- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്വർണക്കടത്തിലും പാർട്ടി മയക്കുമരുന്ന് കേസിലും ഉൾപ്പെട്ടിരിക്കുകയാണ്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു പാർട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് സിപിഎമ്മുകാർ ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സ്വർണക്കടത്തിലും പാർട്ടി മയക്കുമരുന്ന് കേസിലും ഉൾപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ വഞ്ചിച്ച പാർട്ടി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇങ്ങനെയുള്ള പാർട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ട ആവശ്യം സിപിഎമ്മിന് ഉണ്ടോ എന്ന കാര്യം അവർ ആലോചിക്കണം. കേരളം ഭരിക്കുന്ന പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവിന്റെ കുടുംബത്തിൽപ്പെട്ട ആളുകൾ മയക്കുമരുന്ന കേസിൽ ഉൾപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ പൊതു സമൂഹത്തിനും രാഷട്രീയ പ്രവർത്തകർക്കും മുഴുവൻ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സർക്കാർ സ്വർണക്കടത്തിൽ പെടുന്നു, പാർട്ടി മയക്കുമരുന്ന് കേസിൽ പെടുന്നു. ഇതിനേക്കാൾ വലിയ അപചയം സംഭവിക്കാനില്ല. ഇത്രയം കാലം ജനങ്ങളെ വഞ്ചിച്ച പാർട്ടി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിയെ മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തിയതാണെന്നും മുരളീധരൻ പറഞ്ഞു.പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. സസ്പെൻഡ് ചെയ്ത ഒരാൾക്ക് അവധി കൊടുത്തത് എന്തിനാണ്. അത് സംരക്ഷിക്കാൻ ശ്രമിക്കൽ തന്നെയാണ്. ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി പറയുന്നതിന് മുൻപ് മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ക്ലിഫ് ഹൗസും എകെജി സെന്ററും മയക്കുമരുന്ന് കേസിനും കള്ളക്കടത്ത് കേസിനും കുടപിടിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. അത്യസാധാരണ സംഭവമാണിത്. എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുന്നു. പാർട്ടി നേതൃത്വം തെറ്റ് എറ്റ് പറഞ്ഞ് ജനങ്ങളോട് വിശദീകരണം നൽകണം. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം രാജിവെച്ച് മാപ്പ് മറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസ് പ്രതികളുമായി മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ നേരത്തേ ആരോപിച്ചിരുന്നു. ശിവശങ്കർ മാത്രമല്ല സ്വർണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർ കൂടി കള്ളക്കടത്ത് സംഘവുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സുപ്രധാനമായ തസ്തികകളിലിരിക്കുന്ന ഇവർ നിരവധി തവണ ടെലിഫോണിലൂടെയും അല്ലാതെയും ആശയ വിനിമയം നടത്തിയിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭയുടെ പ്രമുഖരായിട്ടുള്ള രണ്ട് അംഗങ്ങൾ സ്വപ്നയുമായിട്ടും കള്ളക്കടത്ത് സംഘവുമായിട്ടും ബന്ധം പുലർത്തിയിട്ടുണ്ട്. ആക്ഷേപം പറയുകയാണ് എന്നൊന്നും തന്റെ മേൽ ചാരാൻ വരേണ്ട.വളരെ ആധികാരികമായിട്ടാണ് ഇത് പറയുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ട്. താൻ ഉത്തരവാദിത്തത്തോടുകൂടിയാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കള്ളക്കടത്ത് സ്വർണം വിട്ടുകിട്ടാനായി വിളിച്ചിട്ടുണ്ടെന്ന് ശിവശങ്കർ അന്വേഷണ ഏജൻസികളോട് സ്ഥിരീകരിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നത് എന്ന ഒരുഘട്ടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കർ പറഞ്ഞിട്ടുണ്ട്. ഭീഷണി സ്വരത്തിലാണ് കസ്റ്റംസിനെ ശിവശങ്കർ വിളിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ശിവശങ്കർ വിളിച്ചത്. മുഖ്യമന്ത്രി ഇത് നിരാകരിച്ചാൽ അന്വേണ ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത് വേണ്ടി അദ്ദേഹത്തിന്റെ വിശദീകരണം എന്തെന്ന് അറിയാൻ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്