ന്യൂഡൽഹി: ബിഗ് ബില്യൺ ഡേ എന്ന് പേരിട്ട് ഈമാസം ആറിന് ഫ്‌ളിപ്കാർട്ട് നടത്തിയ ഷോപ്പിങ് മാമാങ്കത്തിനെതിരായ പരാതികൾ പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഓൺലൈൻ വ്യാപാരത്തിൽ വരുത്തേണ്ട വ്യക്തതയെക്കുറിച്ചും വിലയിരുത്തലുകളുണ്ടാകും.

ഷോപ്പിങ് മാമാങ്കത്തിൽ നിരവധി ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ വിറ്റഴിച്ചതായാണ് കമ്പനികളുടെ പരാതി. അത്തരം നീക്കങ്ങൾ മുഖ്യധാര വിപണിയിലെ വിൽപ്പനക്കാരെ ദോഷകരമായി ബാധിക്കുമെന്ന് കമ്പനികളും വ്യാപാരികളും പരാതിപ്പെട്ടു. ഓൺലൈൻ വ്യാപാരം വഴിയാണ് മേളയിൽ വിൽപ്പന നടന്നത്. പുതുതലമുറയുടെ ഈ വ്യാപാരത്തിൽ നയരൂപീകരണം വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.

ഒക്ടോബർ ആറിന് ഓൺലൈൻ വഴി നടന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ 15 ലക്ഷത്തിലേറെ പേർ വെബ്‌സൈറ്റ് സന്ദർശിച്ചതായാണ് കണക്കാക്കപ്പെടുന്നത്. പത്ത് മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായും ഫ്‌ളിപ്കാർട്ട് അവകാശപ്പെടുന്നു. ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിക്കണമെന്നും നിരീക്ഷണ വിധേയമാക്കണമെന്നും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് നേരത്തെ തന്നെ വാണിജ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

മേളയിൽ വൻ വിലക്കുറവ് അനുവദിച്ചതിനെ തുടർന്ന് പല മുൻനിര കമ്പനികളും ഫ്‌ളിപ്കാർട്ടുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ബിഗ് ബില്യൺ ഡേയിൽ ഉണ്ടായ പ്രയാസങ്ങളിൽ ഫ്‌ളിപ്കാർട്ട് മേധാവികൾ ഖേദം പ്രകടിപ്പിച്ചു. സച്ചിൻ ബൻസാൽ, ബിന്നി ബെൻസാൽ എന്നിവരുടെ പേരിൽ ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരമേളയിൽ ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ പിഴവുപറ്റിയെന്ന് ക്ഷമാപണമാണം നടത്തിയിരിക്കുകയാണ്.