- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രേയംസും ബ്രിട്ടാസും വഴങ്ങിയാൽ ദേശീയ ഗെയിംസ് നേരെയാകുമോ? പരസ്യം നൽകി മാദ്ധ്യമങ്ങളെ നിശബ്ദമാക്കാൻ മുതലാളിമാരുമായി ടെലികോൺഫറൻസ്; മനോരമയ്ക്ക് നൽകിയത് എല്ലാവർക്കും കിട്ടുമെന്നും ഉറപ്പ്
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി എങ്ങനേയും മുന്നോട്ട് പോകണമെന്നാണ് ഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിലപാട്. പത്രങ്ങളും ചാനലുകളും ഉയർത്തുന്നത് പോലുള്ള വിവാദമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇവർ പറയുന്നത്. കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എല്ലാ അർത്ഥത്തിലും കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനുമായി.
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി എങ്ങനേയും മുന്നോട്ട് പോകണമെന്നാണ് ഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിലപാട്. പത്രങ്ങളും ചാനലുകളും ഉയർത്തുന്നത് പോലുള്ള വിവാദമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇവർ പറയുന്നത്. കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എല്ലാ അർത്ഥത്തിലും കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനുമായി. മനോരമയ്ക്ക് പത്ത് കോടി നൽകിയതിന്റെ ദേഷ്യമാണ് മറ്റ് മാദ്ധ്യങ്ങൾ കാണിക്കുന്നത്. അവർക്കും വല്ലതും കൊടുത്താൽ എല്ലാം അവസാനിക്കും. ഉദ്ഘാടനസമാപന ചടങ്ങുകൾ ഗംഭീരമാക്കി കൈയടി നേടാമെന്നൊക്കെയാണ് ഉറപ്പ്. പിന്നെ കേരളമെങ്ങാനും ഗെയിംസിൽ ഒന്നാമത് എത്തിയാൽ എല്ലാം ഗംഭീരവുമാകും. അതായത് മാദ്ധ്യമങ്ങളുടർത്തുന്ന വിമർശനം അവസാനിച്ചാൽ എല്ലാം ഉജ്ജ്വലമാകുമെന്നാണ് പക്ഷം.
ഇതിനുള്ള പരിഹാരമാർഗ്ഗം ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതർ വളരെ നേരത്തെ തയ്യാറാക്കി കായിക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലാ ചാനലുകൾക്കും പത്രങ്ങൾക്കും പത്ത് കോടി രൂപ നൽകാനായില്ലെങ്കിലും പരമാവധി പണം പരസ്യമായി കൊടുക്കുക. സർക്കാരിന് അനുവദിക്കാവുന്ന അത്രയും പരസ്യം ഉടൻ റിലീസ് ചെയ്യുക എന്നതായിരുന്നു ആ തന്ത്രം. അത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു. ഇതോടെ മാദ്ധ്യമ മുതലാളിമാരെ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു. മാതൃഭൂമി ഡയറക്ടർ എംവിശ്രേയംസ് കുമാർ, കേരള കൗമുദിയിലെ ദീപു രവി, കൈരളിയിലെ ജോൺ ബ്രിട്ടാസ് എന്നിവരുമായി ടെലി കോൺഫറൻസിങ്ങ്. ബാക്കി ചാനലിലേയും പത്രത്തിലേയും ആളുകളെ വിളിച്ചു വരുത്തി നേരിട്ട് സഹായ അഭ്യർത്ഥനയും നടത്തി. മുഖ്യമന്ത്രിയുടെ നീക്കം ദിവസങ്ങൾക്കുള്ളിൽ ഫലം കാണുമെന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ പ്രതീക്ഷ.
പരസ്യം നൽകി മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് മാദ്ധ്യമ പ്രതിനിധികളുടെ യോഗവും ടെലി കോൺഫറൻസും. പിഅർഡിയുടെ സഹകരണത്തോടെ പത്രങ്ങൾക്കും ചാനലുകൾക്കും പരമാവധി പരസ്യം നൽകും. ഗ്രാന്റ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ തുക അതിനായി വിനിയോഗിക്കുമെന്നാണ് സൂചന. എല്ലാ മന്ത്രിമാരോടും അവരവരുടെ വകുപ്പിൽ നിന്ന് പരമാവധി തുക വിനിയോഗിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമേ ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും പരസ്യമെത്തും.
ടെലി കോൺഫറൻസിൽ ദേശീയ ഗെയിംസുമായി സഹകരിക്കാമെന്ന് ശ്രേയംസും ദീപു രവിയും ജോൺ ബ്രിട്ടാസും ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങൾക്കുള്ളിൽ എല്ലാ വാർത്തയും അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രിയോട് എല്ലാം സമ്മതിച്ചെങ്കിലും അത്ര പെട്ടെന്ന് വാർത്തകൾ ഒഴിവാക്കാൻ ആർക്കും ആവത്തില്ല. വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായി അതു മാറും. അതുകൊണ്ട് തന്നെ ജനുവരി 15വരെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നത് തുടരും. അന്ന് കേരളം ദേശീയ ഗെയിംസിന് സജ്ജമാണെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയാൽ പിന്നെ വിവാദങ്ങൾ അവസാനിപ്പിക്കും. കേരളത്തിലെ കായികതാരങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കം. പക്ഷേ ഇന്ത്യൻ ഒളിമ്പിക്‌സ് ആസോസിയേഷന്റെ തീരുമാനം എന്താകുമെന്ന് ആർക്കും അറിയില്ല. ഇതിനെ എപ്രകാരവും സ്വാധീനിച്ചേ മതിയാകൂ എന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വാദം.
അതിനുള്ള കരുക്കളും നീക്കുന്നുണ്ട്. ഇതിനിടെയാണ് ദേശീയ ഗെയിംസ് മാറ്റിവയ്ക്കണമെന്ന ആവശ്യവും സജീവമാകുന്നത്. നിലവാരമില്ലാത്ത സ്‌റ്റേഡിയങ്ങളുയർത്തി പ്രമുഖ താരങ്ങൾ തന്നെയാണ് ഈ നീക്കം സജീവമാക്കുന്നത്. ഇതും മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഉണ്ട്. എല്ലാ വശങ്ങളും നോക്കി ഉടൻ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാദ്ധ്യമ മുതലാളിമാരുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നുമുണ്ട്. ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് അറുതി വന്നാൽ എല്ലാം ശുഭകരമായി നടക്കട്ടേ എന്നാണ് മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത്. കെപിസിസിയും പ്രശ്‌നത്തിലിടപെട്ടതോടെ മുഖ്യമന്ത്രി നേരിട്ട് ദേശീയ ഗെയിംസ് സംഘാടനം ഏറ്റെടുക്കും. സായ് ഡയറക്ടർ സ്ഥാനം രാജിവച്ച് കേരളത്തിലെത്തിയ ജിജി തോംസണിന്റെ സേവനം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
ഏഴ് ജില്ലകളിലായി നടന്നു വരുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം തെറ്റാണെന്നും ഔദ്യോഗിക വിശദീകരണമുണ്ട്. പുതിയ സ്‌റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, മറ്റു കളിയിടങ്ങൾ അവസാന മിനുക്ക് പണിയിലാണ്. പുതിയ റോഡുകളും പാലങ്ങളും ഗെയിംസിന്റെ ഭാഗമായി പണി തീർന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കായികതാരങ്ങൾക്ക് വളരെക്കാലത്തേക്ക് ഉപയോഗിക്കാവുന്ന കായിക ഉപകരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇനിയുള്ള 24 ദിവസങ്ങൾ ഉറക്കമില്ലാതെ, വിവാദമില്ലാതെ പ്രവർത്തിച്ചാൽ ഭംഗിയായി ദേശീയ ഗെയിംസ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ദേശീയ ഗെയിംസ് സംഘാടകരുടെ ഇപ്പോഴമുള്ള നിലപാട്.
രാജ്യത്തിന്റെ കായിക കുതിപ്പിനും സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്കും ഗുണകരമാകുന്ന ദേശീയ ഗെയിംസ് എങ്ങനെ നടത്താതിരിക്കാം എന്നല്ല എങ്ങനെ ഭംഗിയായി നടത്താമെന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. എന്നാൽ എങ്ങനെയൊക്കെ ചന്തിച്ചാലും ഇരുപത് ദിവസം കൊണ്ട് അൽഭുതങ്ങൾ നടക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതിനിടെയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും തലപുകയ്ക്കുകയാണ്.