ന്യൂഡൽഹി: പിന്നാവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ പരിഗണിക്കുന്നതിനിടെ രാജ്യസഭയിൽ ബിജെപി എംപിമാർ കൂട്ടത്തോടെ മുങ്ങിയതിനെ തുടർന്ന് കോൺഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സർക്കാരിന് തിരിച്ചടിയായി. മന്ത്രിമാർ ഉൾപ്പടെ 30 ഓളം എംപിമാർ കൂട്ടത്തോടെ സഭയിൽ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയതും.

സംഭവം ബിജെപിയെ വെട്ടിലാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമർഷം അറിയിച്ചതായാണ് റിപ്പോർട്ട്. അംഗങ്ങൾ ഹാജരാകാതിരുന്നത് മൂലം തിങ്കളാഴ്ച അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ഭേദഗതികളോടെ പാസ്സാക്കേണ്ടിവന്ന സംഭവത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം ചോദിച്ചു.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബിൽ. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ സർക്കാർ എതിർത്തു. ഈ ഘട്ടത്തിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങൾ കുറവായതിനാൽ ഭേദഗതികളോടെ ബിൽ പാസായത് സർക്കാരിന്  ക്ഷീണമായി. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബില്ലിനെ തത്വത്തിൽ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഭേദഗതി പാസായതോടെ ബിൽ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് അയക്കും.

പിന്നാക്ക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിക്ക് തുല്യമായ അധികാര പദവി നൽകുന്നതായിരുന്നു ബിൽ. എന്നാൽ, കമ്മീഷനിലെ എല്ലാം അംഗങ്ങളും ഒബിസി വിഭാഗത്തിൽ നിന്നായിരിക്കണമെന്നും അതിൽ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് പ്രതിപക്ഷമായ കോൺഗ്രസ് സ്വീകരിച്ചത്. അങ്ങനെ ചെയ്താൽ കമ്മീഷൻ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അതിനെ എതിർത്തു.

തുടർന്ന് നടന്ന വോട്ടെടുപ്പിൽ 74 വോട്ടുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. എൻഡിഎയ്ക്ക് 52 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജ്യസഭയിൽ എൻഡിഎയ്ക്ക് 86 അംഗങ്ങളും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 63 അംഗങ്ങളുമാണുള്ളത്. മറ്റു പാർട്ടുകൾകൂടി പിൻതുണച്ചതോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്.

അംഗങ്ങൾ ഹാജരാകാതിരുന്നതു മൂലം സർക്കാരിന് രാജ്യസഭയിൽ വലിയ തിരിച്ചടി നേരിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ അമിത് ഷാ എംപിമാരോട് വിശദീകരണം ചോദിക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാജ്യസഭയിൽ ഹാജരാകാതിരുന്ന എംപിമാരെ ഓരോരുത്തരെയും നേരിൽ കണ്ടാണ് വിശദീകരണം ചോദിക്കുക. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ താക്കീത് നൽകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സഭ ചേരുമ്പോൾ ആവശ്യത്തിന് ബിജെപി അംഗങ്ങൾ ഹാജരാകാത്തത് നേരത്തെയും വിമർശനത്തിനിടയാക്കിയിരുന്നു. ബിജെപി എംപിമാർ പാർലമെന്റിൽ കൃത്യമായി ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് നിർദ്ദേശിച്ചിരുന്നു. അന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു.