വിദേശി ജീവനക്കാരുടെ ബോണസ് മുതൽ സൗജന്യ സെൽഫോൺ വരെ നിർത്തലാക്കു ന്നതടക്കം പതിനേഴോളം സർക്കുലറുകളുമായി ഒമാൻ രംഗത്ത്.എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുചെലവുകൾ നിയന്ത്രിക്കുന്നതിനായി ഒമാൻ ധനകാര്യമന്ത്രാലയം 17 സർക്കുലറുകൾ പുറപ്പെടുവിച്ചത്

സ്വദേശി, വിദേശി ജീവനക്കാരുടെ ബോണസ്, ജീവനക്കാരനും കുടുംബത്തിനുമുള്ള ആരോഗ്യ ഇൻഷൂറൻസ്, പലിശ രഹിത പെഴ്‌സനൽ, ഭവന വായ്പകൾ, ജീവനക്കാർക്കുള്ള വൻതുകയുടെ കാഷ്ബോണസുകൾ, സൗജന്യ സ്‌കോളർഷിപ്പ്,സൗജന്യ സെൽഫോൺ, സൗജന്യ വൈദ്യ പരിശോധന, ട്രാവൽ ഇൻഷൂറൻസ്, ഫർണിച്ചർ അലവൻസ് തുടങ്ങിയവയാണ് നിർത്തിയത്.

വിവിധ സേവനങ്ങൾക്കായുള്ള ഫീസ് പിരിവിലെ കാര്യക്ഷമത ഉയർത്താനും എണ്ണ വരുമാനത്തിൻ മേലുള്ള ആശ്രിതത്വം ഒഴിവാക്കുന്നതിനായി സേവനങ്ങൾക്ക് അധിക ഫീസ് കണ്ടത്തൊനും ധനകാര്യ മന്ത്രാലയം വിവിധ വകുപ്പുകളോട് നിർദേശിച്ചിരുന്നു. ഈ ആഴ്ചയുടെ ആദ്യത്തിൽ വിവിധ മന്ത്രാലയങ്ങളിൽ ശുചീകരണം, കെട്ടിട അറ്റകുറ്റപ്പണി എന്നിവ ചെയ്യുന്ന ഏജൻസികളുമായുള്ള കരാർ പുതുക്കാനും ആവശ്യപ്പെട്ടു. ഒരു വർഷം, മൂന്ന് വർഷം എന്നീ രണ്ട് തരം കരാറുകളിൽ യഥാർഥ നിരക്ക് നൽകാൻ ഏജൻസികളോട് ആവശ്യപ്പെടാനാണ് നിർദ്ദേശം. നാൽപത് ശതമാനമെങ്കിലും സർക്കാർ ഫണ്ട് നൽകുന്ന സ്ഥാപനങ്ങൾ ചെലവുകൾ സംബന്ധിച്ച വിശദ സ്റ്റേറ്റ്‌മെന്റ് നൽകാൻ ഈ മാസം ആദ്യം നിർദേശിച്ചിരുന്നു.

330 കോടി റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വർഷം അവതരിപ്പിച്ചത്. എണ്ണയിതര വരുമാനം വർധിപ്പിച്ചും പൊതുചെലവ് കുറച്ചും ഈ തുക കുറക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ ശ്രമം.