുതി ഉൽപാദന ബിസിനസിൽ പ്രവേശിച്ചു. 2009 മുതൽ 2012 വരെ അദ്ദേഹം ക്വീൻസ്ലാന്റിലെ കാർമൈക്കൽ കൽക്കരിയും ഓസ്‌ട്രേലിയയിലെ അബോട്ട് പോയിന്റ് പോർട്ടും സ്വന്തമാക്കി.

2020 മെയ് മാസത്തിൽ 6 ബില്യൺ ഡോളർ വിലമതിക്കുന്ന സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) ലോകത്തിലെ ഏറ്റവും വലിയ സോളാർ ബിഡ് അദാനി നേടി. 8000 മെഗാവാട്ട് ഫോട്ടോവോൾട്ടെയ്ക്ക് പവർ പ്ലാന്റ് പദ്ധതി അദാനി ഗ്രീൻ ഏറ്റെടുത്തു. ഓരോഘട്ടത്തിലും അദാനി തന്റെ ബിസിനസ് നവീകരിക്കും. തുറമുഖങ്ങളും വിമാനത്താവളങ്ങളുമൊക്കെയായി. ഇന്ത്യാ ടുഡെ ലേഖകൻ വിനോദ് മേത്ത ഇങ്ങനെ വിലയിരുത്തുന്നു.' നാം ഒരു കെട്ടിടം പണിയുക എന്നുവെക്കുക. അതിന്റെ എല്ലാ സാധനങ്ങളും നമ്മൾ പുറത്തുനിന്ന് കൊണ്ടുവരേണ്ടി വരും. എന്നാൽ അദാനിക്ക് എല്ലാറ്റിനും സ്വന്തം സ്ഥാപനങ്ങൾ ഉണ്ട്. കപ്പലുകളും വിമാനങ്ങളും ഇരുമ്പുരുക്കും വൈദ്യുതിയുമൊക്കെയായി സ്വന്തം സ്ഥാപനങ്ങൾ. അതുകൊണ്ടുതന്നെ മറ്റ് ഏത് സംരംഭകനേക്കാൾ ചുരുങ്ങിയ ചെലവിൽ അദ്ദേഹത്തിന് പണിയാൻ കഴിയും. '

ശതകോടീശ്വരനാക്കിയതിന് പിന്നിൽ മോദിതന്നെ

2008 ഡിസംബർ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബർ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളർച്ചയ്ക്കുള്ള ഊർജം മുഴുവൻ ഗൗതം വലിച്ചെടുത്തത് സാക്ഷാൽ നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തിൽ നിന്നാണ്. സർവശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുള്ള ചങ്ങാത്തമാണ് എൺപതുകളിൽ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത് എന്നാണ് ഇന്ത്യാ ടുഡെ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പന്ത്രണ്ട് വർഷം താൻ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽനിന്നും ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ നരേന്ദ്ര മോദി ഡൽഹിയിലേക്ക് തിരിക്കുന്നതിന്റെ ചിത്രം തന്നെ നോക്കുക. മോദി കൈയുർത്തി വീശുചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറക്കാൻ പോകുന്ന വിമാനത്തിന്റെ ബഹുവർണ ലോഗോ വ്യക്തമായി കാണാമായിരുന്നു.അതിതായിരുന്നു: അദാനി.

2013 സപ്തംബർ 13നു, മോദി ഭാരതീയ ജനത പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള 12 മാസക്കാലയളവിൽ, ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില അഞ്ച് രൂപയിൽ നിന്നും 786 രൂപയായി അല്ലെങ്കിൽ 265 ശതമാനം കണ്ട് കുതിച്ചുയർന്നു. ഒരു ദശാബ്ദത്തിനിടയിൽ, അദാനി ഗ്രൂപ്പിന്റെ ടേൺ ഓവർ 2001-02ലെ 3,741 കോടിയിൽ നിന്നും 2013-14ലെ 75,659 കോടിയായി വർദ്ധിച്ചു. അതായത് ഇരുപത് ഇരട്ടിയുടെ വർദ്ധന.

മോദിക്കുവേണ്ടി വ്യവസായികളുടെ ബദൽ സംഘടനയുണ്ടാക്കി

ഈ മോദി-അദാനി പ്രത്യേക ബാന്ധവും, കാലക്രമാനുഗതമായി വരച്ചിട്ടാൽ, അത് ഗുജറാത്ത് കലാപം നടന്ന 2002 വരെ പുറകിലേക്ക് പോകുന്നതായി കാണാം. ചേംബർ ഓഫ് കോമേഴ്‌സിൽ അംഗത്വമുണ്ടായിരുന്ന കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിലെ (സിഐഎൽ) ചില വ്യാപാരികൾ മോദിയെ വിമർശിച്ചതിനെ തുടർന്ന് അദാനിയുടെ നേതൃത്വത്തിലുള്ള ചില പ്രാദേശിക വ്യാപാരികളുടെ ഒരു സംഘം റിസർജന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത് (ആർജിജി) എന്ന പേരിൽ ഒരു ബദൽ സംഘടന ഉണ്ടാക്കുകയും സിഐഎല്ലിൽ നിന്ന് വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് സമിറ്റിന് (2003 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ) 15,000 കോടി രൂപയാണ് അദാനി വാഗ്ദാനം ചെയ്തത്. അതിന് ശേഷം മോദിയുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ച അദാനി, മോദിയുടെ കടുത്ത അനുയായി ആവുകയും അദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലും വിദേശത്തും വ്യക്തിഗത പ്രചാരണങ്ങൾ നടത്തുകയും ചെയ്തു.

2013 മാർച്ചിൽ, മോദിയുടെ വിമർശകരായ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമ്മർദത്തെ തുടർന്ന് യുഎസ് വാന്റൺ സ്‌കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച പൊതു പരിപാടിയിലെ മുഖ്യപ്രഭാഷണത്തിൽ നിന്നും ചടങ്ങുകളില്ലാതെ മോദിയെ മാറ്റും എന്ന് വ്യക്തമായപ്പോൾ, ആ ചടങ്ങിന്റെ സ്‌പോൺസർമാരിൽ ഒന്നായിരുന്ന അദാനി ഗ്രൂപ്പ് അവരുടെ സാമ്പത്തിക സഹായം പിൻവലിച്ചു.

അദാനിയുടെ രാഷ്ട്രീയ സ്വാധീനങ്ങൾ നിലനിൽക്കുമ്പോഴും, അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള കമ്പനികൾക്കെതിരെ ചില സമയത്തൊക്കെ നടപടികൾ സ്വീകരിക്കാൻ നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട ഏജൻസികൾ തയ്യാറായിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്കായി ഇറക്കുമതി ചെയ്യപ്പെട്ട മൂലധന ഉപകരണങ്ങൾക്ക് 'അമിത മൂല്യം' നിശ്ചയിച്ചു എന്ന ആരോപണത്തെ കുറിച്ച് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ (ഡിആർഐ) മുംബെ യുണിറ്റ് അന്വേഷണം ആരംഭിച്ചതായി 2014 ജനുവരി രണ്ടിന് ഇക്കണോമിക് ടൈംസ് റി്‌പ്പോർട്ട് ചെയ്തിരുന്നു. 'യുഎഇ ആസ്ഥാനമായുള്ള ഒരു മധ്യവർത്തിയിൽ നിന്നും അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങൾ ഉപകരണങ്ങളും യന്ത്രങ്ങളും ഇറക്കുമതി ചെയ്തതിലുള്ള അമിതമൂല്യനിശ്ചയത്തെ കുറിച്ച്' കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗമായ ഏജൻസി അന്വേഷിക്കുകയാണെന്ന് 2013 ഡിസംബറിൽ തയ്യാറാക്കിയ ഡിആർഐയുടെ ആഭ്യന്തര റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. 'ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പേരിലുള്ള ഇറക്കുമതികളിൽ അമിതമൂല്യനിർണയത്തിലൂടെ അദാനി ഗ്രൂപ്പ് 2,322.75 കോടി രൂപ വിദേശത്തേക്ക് കടത്തിയതായും' ഈ റിപ്പോർട്ടിൽ ആരോപിക്കുന്നു.

അനർഹനേട്ടങ്ങൾ എന്ന ആരോപണം ഉയർന്നത് പലതവണ

മൂലധന ഉപകരണങ്ങളുടെ ഇറക്കുമതിയിൽ അമിതമൂല്യം കാണിച്ചു എന്ന ആരോപണത്തിന്റെ പേരിൽ അദാനി ഗ്രൂപ്പിലെ കമ്പനികൾക്ക് ഡിആർഐ 5,500 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി 2014 മെയ്‌ 18ന് (പൊതു തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം) പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അദാനി പവർ മഹാരാഷ്ട്ര, അദാനി പവർ രാജസ്ഥാൻ, മഹാരാഷ്ട്ര ഈസ്റ്റേൺ ഗ്രിഡ് പവർ ട്രാൻസ്മിഷൻ കമ്പനി എന്നിവയെ കൂടാതെ ഒരു കരാർ കമ്പനിക്കുമാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.2014 മെയ്‌ 16ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കപ്പെടുകയും ലോക്‌സഭയിൽ മോദി നയിക്കുന്ന ബിജെപി ഭൂരിപക്ഷം സീറ്റുകൾ നേടുകയും ചെയ്തു എന്ന് വ്യക്തമായ ദിവസം, 0.92 ബില്യൺ ഡോളറിന് അഥവാ 6,000 കോടി രൂപയ്ക്ക് ഒഡിഷയിലെ ദംറയിൽ ഒരു തുറമുഖം ഏറ്റെടുക്കാൻ തന്റെ ഗ്രൂപ്പിലെ കമ്പനികളിൽ ഒന്നായ അദാനി പോർട്ട്‌സ് സമ്മതിച്ചതായി ഗൗതം അദാനി അഭിമാനപൂർവം പ്രഖ്യാപിച്ചു.

 വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആമകളുടെ ആവാസ വ്യവസ്ഥയും കണ്ടൽക്കാടുകളും തകർക്കപ്പെടുമെന്നതിനാൽ ഗ്രീൻപീസിൽ അംഗത്വമുള്ളത് ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ എതിർത്തിരുന്നതാണ് ദാംറയിലെ (നേരത്തെ ടാറ്റാ ഗ്രൂപ്പും ലാർസൺ ആൻഡ് ടൂബ്രോയും സംയുക്തമായി നിർമ്മിച്ചുകൊണ്ടിരുന്നത്) തുറമുഖ നിർമ്മാണം.കർണാടകത്തിലെ തങ്ങളുടെ ഇരുമ്പയിര് ഖനന താൽപര്യങ്ങളുമായി ബന്ധപ്പെട്ട് അനർഹ ലാഭങ്ങൾ നേടിയെടുക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരിൽ അദാനി ഗ്രൂപ്പിനെ നേരത്തെ തരംതാഴ്‌ത്തിയിരുന്നു. 2001 ജൂലൈയിൽ, കർണാടകത്തിലെ അനധികൃത ഖനനത്തെ തുറന്നു കാട്ടുന്ന റിപ്പോർട്ടിൽ, അന്നത്തെ ലോകായുക്ത ആയിരുന്ന സംസ്ഥാന ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, 'അനധികൃത കയറ്റുമതിക്ക് വേണ്ട അനർഹ സൗജന്യങ്ങൾ ലഭിക്കുന്നതിനായി കൈക്കൂലി' നൽകിയതിന് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരുന്നു.

കർണാടകത്തിലെ തങ്ങളുടെ തുറമുഖ സൗകര്യങ്ങൾ അനധികൃത ഇരുമ്പയിര് കയറ്റുമതിക്കായാണ് അദാനി ഗ്രൂപ്പ് ഉപയോഗിക്കുന്നത് എന്ന്‌  റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇരമ്പയിര് കടത്തിക്കൊണ്ട് പോകുന്നതിനായി കമ്പനി വ്യാജ അനുമതി പത്രങ്ങൾ ഉണ്ടാക്കിയതായും ലോകായുക്ത കുറ്റപ്പെടുത്തിയിരുന്നു. 2011 ജൂലൈ 30ന്, ലോകായുക്തയുടെ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങളെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന്, അദാനി എന്റർപ്രൈസസിനെ കമ്പോളമൂലധനരൂപീകരണം, രണ്ടര മണിക്കൂറിന്റെ വ്യാപാരത്തിനിടയിൽ അഞ്ചിൽ ഒന്നിന്റെ അതായത് 22,177 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. അതേ ദിവസം തന്നെ, മറ്റ് രണ്ട് ഗ്രൂപ്പ് കമ്പനികളായ അദാനി പവറിന്റെയും മുന്ദ്ര പോർട്ട് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെയും (എംപിസെസ്) ഓഹരി വില യഥാക്രമം 11 ശതമാനവും ഏഴ് ശതമാനവും കണ്ടിടിഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ അടക്കം നിരവധി ആരോപണങ്ങൾ

2014 നവംബർ 24ന്, അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികൾക്കെതിരായി ഉയർന്നിട്ടുള്ള പണം വെളുപ്പിക്കൽ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രാന്വേഷണ ഏജൻസി (കേന്ദ്ര വിജിലൻസ് കമ്മീഷൻ, ഡിആർഐ, സിബിഐ എന്നിവ ഉൾപ്പെടെ) മേധാവികൾക്ക്, ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്നും വിരമിച്ചയാളും ഇപ്പോൾ അഴിമതി വിരുദ്ധപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ ഇഎഎസ് ശർമ കത്തയച്ചിരുന്നു.

കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം ഈ ആരോപണം അന്വേഷിക്കുന്നതിനാൽ, ഗ്രൂപ്പിന് ഒരു ബില്യൺ ഡോളർ വായ്പ നൽകാനുള്ള ധാരണാപത്രത്തിൽ എസ്‌ബിഐ ഒപ്പിടുരുതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ (പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നവ) ഉടമസ്ഥഘടനയെ കുറിച്ചും അവരുടെ വിദേശ നിക്ഷേപങ്ങളെ കുറിച്ചും ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള നിരവധി പത്രറിപ്പോർട്ടുകൾ ചോദ്യങ്ങൾ ഉയർത്തിയിരുന്നു എന്ന വസ്തുതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടിയിരുന്നു.

ഇതിന് മുമ്പ്, 2012 മാർച്ച് 30ന്, ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോർട്ടിൽ, അദാനി ഗ്രൂപ്പ് കമ്പനിക്ക് അനർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചതിന്റെ പേരിൽ ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോർപ്പറേഷനെ (ജിഎസ്‌പിസി) വിമർശിച്ചിരുന്നു. ജിഎസ്‌പിസിയുടെ കെടുകാര്യസ്ഥത നിമിത്തം ഖജനാവിന് 5,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഗുജറാത്ത് സർക്കാർ കമ്പനി തുറന്ന കമ്പോളത്തിൽ നിന്നും പ്രകൃതി വാതകം വാങ്ങിക്കുകയും വാങ്ങിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് അദാനി ഗ്രൂപ്പിന് വിൽക്കുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ അദാനി എനർജിക്ക് 70.54 കോടി രൂപയുടെ 'അനർഹ നേട്ടം' ഉണ്ടായതായി സിഎജി വിലയിരുത്തി.

പിന്നീട്, 2014 ജൂലൈ 26ന്, സംസ്ഥാനത്തിന്റെ ധനവിഭവങ്ങളുടെ ദുരുപയോഗത്തിന് അഞ്ച് വ്യത്യസ്ത റിപ്പോർട്ടുകളിലായി സിഎജി ഗുജറാത്ത് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. അദാനി ഗ്രൂപ്പിലേത് ഉൾപ്പെടെയുള്ള ചില കമ്പനികൾക്ക് അനർഹമായി 1500 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയത് ഉൾപ്പെടെ ഏകദേശം 25,000 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടിൽ എടുത്ത് പറയുന്നു. 'അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിന്റെ ഫേസ് ഒന്നിലെ ജെട്ടി നിർമ്മാണത്തിന്റെ ജപ്തിയിൽ 118.12 കോടി രൂപയുടെ കുറവ് വന്നത്' മതിയായ പരിശോധനകൾ നടക്കാതിരുന്നതുകൊണ്ടാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

ഖജനാവിന് 1.07 കോടി രൂപ നഷ്ടമുണ്ടാക്കുന്നതരത്തിൽ, 2005-06ൽ നാഫ്തയുടെയും വിളക്കെണ്ണയുടെയും ഇറക്കുമതിയിൽ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഗൗതം അദാനിയുടെ സഹോദരനും അഹമ്മദാബാദിലെ അദാനി എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായ രാജേഷ് അദാനിയെ ഗോവയിൽ വച്ച് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതായി 2010 ഫെബ്രുവരി 27ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഗോവയിൽ ജോലി ചെയ്യുന്ന പത്ത് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസും ചുമത്തിയിരുന്നു. ബോധപൂർവം ഇറക്കുമതിയുടെ മൂല്യം ഇകഴ്‌ത്തിക്കാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിച്ചു എന്നതായിരുന്നു അവർക്കെതിരായി ചുമത്തപ്പെട്ട കുറ്റം.

എല്ലാ കേസുകളും എത്തുന്നത് അരുൺ മിശ്രയുടെ ബെഞ്ചിൽ

മോദി പ്രധാനമന്ത്രിയതിനു ശേഷം നിരവധി തുറമുഖങ്ങളും, ആറു വിമാനത്താവളങ്ങളും അദാനിക്ക് കിട്ടിയിട്ടുണ്ട്. മോദി വിദേശ സന്ദർശനങ്ങളിൽ ഒപ്പു വയ്ക്കുന്ന മിക്ക കരാറുകളും അദാനിക്കാണ്, അനിൽ അംബാനിക്ക് കിട്ടിയ രണ്ടു മൂന്നെണ്ണം ഒഴിച്ച് നിർത്തിയാൽ.മോദിയും അദാനിയും കൂടി ഓസ്ട്രേലിയയിൽ പോയപ്പോൾ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ചെയർ പേഴ്‌സൺ അരുന്ധതി ഭട്ടാചാര്യയെ അങ്ങോട്ട് വിളിപ്പിച്ച് അദാനിക്ക് ഓസ്ട്രേലിയയിൽ ഒരു പ്രൊജക്റ്റ് തുടങ്ങാൻ 6200 കോടി കൊടുക്കാൻ പറഞ്ഞത് വൻ വിവാദമായിരുന്നു. ാ അദാനി ഇന്ത്യൻ സ്‌റ്റൈലിൽ പരിസ്ഥിതി പരിഗണിക്കാതെ ക്വീൻസ് ലാൻഡ് കിളച്ചു മറിക്കാൻ തുടങ്ങിയതോടെ ഓസ്ട്രലിയക്കാർ ഇളകി. 6200 കോടിയുടെ പ്രോജക്ട് ഇല്ലാതായി.

അദാനിയുടെപേരിൽ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കോടതിയിൽ എത്തിയവരിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സർക്കാരുകളൊക്കെ പെടും. സുപ്രീം കോടതിയിൽ ജഡ്ജിമാർ ഒരുപാടുണ്ടെങ്കിലും അദാനിയുടെ കേസുകൾ കൃത്യമായി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിൽ വരും, അരുൺ മിശ്രയുടെ വിധികൾ എല്ലാം അദാനിക്ക് അനുകൂലമായിരുന്നു, കഴിഞ്ഞ രണ്ടു വർഷമായി അങ്ങനെ ഒൻപത് വിധികൾ വന്നിട്ടുണ്ട്. അദാനി ജുഡുഷ്യറിയെപ്പോലും സ്വാധീനിക്കുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

അദാനിയും പറയുന്നു; ശിങ്കിടി മുതലാളിത്തം പാടില്ല

അദാനിയാവട്ടെ, ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. താൻ ചതുരശ്ര മീറ്ററിന് 15 രൂപ ശരാശരി മുടക്കിയാണ് മോദി സർക്കാരിന്റെ കാലത്ത് ഭൂമി വാങ്ങിയതെന്നും എന്നാൽ അതിനു മുമ്പ് 90കളിൽ കോൺഗ്രസ് ഗുജറാത്ത് ഭരിക്കുമ്പോൾ തനിക്ക് ചതുരശ്ര മീറ്ററിന് 10 പൈസയ്ക്ക ഭൂമി ലഭിച്ചിരുന്നുവെന്നുമാണ് സിഎൻഎൻ ഐബിഎന്നിനു നൽകിയ അഭിമുഖത്തിൽ അദാനി അവകാശപ്പെടുന്നത്. ഭൂമി വികസിപ്പിക്കുന്നതിനു മുമ്പും അതിനു ശേഷവുമുള്ള അതിന്റെ മൂല്യം താരതമ്യപ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.'മോദി അധികാരത്തിലെത്തുന്നതിനു പത്തുവർഷം മുമ്പ് , അന്നത്തെ കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ അദാനി ഗ്രൂപ്പ് ഇവിടെ ഭൂമി വാങ്ങിത്തുടങ്ങിയതാണ്. അന്നുമുതൽ തന്നെ മുന്ധ്ര തുറമുഖം വികസിപ്പിച്ചു തുടങ്ങിയിരുന്നു. ചതുരശ്ര മീറ്ററിന് ഒരു രൂപയായിരുന്നു അന്നുവില. മോദി സർക്കാരിന്റെ കാലത്ത് അത് 15 രൂപയാക്കി ഉയർത്തി. ൃഷിയോഗ്യമല്ലാത്ത തരിശ്ശുനിലമായിരുന്നു, ഇത്. ഭൂമിയുടെ ഡവലപ്മെന്റ് കോസ്റ്റ് അതിഭീമമായിരുന്നു. ഒരുതരത്തിലുള്ള മുൻഗണനയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല,'- അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വികസനത്തിലുള്ള മോദിയുടെ ഊന്നൽ തന്റെ വ്യവസായത്തിന് തീർച്ചയായും പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദാനി സമ്മതിക്കും. എന്നാൽ ഒരുതരത്തിലുമുള്ള അനർഹമായ ആനുകൂല്യം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് അതേ ശ്വാസത്തിൽ അദ്ദേഹം വിശദീകരിക്കും. അദാനിയുടെ വീക്ഷണത്തിൽ ഭരണകൂടത്തോടു ചേർന്ന് പ്രവർത്തിക്കുന്നത് ഒരു തരത്തിലും തന്നെ ഒരു ശിങ്കിടി മുതലാളിത്തത്തിന്റെ പ്രതിനിധിയാക്കുന്നില്ല.'ശിങ്കിടി മുതലാളിത്തം (crony capitalism) ഉണ്ടാകാൻ പാടില്ല. ഞാൻ തീർച്ചയായും അത് അംഗീകരിക്കുന്നു. പക്ഷെ എങ്ങനെയാണ് നിങ്ങൾ ശിങ്കിടി മുതലാളിത്തത്തെ വർണ്ണിക്കുന്നത് എന്നതു വേറെ കാര്യമാണ്,' വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നു. 'നിങ്ങൾ അടിസ്ഥാനപരമായി, സർക്കാരുമായി അടുത്തു പ്രവർത്തിക്കുന്നു എന്നതിനാൽ മാത്രം അത് ശിങ്കിടി മുതലാളിത്തം ആവുന്നില്ല.

'കച്ചവടത്തിൽ നിന്നും ചരക്കുനീക്കത്തിലേക്ക്, വലിയ സ്വപ്നങ്ങൾ കണ്ട് തീർത്തും ജൈവീകമായ രീതിയിൽ അളവുവർദ്ധിപ്പിച്ചുള്ള അദാനിയുടെ വളർച്ച തീർത്തും ഇന്ത്യൻ രീതിയാണെന്നു പലരും വാദിക്കും. എന്നാൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കുമറിയാം, അഴിമതി നടപ്പുരീതിയാണെന്നും പണമടങ്ങിയ സ്യൂട്ട് കേസുകൾ ധാരാളമായി കടത്താറുണ്ടെന്നും...' ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ രാഷ്ട്രീയ സ്വാധീനമില്ലാതെ ഇന്ത്യയിൽ ആരും വലുതാകുന്നില്ല. അതുകൊണ്ടാണ്, ഗുജറാത്ത് നിക്ഷേപകാന്തിക സംസ്ഥാനമാകുമ്പോഴും, അദാനിയെ പോലെയുള്ള വ്യവസായികളെ അതിരുകടന്ന് പ്രീതിപ്പെടുത്തുന്നതിൽ പലപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുന്നത്.

ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ക്രൂരനായ ഒരു മുതലാളിയൊന്നുമല്ല തീർത്തും എംപോയീസ് ഫ്രണ്ട്ലിയായ നല്ല വായനയും അറിവുമുള്ള മനുഷ്യനാണ് അദാനി എന്നാണ് സുഹൃത്തുക്കൾ റയുന്നത്. വിഴഞ്ഞം തുറമുഖത്തിന്റെ പേരിൽ വിഎസിനെ വന്നു കണ്ടപ്പോൾ ഉള്ള ശരീര ഭാഷ ഓർക്കുക. ടാണി റോബിൻസിന്റെ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമുള്ള അദാനി വലിയ സംഗീത പ്രേമി കൂടിയാണ്. ഭാര്യ പ്രീതി അദാനി നേതൃത്വം നൽകുന്ന ചാരിറ്റി ഫൗണ്ടേഷനിലൂടെ കോടികളുടെ ക്ഷേമ പ്രവർത്തനവും അദ്ദേഹം നടത്തുന്നു.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ 2020 മാർച്ചിൽ അദ്ദേഹം തന്റെ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി രൂപ സംഭാവന ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിക്ക് 5 കോടി രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദുരിതാശ്വാസ നിധിക്ക് ഒരു കോടി രൂപയും സംഭാവന നൽകി. കേരളത്തിൽ ഓഖി വന്നപ്പോഴും അദ്ദേഹം സഹായമായി രംഗത്ത് വന്നിരുന്നു. പക്ഷേ കേരള സർക്കാർ അത് സ്വീകരിച്ചില്ല.

അദാനി രക്ഷിച്ചത് കേരളത്തെയോ

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം വൈകുന്നതും തിരുവനന്തപുരം എയർപോർട്ട് ഏറ്റെടുത്തതുമാണ് അദാനിയെ ഇപ്പോൾ കേരളത്തിൽ വിവാദ പുരുഷൻ ആക്കുന്നത്. പക്ഷേ സത്യത്തിൽ അദാനി കേരളത്തെ രക്ഷിക്കയായിരുന്നെന്നും, അല്ലെങ്കിൽ കെഎസ്ആർടിസി പോലെ സർക്കാർ ഇതും കുളമാക്കുകമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ സജീവ് ആല ഈ വിഷത്തിൽ എഴുതുന്നത് ഇങ്ങനെയാണ്.

'നന്ദി അദാനി ഒരായിരം നന്ദി

തിരുവനന്തപുരം വിമാനത്താവളം ഓപ്പൺ ടെൻഡറിലൂടെ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവിതലമുറയെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയ അദാനിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ടെൻഡറിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികൾ, KSIDC കോ്വാട്ട് ചെയ്യുന്ന തുകയേക്കാൾ 10% വരെ കൂടുതൽ വിളിച്ചാൽ പോലും തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് ഗടകഉഇ യ്ക്ക് തന്നെ ലഭിക്കുമായിരുന്നു. അങ്ങനെയായിരുന്നു കേന്ദ്രവും കേരളവും തമ്മിൽ ഉണ്ടാക്കിയിരുന്ന എഗ്രിമെന്റ്.അദാനി 19% ഉയർന്ന തുക പറഞ്ഞു. അതുകൊണ്ട് ടെൻഡർ അവരുടെ പേരിൽ ഉറപ്പിച്ചു.

KSIDCയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട കെഎസ്ആർടിസിയുടെ ഗതികെട്ട അവസ്ഥയിലായി സംസ്ഥാനത്തിന്റെ പൊതുമുതൽ തിന്നുമുടിക്കുന്ന ഒരു യമണ്ടൻ വെള്ളാനയായി തിരുവനന്തപുരം എയർപോർട്ട് മാറുമായിരുന്നു.ഉയർന്ന തുക ക്വോട്ട് ചെയ്ത് അദാനി കേരളത്തെ രക്ഷിച്ചുവെന്ന് തന്നെ പറയാം.

അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്.

അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്. അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്സ് തിക്കിത്തിരക്കും.

പക്ഷെ അംബാനി നശിക്കണം അദാനി മുടിയണം എന്തുകൊണ്ടെന്നാൽ അവർക്ക് ഗൾഫിൽ ബിസിനസില്ല കൂടാതെ അവർ കേരളാ ലീഡേഴ്സ് ചിൽഡ്രന്റെ തൊഴിൽദായകരല്ല.

ഇന്ത്യയിലെ എല്ലാ കമ്പനികളും വികസിക്കണം. പണ്ടത്തെ ദരിദ്ര ദക്ഷിണ കൊറിയയിൽ നിന്ന് സാംസങ് എൽജി ഹ്യുണ്ടായി ഒക്കെ ആഗോളഭീമന്മാരായി വളർന്ന പോലെ റിലയൻസും അദാനിയും ടാറ്റായും ബജാജും മഹീന്ദ്രായും ഇൻഫോസിസും എല്ലാം ആഗോള ബ്രാൻഡുകളായി മാറണം.

കോർപ്പറേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകർ. അംബാനി പൊളിഞ്ഞാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഞ്ഞികുടി മുട്ടും.

അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയ അവിടുത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കൈപിടിച്ച് ഉയർത്തിയതിന്റെ കാരണവും മറ്റൊന്നുമല്ല.

കോവളം കൊട്ടാരം പത്മശ്രീ രവിപിള്ള ഹെറിറ്റേജ് ഹോട്ടലാക്കി ലാഭമുണ്ടാക്കുന്നു.( അതിലൊരു തെറ്റുമില്ല).

ഇതേ കൊട്ടാരം റിലയൻസോ അദാനി ഗ്രൂപ്പോ ഏറ്റെടുത്തിരുന്നെങ്കിൽ കുറച്ചേറെ യുവരക്തവും പൊലീസ് രക്തവും സെക്രട്ടറിയേറ്റിന് മുന്നിൽ തളംകെട്ടുമായിരുന്നു.

എയർപോർട്ട് റൺവേയിലുടെ തിരുവിതാംകൂർ രാജാവ് ഊരിയ പള്ളിവാളുമായി പോകുന്ന എന്തോ ആചാരമുണ്ടെന്നും അദാനിയുടെ കയ്യിൽ റൺവേ കിട്ടിയാൽ ആ ആചാരം മുടങ്ങുമെന്നുള്ള ഫ്യൂഡൽ രോദനവും ഇതിനിടയിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്.

റൺവേയിൽ നിന്ന് കുറച്ച് മാറിയുള്ള വഴിയിലൂടെ ഊരിപ്പിടിച്ച പള്ളിവാളുമായി നടന്നാലും രാജാവിന് ഈസിയായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്താനാവും.

എന്ത് നല്ലകാര്യത്തേയും എതിർത്ത് തോല്പിച്ച് സ്വയം നശിക്കുകയെന്നത് നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സാമ്പത്തിക വളർച്ചയില്ലാത്ത സാമൂഹിക വികസന വീമ്പുകൾ പറഞ്ഞു നടക്കുന്നവർ അറേബ്യൻ മരുഭൂമിയിലെ ലേബർക്യാമ്പുകളിൽ യൗവനം കത്തിച്ചുകളയുന്ന മലയാളിയുടെ ദുരന്തജീവിതം കാണുന്നേയില്ല.

ഉത്തരകൊറിയയാണ് നമ്മുടെ മാതൃകയെങ്കിൽ ആഗോള നിക്ഷേപക സംഗമത്തിന്റെ തലേദിവസം തന്നെ ആഗോളവൽക്കരണ വിരുദ്ധ ഹർത്താൽ നടത്തി അന്ധകാരയുഗത്തിലേക്ക് മുന്നേറാം.

എന്നാൽ ദക്ഷിണ കൊറിയയെ പോലെ വളർന്ന് സമൃദ്ധമാണമെങ്കിൽ നമ്മുടെ രാഷ്ട്രീയശീലങ്ങളും ശാഠ്യങ്ങളും മാറിയേ മതിയാകു.

നാട്ടിലെ നിയമങ്ങൾ പാലിച്ച് ബിസിനസും വ്യവസായവും നടത്തി ലാഭമുണ്ടാക്കുന്നത് രാഷ്ട്രനിർമ്മാണ പ്രവർത്തനം തന്നെയാണെന്ന് ഇനിയെങ്കിലും ഓരോ മലയാളിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ മനോഘടന തന്നെ അടിസ്ഥാനപരമായി വികസനവിരുദ്ധമാണ്. അവിടെയാണ് യഥാർത്ഥത്തിൽ സർജിക്കൽ സ്ട്രൈക്ക് നടക്കേണ്ടത്.

എന്തായാലും
Thanks thanks a lot അദാനി.'- ഇങ്ങനെയാണ് സജീവ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വകാര്യവത്ക്കരണം എല്ലാം തെറ്റാണെന്ന അടഞ്ഞ ധാരണയിൽനിന്ന്  കമ്യൂണിസ്റ്റ്‌ 
പാർട്ടികൾ പുറത്തുവരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കയാണ് ഈ പോസ്റ്റ്. അതുപോലെ ഒരു സംരംഭകൻ എന്ന നിലയിലുള്ള അദാനിയുടെ സാധ്യതകളെ തിരിച്ചറിയാതെ അന്ധമായി എതിർക്കുന്നതിലും കഥയില്ല.

വാൽക്കഷ്ണം: എന്തായായും അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്നും, അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ് എന്നുമുള്ള ധാരണകൾ തിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ കോർപ്പറേറ്റുകളും സ്വകാര്യ മേഖലയും വലിയ പങ്കാണ് വഹിക്കുന്നത്. നേതാക്കളുടെ മക്കൾക്ക് ഗൾഫിൽ ജോലികൊടുക്കുന്നത് ആവരുത് കുത്തകയെ വിലയിരുത്താനുള്ള നമ്മുടെ മാനദണ്ഡം.