ബെർലിൻ: അടുത്ത വർഷം അവസാനത്തോടു കൂടി ചൈൽഡ് അലവൻസിൽ 20 യൂറോയുടെ വർധന വരുത്താൻ സർക്കാർ ആലോചിക്കുന്നു. ചൈൽഡ് അലവൻസ് ഇനത്തിൽ ഓരോ മാസവും 20 യൂറോ കൂടി അധിക വരുമാനം വരുന്നത് ഏറെ ആശ്വാസം പകർന്നിരിക്കുകയാണ് മാതാപിതാക്കൾക്ക്.

ഈ വർഷം മാസം പത്തു യൂറോയുടെ വർധനയും അടുത്ത വർഷവും പത്തു യൂറോയുടെ വർധനയും ചേർത്ത് 20 യൂറോയുടെ മൊത്തം വർധനയാണ് ഉദ്ദേശിക്കുന്നതെന്ന് ഫെഡറൽ ഫാമിലി മിനിസ്ട്രി വക്താവ് അറിയിച്ചു. ജീവിതചെലവ് വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് അലവൻസ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

അതേസമയം ചൈൽഡ് അലവൻസ് വർധിപ്പിക്കുന്നത് സർക്കാരിനു മേൽ കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും പറയപ്പെടുന്നു. നേരത്തെ അഞ്ചു യൂറോ മാസം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കവേ അത് ഒരു ബില്യൺ യൂറോയുടെ അധിക ബാധ്യത വരുത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ ഒരു കുട്ടിക്ക് 184 യൂറോയാണ് ചൈൽഡ് അലവൻസായി ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാമത്തെ കുട്ടിക്ക് 190 യൂറോയും നാലാമത്തെ കുട്ടിക്ക് 215 യൂറോയും മാസം അലവൻസ് ഇനത്തിൽ മാതാപിതാക്കൾക്ക് ലഭിക്കും.