കൊച്ചി: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവർണർ. അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടൽ വരുമ്പോൾ ചാൻസലർ സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങൾ നടക്കേണ്ടത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടപ്പോൾ താൻ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകൾക്കില്ലെന്നും ആക്ഷേപങ്ങൾക്ക് മറുപടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങൾ കണ്ടപ്പോൾ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാൽ ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പറയുന്നവർ പറയട്ടെയെന്നും ഗവർണർ പറഞ്ഞു. ചാൻസലർ പദവി നൽകിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താൻ എങ്ങനെ നിയമപരമായ കാര്യങ്ങൾ നിരവഹിക്കുമെന്നും ഗവർണർ ചോദിക്കുന്നു. അതിനാൽ തന്നെ ഈ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഗവർണറായ തന്റെ കരങ്ങൾ കൂട്ടിക്കെട്ടി. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. അത് പോലെയാണ് ഇതും. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളിൽ. മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി.

തന്നെ ആർക്കും വിമർശിക്കാം, താൻ സ്വയം വിമർശിക്കാറുണ്ട്. അക്കാദമിക വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ഇത് ശക്തി തെളിയിക്കാനുള്ള ഇടമല്ല. ഡീലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവർണർ ചോദിച്ചു.

'എന്നെ ആർക്കും വിമർശിക്കാം. ഞാൻ സ്വയം വിമർശനം നടത്താറുള്ളൊരാളാണ്. സംവാദങ്ങൾ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം,' ഗവർണർ പറഞ്ഞു. അസ്വാഭാവികമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം, ഡി ലിറ്റ് വിവാദത്തിൽ സർവകലാശാല ശിപാർശ ഗവർണർ അംഗീകരിച്ചതിന്റെ രേഖ പുത്തുവന്നിരുന്നു. നവംബർ 3ന് തന്നെ ഗവർണർ ഇക്കാര്യത്തിൽ അനുമതി നൽകിയിരുന്നതായി രേഖയിൽ പറയുന്നുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനായിരുന്നു ഗവർണറുടെ ശിപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. സാധാരണ നിലയിൽ ഓണററി ഡി ലിറ്റ് നൽകേണ്ടവരുടെ പേര് സിൻഡിക്കേറ്റ് യോഗത്തിൽ വി സിയാണ് വെക്കാറ്.

ചാൻസലർ ശിപാർശ ചെയ്‌തെങ്കിൽ അതും പറയാം. സിൻഡിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശിപാർശ സർക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞിരുന്നു. ഇതിനിടയിൽ ഡി ലിറ്റുമായി ബന്ധപ്പെട്ട് സർക്കാറും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് വിവാദത്തിൽ ഇപ്പോൾ നടക്കുന്നത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നത്.