ന്യൂഡൽഹി: വിശ്വാസങ്ങളെ ചൂഷണം ചെയ്ത് തീവ്രവാദം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. നടപടിയുടെ തുടക്കമെന്ന നിലയിൽ 40ഓളം സൈറ്റുകളാണ് ഇത്തരത്തിൽ മരവിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന സൈറ്റുകൾ മുതൽ സോഷ്യൽ മീഡിയകളിലെ പോസ്റ്റുകൾവരെ നീക്കം ചെയ്യാനാണ് സർക്കാർ തീരുമാനം.

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ അടക്കമുള്ളവരെ ആളുകളെ അടുപ്പിക്കാൻ വെബ് സൈറ്റുകളെ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഐസിസ് അതിർത്തികളിൽ പിടിമുറുക്കാൻ ശ്രമിക്കുന്നു എന്ന സൂചനകളുമുണ്ട്. കാശ്മീരിൽനിന്നുള്ള യുവാക്കളടക്കം നിരവധിപ്പേർ ഇത്തരം സംഘടനകളിൽ ചേരുന്നതായും ഇന്റർനെറ്റിലൂടെയുള്ള പ്രചരണങ്ങൾ യുവാക്കളെ ഇതിനായി പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഐ.ടി ആക്ട് 2009 പ്രകാരം നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തീവ്രവാദ വിരുദ്ധ ഏജൻസി നിർദ്ദേശിച്ച വെബ് സൈറ്റുകളാണ് നിരോധിക്കുന്നത്. വിഡിയോ സൈറ്റുകളും ഇതിൽപ്പെടുന്നു.

ന്യൂനപക്ഷ സമുദായത്തെ ഉത്തേജിപ്പിച്ച് തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്ന സൈറ്റുകളാണ് നിരോധിച്ചത്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളും പേജുകളും നിരോധിക്കാനും തീരുമാനം ഉണ്ട്. ഇൻർനെറ്റ് സർവ്വീസ് ദാതാക്കളോട് ഇതിനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ നിർദ്ദേശം പൂർണ്ണമായും നടപ്പായിട്ടില്ല. ചില സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നാണ് സർവ്വീസ് പ്രൊവൈഡേഴ്‌സിന്റെ നിലപാട്. സുരക്ഷിത മാർഗ്ഗങ്ങളിലൂടെയാണ് ചില സൈറ്റുകൾ അപ് ലോഡ് ചെയ്യുന്നത്. അത് ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നാണ് വാദം. ഇക്കാര്യത്തെ കുറിച്ച് ടെലികോം വകുപ്പിനും ബോധ്യമുണ്ട്.

മ്യാന്മ്യാറിൽ നടത്തി സൈനിക നീക്കവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നീക്കം. ഭീകര ക്യാമ്പിനെ ആക്രമിച്ച ഇന്ത്യൻ സൈന്യത്തിനെതിരെ ന്യൂനപക്ഷ വികാരം ആളിക്കത്തിക്കാൻ ശ്രമം നടന്നു. ഈ പോസ്റ്റുകളും വിഡിയോയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ശ്രദ്ധയിൽ്‌പ്പെട്ടു. തുടർന്നാണ് നിരോധന ഉത്തരവ് വന്നത്. ഡിസംബറിലും 32 വെബ് സൈറ്റുകൾ സർക്കാർ നിരോധിച്ചിരുന്നു. ഇത്തരം സൈറ്റുകളുടെ പ്രവർത്തനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്.നിരോധിച്ചാലും പുതിയ പേരിൽ വീണ്ടും സമാന സെറ്റുകൾ വീണ്ടുമെത്തും.

ഇതാണ് സമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ തടയിടാൻ സർക്കാരിന് പ്രധാനമായും തടസ്സം നിൽക്കുന്നത്. നിരീക്ഷണത്തിലൂടെ പുതിയ സൈറ്റുകളെ കണ്ടെത്താനും നടപടിയെടുക്കാനുമാണ് സർക്കാർ നീക്കം.