ബെംഗളൂരു: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു.ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ദിനമായാണ് പൗരാവകാശ പ്രവർത്തകർ ഇന്ന് ആചരിക്കുന്നത്. അതേസമയം 19 പേർ അറസ്റ്റിലായെങ്കിലും കേസിലെ വിചാരണ വൈകുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

നാല് വർഷം മുമ്പ്, സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയ സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്. ലങ്കേഷ് പത്രിക ഓഫീസിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയ്ക്കും വെടിയേറ്റു.തീവ്രഹിന്ദുത്വസംഘടനയായ സനാദൻ സൻസ്തയുടെ പ്രവർത്തകരാണ് അറസ്റ്റിലായത്. ബൈക്കിലെത്തി വെടിയുതിർത്ത പരുശുറാം വാഗമോറെ അടക്കം 19 പേർ അറസ്റ്റിലായെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മോഹൻ നായ്കിനെ സംഘടിത കുറ്റകൃത്യം തടയൽ നിയമത്തിൽ നിന്ന് കർണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സഹോദരി കവിതാ ലങ്കേഷ് നൽകിയ ഹർജി ഈ മാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും.

പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾക്ക് അപ്പുറം കോടതിയിൽ നിന്നുള്ള നീതി വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബം. വിചാരണ നടപടികൾ നീളുന്നതിൽ ആശങ്കയുണ്ടെന്നും പ്രതികൾക്ക് സംരക്ഷണം ഒരുക്കിയ മോഹൻ നായ്ക്കിനെ സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും കവിത ലങ്കേഷ് വ്യക്തമാക്കി.