തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ സ്വജന പക്ഷപാതമെന്ന ആരോപണം ഉയർത്തുന്ന വിധത്തിൽ ചില നിയമനങ്ങൾ നടത്തുന്നുണ്ട്. നിരവധി സാധുക്കൾ സർക്കാർ സഹായത്തിനായി അപേക്ഷയും നൽകി കാത്തു നിൽക്കുമ്പോഴാണ് ചില അനർഹമായ സഹായങ്ങൾ മുഖ്യമന്ത്രി ചെയ്തു കൊടുക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലുണ്ടായ എപ്പിസോഡാണ് അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ ജോലി നൽകാനുള്ള തീരുമാനം. ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

ബിടെക്ക് പാസായ ആർ പ്രശാന്തിന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനും സർക്കാർ സഹായിക്കാൻ തീരുമാനമുണ്ട്. ഇതിന് വേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനാണ് തീരുമാനം. മരിച്ചു പോയ എംഎൽഎയുടെ കുടുംബത്തെ സഹായിക്കാൻ നിയമങ്ങളു ചട്ടങ്ങളും ഉണ്ടായേക്കാം. എന്നാൽ, അദ്ദേഹത്തിന്റെ മകന് സർക്കാർ ജോലി നൽകാൻ എങ്ങനെയാണ് സാധിക്കുക എന്നതാണ് ഇവിടെ ഉയരുന്ന പ്രധാനമായ ചോദ്യം.

ഒരു പക്ഷേ മക്കൾ രാഷ്ട്രീയത്തിന്റെ തുടർച്ചയായി ചെങ്ങന്നൂരിൽ പ്രശാന്തിന് സീറ്റ് നൽകിയാൽ അതിനെ അധികമാരും കുറ്റം പറഞ്ഞേക്കില്ല. എന്നാൽ അങ്ങനെയല്ല ഇവിടുത്തെ കാര്യം. നേരത്തെ ഒരു എംഎൽഎ പോലും അല്ലാതിരുന്നിട്ടും ഉഴവൂർ വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും എടുത്തു കൊടുത്തത്. ഇത് കൂടാതെ ഉഴവൂരിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും സർക്കാർ സഹായം നൽകി.

ഇങ്ങനെ വാരിക്കോരി സഹായം നൽകുമ്പോൾ പൊതുവേ ഉയരുന്ന ചോദ്യം എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായങ്ങൾ നൽകുന്നത് എന്നതാണ്. അല്ലെങ്കിൽ മരിച്ചു പോയെന്ന് കരുതി നേതാവിന്റെ മകന്് ഉദ്യോഗം നൽകാൻ സർക്കാർ ഖജനാവ് പിണറായി വിജയന്റെ തറവാട്ട് സ്വത്താണോ? ഇന്ന് രാമചന്ദ്രൻ നായർക്കും ഉഴവൂർ വിജയനും കൊടുത്ത ലക്ഷങ്ങൾ നാളെ ലോക്കൽ സെക്രട്ടറിമാർക്കും ബാധകമാകില്ല എന്നാരു കണ്ടു?

സർക്കാർ സർവീസിൽ ഇരുന്ന് ഒരാൾ മരിച്ചാൽ അയാളുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാൻ നിയമത്തിലെ വകുപ്പിൽ പറയുന്നുണ്ട്. എന്നാൽ ഈ നിയമനം കാലങ്ങളായി നടക്കാറില്ല. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ പലരും പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പണ്ടൊക്കെ നേതാക്കൾ മരിച്ചാൽ കുടുംബ സഹായ ഫണ്ട് പിരിച്ചാണ് സഹായിക്കാറുള്ളത്. രാമചന്ദ്രൻ നായരുടെ കാര്യത്തിലും അതു പോരേ എന്ന ചോദ്യം പ്രസ്‌ക്തമാണ്.

ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകിയത്. ഉഴവൂർ വിജയന്റെ ചികിത്സയ്ക്ക് കുടുംബത്തിന് ചെലവായ തുകയിലേക്ക് 5 ലക്ഷവും രണ്ട് പെൺമക്കളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി പത്ത് ലക്ഷം വീതവും ധനസഹായമാണ് സർക്കാർ അനുവദിച്ചത്. ഈ തീരുമാനത്തിനെതിരെ തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നെങ്കിലും പ്രതിപക്ഷം ചെറുവിരൽ പോലും അനക്കിയില്ല.

മുമ്പ് കോഴിക്കോട് മാൻഹോളിൽ വീണ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ച നൗഷാദ് എന്ന തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കുന്നതിൽ തെറ്റുണ്ടായിരുന്നില്ല. അവിടെ നൗഷാദ് എന്ന വ്യക്തി ചെയ്ത പ്രവൃത്തിയാണ് വിലയിരുത്തേണ്ടത്. എന്നാൽ, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു എന്ന കാരണം കൊണ്ട് മാത്രം അവരുടെ മക്കൾക്ക് വാരിക്കോരി സഹായം നൽകുന്നത് ശരിയല്ല. ഇപ്പോൾ നടക്കുന്ന സ്വജനപക്ഷപാതത്തെ കുറിച്ച് മിണ്ടാൻ വെള്ളാപ്പള്ളി നടേശന്മാരില്ലെന്നതും ഖേദകരമാണ്.

ഓഖി ദുരന്തത്തിൽ പെട്ടവർക്ക് 25 ലക്ഷം രൂപ കൊടുക്കുകയും സർക്കാർ ജോലി നൽകുകയും ചെയ്യുന്നു എന്നതിൽ ഔചിത്യക്കുറവുണ്ട്. ഇത് ഒരു സർക്കാർ ജോലിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന മറ്റ് സാധാരണക്കാരെ തളർത്തുന്ന വിധത്തിലാകും. ഒരു ദുരന്തത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരം കൊടുത്താൽ മറ്റുള്ളവർക്കും സമാന ആവശ്യം ഉയരുമെന്ന കാര്യം സർക്കാർ ഓർക്കേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി തെറ്റാണ്.