- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ ചക്രവാതച്ചുഴി തുടരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിനും സാധ്യത; സംസ്ഥാനത്ത് മഴ തുടരും; മലയോര മേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം; എൻഡിആർഎഫിന്റെ ആറ് സംഘം സജ്ജം; ആളുകളെ മാറ്റിപ്പാർപ്പിക്കും
തിരുവനന്തപുരം: മധ്യ - കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരാൻ സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചു. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം. എല്ലാ ജില്ലകൾക്കും കൃത്യമായ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും അമിതമായ ഒരു ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാൻ സജ്ജമായ തരത്തിൽ വിവിധങ്ങളായ വകുപ്പും ഏജൻസികളും തമ്മിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും മന്ത്രി ജില്ല കല്കടറുമാരുമായി നടത്തിയ ചർച്ചക്ക് ശേഷം പറഞ്ഞു.
അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദ്ദേശവും വിവിധ ജില്ലകളിലെ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ ഡിജിപി അനിൽകാന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ജെസിബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ചാലക്കുടി പുഴയിൽ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകൾ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 5 സെന്റീ മീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുർമ്മാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഒക്ടോബർ 13: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഒക്ടോബർ 14: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബർ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ഒക്ടോബർ 13: ആലപ്പുഴ, കോട്ടയം.
ഒക്ടോബർ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്.
ഒക്ടോബർ 15: കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ്.
ഒക്ടോബർ 16: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ