കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലും ക്‌ളിനിക്കുകളിലും വിദേശികൾക്ക് മരുന്നു സൗജന്യമായി നൽകുന്നതിനെതിരെ പാർലമെന്റിൽ കരടുനിർദ്ദേശം വന്ന പശ്ചാത്തലത്തിൽ ആശങ്കയൊഴിവാക്കാനാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

ഇൻഷുറൻസ് ആശുപത്രികളുടെയും ഇനീഷ്യൽ ഹെൽത്ത് കെയർ സെന്ററുകളുടെയും നിർമ്മാണം പൂർത്തിയാവുന്നത് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിന് മൂന്നുവർഷം വരെ എടുക്കുമെന്നാണ് കരുതുന്നത്.

ക്‌ളിനിക്കുകൾ ഒരു ദീനാറും ആശുപത്രികൾ രണ്ട് ദീനാറുമാണ് വിദേശികളിൽനിന്ന് നിലവിൽ പരിശോധന ഫീസ് ഈടാക്കുന്നത്. വിദേശികളിൽനിന്ന് മരുന്നിന് ഫീസ് ഏർപ്പെടുത്ത ണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗം സഫാഹ് അൽ ഹാഷിം കരട് പ്രമേയം സമർപ്പിച്ചതിനെ തുടർന്നാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്.

നിലവിൽ പ്രവേശന ഫീസായി വിദേശികൾ ക്‌ളിനിക്കുകളിൽ നൽകുന്ന ഒരു ദിനാറും ആശുപത്രികളിൽ നൽകുന്ന രണ്ടു ദിനാറും പരിശോധന ഫീസ് മാത്രമായി പരിഗണിക്ക ണമെന്നും അതിൽ മരുന്ന് ഉൾപ്പെടുത്തരുതെന്നുമാണ് സഫ അൽ ഹാഷിം എംപി സമർപ്പിച്ച കരടുനിർദേശത്തിലുള്ളത്്. ഇതിനെതിരെ ഡോക്ടർമാരിൽനിന്നും എംപിമാരിൽനിന്നും മറ്റും വ്യാപക എതിർപ്പാണ് ഉയർന്നത്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ലഭിക്കുന്ന ആനുകൂല്യത്തിന്റെ കാര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമടിയിൽ വ്യത്യാസം കൽപിക്കാൻ പാടില്ലെന്ന കരട് നിർദേശത്തെ വിമർശിച്ചു രംഗത്തുവന്ന എംപിമാർ പറഞ്ഞു. എംപിയുടെ നിർദ്ദേശം മനുഷ്യാവകാശ ലംഘനമാണെന്ന വിമർശവുമായി പ്രമുഖ ഡോക്ടർമാരും രംഗത്തെത്തി .

സൗജന്യ മരുന്ന് വിതരണം നിർത്തണമെന്ന നിർദേശത്തിനു പുറമെ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്തണമെന്ന നിർദേശവും കുവൈത്ത് പാർലിമെന്റിൽ ഏക വനിതാ അംഗമായ സഫാ അൽ ഹാഷിം മുന്നോട്ടു വെച്ചിരുന്നു