ഡെബിറ്റ്/ ക്രഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ ഇന്ത്യയിൽ പൊതുവേ കുറവാണ്. ലക്ഷങ്ങൾ ആയാൽ പോലും പണം ക്യാഷ് ആയി തന്നെ ബാങ്കിൽ നിന്നും എടുത്ത് കൈമാറാനാണ് ഇന്ത്യക്കാർക്ക് താല്പര്യം. എന്നാൽ കുറച്ച് മാസങ്ങൾക്കം തന്നെ ഇത്തരത്തിലുള്ള പണമിടപാടുകൾക്ക് കടിഞ്ഞാണിടാനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു.

രാജ്യത്ത് പേപ്പർ കറൻസിയുടെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് മണിയെന്നറിയപ്പെടുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായുള്ള കരട് നിർദേശങ്ങൾ ധനമന്ത്രാലയം തയ്യാറാക്കിയിരിക്കുകയാണ്. കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്ന ആൾക്കാർക്ക് ആദായ നികുതി ഇളവുകൾ നല്കിയാണ് കേന്ദ്രസർക്കാർ പ്ലാസ്റ്റിക്ക് മണിയുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നത്. ഒരാളുടെ ഇടപാടുകളിൽ നിശ്ചിത ശതമാനം ഇലക്ട്രോണിക് രീതിയിൽ കൈമാറുന്നവർക്കാണ് നികുതിയിളവ് ലഭ്യമാകുക. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ നിർബന്ധമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

കാർഡുകൾ സ്വീകരിച്ച് പണമിടപാടുകൾ നടത്തുന്ന വ്യാപാരികൾക്കും ടാക്‌സ് റിബേറ്റ് ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വാറ്റടക്കമുള്ള നികുതികളിൽ ഇവർക്ക് ഇളവ് നൽകും. കാർഡ് ഇടപാടുകൾക്കുള്ള ഫീസ് ഏകീകരിക്കുക തുടങ്ങിയവയാണ് കരട് രേഖയിലെ മറ്റൊരു പ്രധാന നിർദ്ദേശം. കാർഡ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വകുപ്പുകളോടും ധനമന്ത്രാലയും ആവശ്യപ്പെടും. ഫീസുകളും മറ്റും സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന്റെ ഇപെയ്‌മെന്റ് ഗേറ്റ്‌വേ ആയ 'പേഗവ് ഇന്ത്യ' ഉപയോഗപ്പെടുത്താനാണ് നിർദ്ദേശം.

കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനും കള്ളനോട്ടുകൾ തടയാനും ഒക്കെ കാർഡുപയോഗം വർധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.. കാർഡുകളുപയോഗിച്ച് പെട്രോൾ, ഗ്യാസ്, തീവണ്ടിടിക്കറ്റ് തുടങ്ങിയവ വാങ്ങുമ്പോൾ ഈടാക്കുന്ന വിനിമയച്ചാർജും ഒഴിവാക്കാനും കരട് നിർദേശമുണ്ട്. കരട് നിർദേശങ്ങൾ മന്ത്രാലയം മൈ ഗോവ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂൺ 29വരെ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

വിദേശ രാജ്യങ്ങളിൽ ഇതിനോടകം തന്നെ പ്ലാസ്റ്റിക് മണിയാണ് കറൻസിയെക്കാളും പ്രചാരത്തിലുള്ളത്. ബാങ്കിൽ കാർഡ് മാത്രമാണ് നൽകുന്നത്. ഒരു ചായയോ സ്‌നാക്‌സോ കഴിച്ചാൽ പോലും റെസ്റ്ററെന്റുകളും കാർഡ് ആണ് എല്ലാവരും നൽകുന്നത്. പണം നഷ്ടമാകൽ, പോക്കറ്റടി എന്നിയെ ഭയക്കാതെ ഇഷ്ടം പോലെ പർചേസ് ചെയ്യാമെന്നതാണ് കാർഡ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു മേന്മ.