- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈഎസ്പിക്ക് മരണശേഷം സർക്കാരിന്റെ ശിക്ഷ; വണ്ടിക്കള്ളന്റെ ഭാര്യയുടെ താലിമാല പണയം വച്ച് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി; ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ശമ്പളവർദ്ധന തടഞ്ഞ നടപടി ശരിവച്ച് ആഭ്യന്തരവകുപ്പ്; യാതൊരു അന്വേഷണവും നടത്താതെ വാഹന മോഷ്ടാവിനെ തുറന്നുവിട്ടെന്ന് കണ്ടെത്തൽ: ഹരികുമാറിന് മരണ ശേഷവും അഴിയാത്ത കുരുക്കുകൾ
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്‌പി ബി.ഹരികുമാറിന്, അദ്ദേഹത്തിന്റെ മരണശേഷം സർക്കാരിന്റെ ശിക്ഷ. ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത, നാൽപ്പത് വാഹനമോഷണക്കേസിൽ പ്രതിയായ തിരുവല്ലം ഉണ്ണിയെ ഒരുവിധ അന്വേഷണവും നടത്താതെ വിട്ടയച്ച സംഭവത്തിൽ ഹരികുമാറിന്റെ റിവ്യൂഹർജി ആഭ്യന്തരവകുപ്പ് തള്ളിക്കളഞ്ഞു. ഹരികുമാറിന്റെ ആറുമാസത്തെ വേതനവർദ്ധനവ് തടഞ്ഞ ഉത്തരവ് ശരിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് ശിക്ഷ ശരിവച്ചത്. സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഹരികുമാർ രണ്ടാഴ്ചയോളം ഒളിവിൽ കഴിഞ്ഞശേഷം കല്ലമ്പലത്തെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം ഫോർട്ട് സിഐയായിരിക്കെ, തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും 40വാഹനമോഷണക്കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണിക്കൃഷ്ണൻ ആഡംബര ജീവിതം നയിക്കുന്നതായി വിവരം കിട്ടി. ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിവരം ഹരികുമാറിനെ അറിയിച്ചു. ഹരികുമാറിന്റെ നിർദ്ദേശപ്രകാരം 2
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്‌പി ബി.ഹരികുമാറിന്, അദ്ദേഹത്തിന്റെ മരണശേഷം സർക്കാരിന്റെ ശിക്ഷ. ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത, നാൽപ്പത് വാഹനമോഷണക്കേസിൽ പ്രതിയായ തിരുവല്ലം ഉണ്ണിയെ ഒരുവിധ അന്വേഷണവും നടത്താതെ വിട്ടയച്ച സംഭവത്തിൽ ഹരികുമാറിന്റെ റിവ്യൂഹർജി ആഭ്യന്തരവകുപ്പ് തള്ളിക്കളഞ്ഞു. ഹരികുമാറിന്റെ ആറുമാസത്തെ വേതനവർദ്ധനവ് തടഞ്ഞ ഉത്തരവ് ശരിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് ശിക്ഷ ശരിവച്ചത്. സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഹരികുമാർ രണ്ടാഴ്ചയോളം ഒളിവിൽ കഴിഞ്ഞശേഷം കല്ലമ്പലത്തെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ഫോർട്ട് സിഐയായിരിക്കെ, തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും 40വാഹനമോഷണക്കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണിക്കൃഷ്ണൻ ആഡംബര ജീവിതം നയിക്കുന്നതായി വിവരം കിട്ടി. ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിവരം ഹരികുമാറിനെ അറിയിച്ചു. ഹരികുമാറിന്റെ നിർദ്ദേശപ്രകാരം 2009 ഓഗസ്റ്റ് 19ന് രാത്രി എട്ടരയ്ക്ക് ഫോർട്ട് എസ്‌ഐ റിയാസ് രാജയും പൊലീസുകാരും ചേർന്ന് ഉണ്ണികൃഷ്ണനെ സ്റ്റേഷനിലെത്തിച്ചു. പത്തരയോടെ ഉണ്ണിയെ ഹരികുമാറിനെ ഏൽപ്പിച്ചു. ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ വിട്ടയച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളും വാറണ്ടുകളും ഉണ്ടെന്ന് അറിയാമായിരുന്ന ഹരികുമാർ മറ്റ് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ല. ഇങ്ങനെയൊരു പ്രതിയെ പിടിച്ചതായി മേലുദ്യോഗസ്ഥരെ അറിയിച്ചതു പോലുമില്ല.
ഉണ്ണികൃഷ്ണന്റെ ഭാര്യ ഒരു അഭിഭാഷകനുമായി സിഐയ്ക്കു മുന്നിലെത്തി. ഹരികുമാർ ആവശ്യപ്പെട്ട പ്രകാരം ഉണ്ണികൃഷ്ണന്റെ ഭാര്യ സ്വകാര്യ ബാങ്കിൽ നിന്ന് താലിമാല പണയം വച്ച് പതിനായിരം രൂപയെടുത്ത് അഭിഭാഷകൻ വഴി സിഐയ്ക്ക് കൈമാറിയെന്നും ഓഗസ്റ്റ് 20ന് ഉണ്ണിയെ അഭിഭാഷകനൊപ്പം വിട്ടയച്ചെന്നുമാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചയും സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും നടത്തിയെന്ന കുറ്റത്തിൽ ഹരികുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം അഡ്‌മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി കമ്മിഷണർ ഹരികുമാറിനെതിരേ അന്വേഷണം നടത്തുകയും ചെയ്തു.
പണം കൈപ്പറ്റിയതിന് തെളിവില്ലാത്തതിനാൽ അക്കാര്യം ഒഴികെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്നാണ് ഡി.സി.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ശരിവച്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി, ഹരികുമാറിന്റെ ഒരു വാർഷിക വേതന വർദ്ധനവ് തടഞ്ഞ് ഉത്തരവിറക്കി. ഇതിന്മേൽ ഹരികുമാർ നൽകിയ അപ്പീലിൽ ഐ.ജി നൽകിയ ഒരുവർഷത്തെ ശിക്ഷ ഡി.ജി.പി ആറുമാസമായി കുറച്ചു. ഇതിനെതിരെയാണ് ഹരികുമാർ സർക്കാരിൽ അപ്പീൽ നൽകിയത്. സർക്കാർ പ്രതിനിധി ഹരികുമാറിന് ഹിയറിങ് നടത്തി. ഹിയറിങ് വേളയിൽ ഹരികുമാർ ഈ വാദങ്ങളാണ് ഉന്നയിച്ചത്.
1)തനിക്കെതിരെ നടത്തിയ അന്വേഷണത്തിൽ കുറ്റാരോപണ മെമോയിലുള്ള ആരോപണങ്ങൾ തെളിഞ്ഞിട്ടില്ല.
2)വാഹനമോഷ്ടാവായ ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഒരുവർഷമായി അയാളുടെ പ്രവർത്തിയിൽ അസ്വാഭാവികതയില്ലെന്ന് ബോദ്ധ്യപ്പെട്ടു. മറ്റ് സ്റ്റേഷനുകളിൽ അന്വേഷിച്ചു. ഉണ്ണിയെ അവർക്ക് ആവശ്യമില്ലെന്ന് അറിഞ്ഞശേഷമാണ് മോചിപ്പിച്ചത്.
3)കസ്റ്റഡിയിലെടുത്തയാളുടെ ബന്ധുക്കൾ ബാങ്കിൽ നിന്ന് പണമെടുത്തതിന് തന്നെ സംശയിക്കുന്നത് നീതി നിഷേധമാണ്.
4) ഉണ്ണിയെ കസ്റ്റഡിയിലെടുത്തത് മേലധികാരിയെ നേരിൽകണ്ട് പറഞ്ഞിരുന്നു. എല്ലാ സിഐമാരെയും അറിയിച്ചിരുന്നു. പൊലീസ് എൻക്വയറീസ് പണിഷ്മെന്റ് ആൻഡ് അപ്പീൽ ചട്ടപ്രകാരം ഈ വാദങ്ങൾ പരിശോധിച്ചു. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഹരികുമാറിനെതിരായ ആരോപണം ശരിയാണെന്ന് കണ്ടെത്തി.
എല്ലാ സിഐമാരോടും ചോദിച്ച ശേഷമാണ് ഉണ്ണിയെ വിട്ടയച്ചെന്നാണ് ഹരികുമാറിന്റെ വാദമെങ്കിലും, വിട്ടയച്ച് ആറാം നാൾ പൂജപ്പുര പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്തു. ഇതിൽ നിന്ന് തിരുവനന്തപുരം സിറ്റിയിലെ സ്റ്റേഷനുകളിൽ ഉണ്ണിയെക്കുറിച്ച് ഹരികുമാർ അന്വേഷിച്ചിരുന്നില്ലെന്ന് തെളിഞ്ഞതായി ആഭ്യന്തരവകുപ്പ് വിലയിരുത്തി. ഉണ്ണിയെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ ഒരുതരം അന്വേഷണവും നടത്തിയില്ല. ലോംഗ് പെൻഡിങ് വാറണ്ടുകൾ ഉണ്ടായിട്ടും ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് അന്വേഷിച്ചത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചെന്ന് വാദവും തെറ്റാണെന്നും കണ്ടെത്തി.
നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായതും ജയിൽശിക്ഷ അനുഭവിച്ചതുമായ ഉണ്ണികൃഷ്ണനെക്കുറിച്ച് അറിയാവുന്ന ഹരികുമാർ വിശദമായി ചോദ്യംചെയ്ത് മൊഴിയെടുക്കേണ്ടതായിരുന്നു. എല്ലാ സ്റ്റേഷനുകളിലും ബന്ധപ്പെട്ട് ഉണ്ണിക്കെതിരെ സമൻസോ വാറണ്ടോ നിലവിലുണ്ടോയെന്നും പുതിയ കേസുകളുണ്ടോയെന്നും ആധികാരികമായി അന്വേഷിച്ച് മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ പ്രതിയെ മോചിപ്പിക്കേണ്ടതായിരുന്നുള്ളൂ എന്നാണ് സർക്കാർ കണ്ടെത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന വി.സുരേഷ് കുമാർ, ദത്തൻ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്ത് പ്രതിയെ വിട്ടയച്ച് ഹരികുമാറിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് ഹരികുമാറിന്റെ റിവ്യൂഹർജി നിരസിച്ചത്.
മരിച്ചാലും കേസ് തീരില്ല
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഉറ്റതോഴനായായിരുന്ന ഹരികുമാറിനെ സനൽകുമാർ കൊലക്കേസിൽ പ്രതിയായതോടെ രാഷ്ട്രീയക്കാരെല്ലാം ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയ നേതൃത്വം കൈവിട്ടതോടെയാണ് ഹരികുമാർ ആത്മഹത്യയിൽ അഭയം തേടിയത്. ഹരികുമാർ മരിച്ചെങ്കിലും നെയ്യാറ്റിൻകര സനൽ കൊലക്കേസ് റദ്ദാക്കിയിട്ടില്ല. ഹരികുമാറിനെ ഒളിപ്പിക്കുകയും സഹായം ചെയ്തു കൊടുക്കുകയും ചെയ്ത മൂന്നുപേർ വിചാരണ നേരിടേണ്ടിവരും. ഡിവൈ.എസ്‌പിയുടെ സുഹൃത്ത് ബിനുവിനെ ക്രൈംബ്രാഞ്ച് രണ്ടാംപ്രതിയാക്കിയിട്ടുണ്ട്. നിലവിൽ കൊലക്കേസിലാണ് ബിനുവിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇയാളുടെ പങ്കാളിത്തം വ്യക്തമായ ശേഷം വകുപ്പുകൾ ചുമത്തും. ഹരികുമാറിനെ രക്ഷപ്പെടുവാൻ സഹായിച്ചതിനും അദ്ദേഹത്തിന്റെ കാർ തൃപ്പരപ്പിൽ നിന്നും കല്ലറയിലേക്ക് കൊണ്ടു പോകുകകയും ചെയ്തതിന് ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയെ പ്രതിചേർത്തിട്ടുണ്ട്. 323,201,212, 302(34) എന്നീ വകുപ്പുകളാണ് അനൂപിനെതിരേ ചുമത്തിയത്. ഡിവൈ.എസ്‌പിയെ ഒളിവിൽ കഴിയാൻ സഹായിച്ച അക്ഷയ ലോഡ്ജ് ഉടമ കന്യാകുമാരി തൃപ്പരപ്പ് കാർത്തിക വീട്ടിൽ സതീഷ് കുമാറിനെയും പ്രതിയാക്കി.
കേസെടുത്തിട്ടുള്ളതിനാൽ ഹരികുമാറിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേ മതിയാവൂ. ഇതിനൊപ്പം അദ്ദേഹം മരിച്ചതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രധാനപ്രതി മരിച്ചതിനാൽ അദ്ദേഹത്തിനെതിരേ തുടർനടപടി അസാദ്ധ്യമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. കൂട്ടുപ്രതികളായ മൂന്നുപേർക്കെതിരേ ഈ കുറ്റപത്രത്തിൽ കുറ്റം ചുമത്താം. അവർ വിചാരണ നേരിടേണ്ടിവരും.
ഹരികുമാറിനെ ഒറ്റപ്പെടുത്തി
ഒളിവിലായിരിക്കെ ജീവനൊടുക്കിയ ഡിവൈ.എസ്‌പി ബി.ഹരികുമാറിന് ഔദ്യോഗിക അന്തിമോപചാരം നൽകാത്തതിനെച്ചൊല്ലി പൊലീസിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. മൃതദേഹം മെഡിക്കൽകോളേജാശുപത്രിയിൽ നിന്ന് കല്ലമ്പലത്തെ വീട്ടിലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകിയില്ല. ആചാരവെടിയും ബാൻഡും അടക്കം ഔദ്യോഗിക വിടവാങ്ങൽ നൽകിയില്ല. നന്ദാവനം എ.ആർ ക്യാമ്പിലോ റൂറൽ ജില്ലാ പൊലീസ് ഓഫീസിലോ പൊതുദർശനത്തിനും അനുമതി നൽകിയില്ല. അദ്ദേഹം താമസിച്ചിരുന്ന വികാസ്ഭവനിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ മൃതദേഹം എത്തിക്കാനും അനുമതിയുണ്ടായില്ല. മന്ത്രിയായിരുന്ന മാത്യു.ടി.തോമസിന്റെ ഗൺമാൻ ജീവനൊടുക്കിയപ്പോൾ ഔദ്യോഗിക അന്തിമോപചാരം നൽകിയിരുന്നു.