ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ ബിൽ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിർത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ സഭയിൽ വാഗ്വാദവുമുണ്ടായി. ഒടുവിൽ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യൻ അറിയിക്കുകയായിരുന്നു

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പ്രമേയം അവതരിപ്പിച്ചതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്. കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.

പ്രതിപക്ഷ ബഹളത്തിനിടയിൽ രാജ്യസഭയിൽ മുത്തലാഖ് നിരോധനബിൽ അവതരിപ്പിച്ചു. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടത്തിയ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ മുത്തലാഖ് ബില്ലിനെ എതിർക്കാതിരുന്ന കോൺഗ്രസ് രാജ്യസഭയിൽ എത്തിയപ്പോൾ മലക്കം മറിഞ്ഞുവെന്ന് കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും രവിശങ്കർ പ്രസാദും ആരോപിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമോ എന്ന വിഷയത്തിൽ രാജ്യസഭ നാളെ തീരുമാനം എടുത്തേക്കും.

മഹാരാഷ്ട്രയിലെ മറാത്താ-ദലിത് കലാപം സംബന്ധിച്ച് ചർച്ച ആവശ്യപ്പെട്ട് ബിഎസ്‌പി അംഗങ്ങൾ ബഹളം വെയ്ക്കുന്നതിനിടയിലാണ് മുത്തലാഖ് ബിൽ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ ആവശ്യപ്പെട്ടത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പിജെ കുര്യൻ ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. മുത്തലാഖ് നിരോധനനിയമം ലോക്സഭ പാസാക്കിയതിന് ശേഷവും മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ലോക്സഭയിൽ മുത്തലാഖ് ബില്ലിനെ കോൺഗ്രസ് എതിർത്തില്ല. എന്നാൽ രാജ്യസഭയിൽ എതിർക്കുകയാണ്. ഇത് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

എന്നാൽ ബിൽ രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ ആനന്ദ് ശർമയും തൃണമൂൽ കോൺഗ്രസിലെ സുകേന്ദു ശേഖർ റോയും പ്രമേയം അവതരിപ്പിച്ചു. സെലക്ട് കമ്മറ്റിയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടികയും ആനന്ദ് ശർമ പ്രമേയത്തിൽ വ്യക്തമാക്കി. എന്നാൽ രണ്ട് പ്രമേയങ്ങളും നിലനിൽക്കില്ലെന്ന് സഭാ നേതാവ് അരുൺ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. മുത്തലാഖ് ആറുമാസത്തേക്കാണ് സുപ്രിം കോടതി നിരോധിച്ചതെന്നും അതിനാൽ നിയമം എത്രയും വേഗം പാസാക്കണമെന്നും ജെയ്റ്റ്ലി വാദിച്ചു.

ഇതേത്തുടർന്ന് പ്രമേയം വോട്ടിനിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ പ്രമേയം വോട്ടിനിടാൻ ആകില്ലെന്ന നിലപാടിൽ ട്രെഷറി ബെഞ്ചും ഉറച്ച് നിന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, സ്മൃതി ഇറാനി, നിർമല സീതാരാമൻ എന്നിവർ പോലും പ്രമേയം വോട്ടിനിടുന്നതിന് എതിരെ സഭയിൽ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. ബഹളം നിയന്ത്രണാതീതം ആയതോടെ ഡെപ്യുട്ടി ചെയർമാൻ രാജ്യസഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

നാളെ വീണ്ടും മുത്തലാഖ് ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമോ എന്ന വിഷയത്തിൽ രാജ്യസഭ നാളെ തീരുമാനം എടുത്തേക്കും എന്നാണ് സൂചന.