വേങ്ങര: താരസംഘടനയായ അമ്മയെ പൊളിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും നടനും എംഎ‍ൽഎയുമായ മുകേഷ്. അമ്മയെ പൊളിക്കാൻ ഇടത് വിരുദ്ധർ ശ്രമിക്കുന്നതായും മുകേഷ് പറഞ്ഞു. എന്നാൽ, അവർ ആരൊക്കെയെന്ന് പ്രതികരിക്കാൻ മുകേഷ് തയ്യാറായില്ല. വേങ്ങരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു മുകേഷ്.

കലാ-സാംസ്‌കാരിക-മേഖലയുമായി ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ കഴിയൂ. ഇവിടങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാൻ ഒരു ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. ഇടത് വിരുദ്ധർ എന്ത് പ്രവർത്തനം നടത്തിയാലും അമ്മ പിളരില്ല. സർക്കാർ അമ്മയോട് ഒപ്പമാണെന്നും മുകേഷ് പറയാതെ പറഞ്ഞു. എന്നാൽ അമ്മയെ പൊളിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധർ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറഞ്ഞില്ല.

ഇടത് വിരുദ്ധർ എന്ത് പ്രവർത്തനം നടത്തിയാലും അമ്മയെ പിളർത്താൻ കഴിയില്ല. ദിലീപുമായി ബന്ധപ്പെട്ട് വിഷയത്തിൽ അമ്മ സംഘടനയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് മുകേഷ് വേങ്ങരയിൽ ഇങ്ങനെ പ്രതികരിച്ചത്.