ന്യൂഡൽഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ നൽകണമെന്നാണു സർക്കാർ നിലപാടെന്നു മന്ത്രി എ കെ ബാലൻ. വധശിക്ഷയ്ക്കായി ഏതറ്റം വരെയും സർക്കാർ പോകുമെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെ നിലപാടുകളുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ഗോവിന്ദച്ചാമിക്കു മേൽ കൊലക്കുറ്റം ചുമത്തണം. ഇതിനായാണു തിരുത്തൽ ഹർജിയെന്നും എ കെ ബാലൻ പറഞ്ഞു.

അതിനിടെ, ക്രൂരമായ കൊലപാതകം ചെയ്തയാൾക്കു വധശിക്ഷ നൽകണമെന്ന പൊതുജനങ്ങളുടെ പ്രതികരണം സ്വാഭാവികം മാത്രമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു. നേരത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വധശിക്ഷയെ എതിർക്കുന്നുവെന്നു വ്യക്തമാക്കിയിരുന്നു.

വധശിക്ഷ വേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എം.എ. ബേബിയും വി എസ്. അച്യുതാനന്ദനും. കൊലക്കുറ്റം ചുമത്തണം. ഇതിനായാണ് തിരുത്തൽ ഹർജി നൽകേണ്ടതെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും ബേബി പറഞ്ഞു. നീചപ്രവർത്തികൾ ഉണ്ടായാൽ ജനം സ്വാഭാവികമായും പ്രതിഷേധിക്കുമെന്നു വി എസ് പറഞ്ഞു.

വധശിക്ഷയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ നിലപാടുകളുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നു എ കെ ബാലൻ പറഞ്ഞു. സാഹചര്യം കൂടി നോക്കണം. രാജ്യത്തു കിട്ടാവുന്ന ഏത് നല്ല നിയമോപദേശവും വാങ്ങുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി. നൂറുതവണ വധശിക്ഷ നൽകണമെന്നാണ് എൽഡിഎഫ് നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവ് നിർഭാഗ്യകരമാണ്. സൗമ്യക്കേസിൽ നിയമോപദേശം നൽകാമെന്ന ജസ്റ്റിസ് കട്ജുവിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ടകാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും എജിയുമായും ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

സൗമ്യവധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി മാനഭംഗത്തിനുള്ള ജീവപര്യന്തം തടവു നിലനിർത്തിയിരുന്നു. കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടു കേരളം പുനഃപരിശോധന ഹർജി നൽകുമെന്ന് അറിയിച്ചിരുന്നു.