- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത സ്വത്തു സമ്പാദന കേസിൽ പ്രതികൂല വിധി പ്രതീക്ഷിക്കുന്ന ശശികലയെ ഇപ്പോൾ മുഖ്യമന്ത്രിയാക്കാനാവില്ലെന്നു ഗവർണർ; കാവൽ മുഖ്യമന്ത്രിയായി പനീർശെൽവം തുടരട്ടേയെന്നും കേന്ദ്രത്തിനു നല്കിയ റിപ്പോർട്ടിൽ നിർദ്ദേശം; എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി ആശങ്കയും; തമിഴ്‌നാട്ടിൽ തൽസ്ഥിതി തുടരും
ചെന്നൈ: ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങൾക്കു തിരിച്ചടിയായി ഗവർണർ സി. വിദ്യാസാഗർ റാവു കേന്ദ്രത്തിനു റിപ്പോർട്ട് നല്കി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതിയിൽനിന്ന് പ്രതികൂല വിധി പ്രതീക്ഷിക്കുന്ന ശശികലയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കുന്നതിൽ സംശയം പ്രകടിപ്പിച്ചാണ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നല്കിയിരിക്കുന്നത്. ഒ. പനീർശെൽവം കാവൽ മുഖ്യമന്ത്രിയായി തുടരട്ടേയെന്നും ഗവർണർ നിർദ്ദേശിക്കുന്നു. ചില എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി ആശങ്കയുണ്ടെന്നും സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നുമുള്ള ഗുരുതര പരാമർശവും ഗവർണറുടെ റിപ്പോർട്ടിലുണ്ട്. ശശികലയെ മുഖ്യമന്ത്രായാക്കാനാവില്ലെന്ന വ്യക്തമായ സൂചനയാണ് ഗവർണർ നല്കിയിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധിയെത്തുർന്ന് ഭരണപ്രതിസന്ധി നേരിടുന്ന തമിഴ്‌നാട്ടിൽ നിലവിലെ സാഹചര്യം തുടരുന്നതാണ് നല്ലതെന്നുള്ള നിർദ്ദേശമാണ് ഗവർണർ കേന്ദ്രത്തിനു നല്കിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് തമിഴ്‌നാട്ടിൽ നിലനിൽക്കു
ചെന്നൈ: ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങൾക്കു തിരിച്ചടിയായി ഗവർണർ സി. വിദ്യാസാഗർ റാവു കേന്ദ്രത്തിനു റിപ്പോർട്ട് നല്കി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതിയിൽനിന്ന് പ്രതികൂല വിധി പ്രതീക്ഷിക്കുന്ന ശശികലയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കുന്നതിൽ സംശയം പ്രകടിപ്പിച്ചാണ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നല്കിയിരിക്കുന്നത്. ഒ. പനീർശെൽവം കാവൽ മുഖ്യമന്ത്രിയായി തുടരട്ടേയെന്നും ഗവർണർ നിർദ്ദേശിക്കുന്നു. ചില എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി ആശങ്കയുണ്ടെന്നും സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നുമുള്ള ഗുരുതര പരാമർശവും ഗവർണറുടെ റിപ്പോർട്ടിലുണ്ട്. ശശികലയെ മുഖ്യമന്ത്രായാക്കാനാവില്ലെന്ന വ്യക്തമായ സൂചനയാണ് ഗവർണർ നല്കിയിരിക്കുന്നത്.
രാഷ്ട്രീയ പ്രതിസന്ധിയെത്തുർന്ന് ഭരണപ്രതിസന്ധി നേരിടുന്ന തമിഴ്‌നാട്ടിൽ നിലവിലെ സാഹചര്യം തുടരുന്നതാണ് നല്ലതെന്നുള്ള നിർദ്ദേശമാണ് ഗവർണർ കേന്ദ്രത്തിനു നല്കിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് തമിഴ്‌നാട്ടിൽ നിലനിൽക്കുന്നത്. ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ കൃത്രിമത്വമുണ്ടെന്നും ഗവർണർ റിപ്പോർട്ടിൽ പറയുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള പ്രമേയത്തിൽ തന്നെ നിർബന്ധിച്ചു ഒപ്പീടിക്കുകയായിരുന്നുവെന്ന് ഒ. പനീർശെൽവം അറിയിച്ചിട്ടുണ്ട്. രാജി പിൻവലിച്ച് തന്നെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശശികലയ്ക്ക് ആറു മാസത്തിനകം എംഎൽഎ ആകാനാകുമെന്ന് ഉറപ്പില്ല.
താൻ ഒരു പക്ഷവും പിടിക്കുന്നില്ലെന്നും ഗവർണർ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഭരണഘടനാപരമായ കാര്യങ്ങളും നിയമോപദേശവും പരിഗണിച്ചാവും തന്റെ തുടർ നടപടികളെന്നും ഗവർണർ വിദ്യാസാഗർ റാവു കേന്ദ്രത്തെ അറിയിച്ചു. തമിഴ്‌നാട്ടിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഗവർണറുടെ റിപ്പോർട്ട് പുറത്തായത്.
മന്ത്രിമാരും എംഎൽഎമാരും ഒളിവിൽ കഴിയുന്ന തമിഴ്‌നാട്ടിൽ ഗുരുതര ഭരണപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ചേർന്നാണ് ഭരണവും ക്രമസമാധാന പാലനവും നിർവഹിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സേനയെ വിളിക്കാൻ കാവൽ മുഖ്യമന്ത്രി പനീർശെൽവത്തിന് ഗവർണർ നിർദ്ദേശം നല്കി.
ഗവർണർ കേന്ദ്രത്തിനു നല്കിയ റിപ്പോർട്ടു പ്രകാരം തമിഴ്‌നാട്ടിൽ ഉടൻ സർക്കാർ രൂപീകൃതമാകില്ല. രാഷ്ട്രപതിഭരണം അടക്കമുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽനിന്നു വിധി വന്നേക്കും. വിധി പ്രതികൂലമാകുമെന്നാണ് പനീർശെൽവത്തെ അനുകൂലിക്കുന്ന ഗവർണർ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് തീരുമാനം എടുക്കുന്നത് എളുപ്പമാകും.
സമ്മർദ്ദത്തെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്ന് കഴിഞ്ഞ ദിവസം പനീർസെൽവം ഗവർണറെ അറിയിച്ചിരുന്നു. പിന്നാലെ 130 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ശശികലയും കൈമാറി. ഇതിനു പിന്നാലെയാണ് ഗവർണർ ഇന്ന് കേന്ദ്രത്തിനു റിപ്പോർട്ട് നല്കിയിരിക്കുന്നത്. അനുനിമിഷം മാറി മറിയുന്ന തമിഴ്‌നാട് രാഷ്ട്രീയം കേന്ദ്രസർക്കാർ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

അധികാരം പിടിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ റിസോർട്ടുകളിൽ ഒളിപ്പിച്ചിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തർ അടക്കം അകത്തേക്കു പ്രവേശിക്കാതിരിക്കാൻ ഗുണ്ടകളുടെ കാവലും റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എംഎൽഎമാർ താമസിക്കുന്ന റിസോർട്ടുകൾക്ക് മുമ്പിൽ വലിയ മാദ്ധ്യമ പടയാണ് തമ്പടിച്ചിരിക്കുന്നത്. എന്നാൽ ആരേയും റിസോർട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. പാർട്ടി പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് റിസോർട്ട്.
എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ എംഎൽമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തി.
ശശികലയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് പനീർശെൽവം
ഇതിനിടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്‌ക്കെതിരെ വിമർശനവുമായി കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം വീണ്ടും രംഗത്തെത്തി. പാർട്ടിയെ നിയന്ത്രിക്കാൻ ശശികലയെ ഒരിക്കലും അനുവദിക്കില്ലെന്ന് പനീർസെൽവം വ്യക്തമാക്കി. നല്ലത് ഉടൻ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഡിഎംകെയെ തകർക്കാൻ ആർക്കും സാധിക്കില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. ജയലളിത വളർത്തിയ പാർട്ടിയാണിത്. അണ്ണാ ഡിഎംകെ പ്രവർത്തകരുടെതാണ് പാർട്ടി. കുടുംബവാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികലയെ ജനം തള്ളിക്കളയും. ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പനീർസെൽവം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സ്റ്റാലിൻ ഗവർണറെ കണ്ടു

തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയത തുടരുന്നതിനിടെ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ ഗവർണർ വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിടുകയാണെന്നും ഗവർണർ ഇടപെട്ട് പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അണ്ണാ ഡിഎംകെ എംഎൽഎമാരെ ഒളിവിൽ താമസിപ്പിച്ചിരിക്കുന്ന സംഭവവും സ്റ്റാലിൻ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.
ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് കോൺഗ്രസ്
അതിനിടെ, തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇപ്പോൾ ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇപ്പോഴുള്ളത് അണ്ണാ ഡിഎംകെയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഇതിൽ ഭരണഘടനയനുസരിച്ച് ഗവർണർ നടപടിയെടുക്കുമെന്നും കോൺഗ്രസ് നേതാവ് വീരപ്പമൊയ്‌ലി പ്രതികരിച്ചു.



