- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ പൊലീസ് നിയമത്തിലെ 118 എ ഭേദഗതി അംഗീകരിച്ചത് എതിർപ്പുകൾ കണ്ടില്ലെന്ന് നടിച്ച്; അടുത്ത ദിവസം പിൻവലിക്കൽ ഓർഡിനൻസിലും എതിർപ്പൊന്നുമില്ലാതെ ഒപ്പിട്ട അതേ ഗവർണ്ണർ; ജനുവരി എട്ടിന് നിയമസഭ ചേരുന്നതിനാൽ ഇന്ന് ചേരേണ്ട അടിയന്തര സാഹചര്യം എടുത്തത് കാർഷിക നിയമത്തിലെ കേന്ദ്ര നിയമത്തെ അനുകൂലിച്ചും; വീണ്ടും ഗവർണ്ണറും സർക്കാരും നേർക്കുനേർ
തിരുവനന്തപുരം: പുതിയ കാർഷിക നിയമങ്ങൾ തള്ളിക്കളയാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ വിവാദം കൊഴുക്കും. ജനുവരി 8ന് സഭാസമ്മേളനം ചേരാൻ സർക്കാർ അനുമതി തേടുകയും ഗവർണർ അനുമതി നൽകുകയും ചെയ്ത ശേഷമാണ് 23ന് പ്രത്യേക സമ്മേളനത്തിനു അനുമതി തേടിയത്. ജനുവരിയിൽ സഭാസമ്മേളനം ചേരാനിരിക്കെ 23ന് സഭ ചേരേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നുള്ള വിലയിരുത്തലിലായിരുന്നു ഗവർണർ. എന്നാൽ നിയമ സഭ എപ്പോൾ ചേരണമെന്ന് തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗമാണ്. ഇക്കാര്യത്തിൽ ഗവർണ്ണർ നടത്തിയ ഇടപെടൽ ശരിയല്ലെന്നാണ് ഉയരുന്ന വാദം.
കേരളാ പൊലീസ് നിയമത്തിലെ 118 എ ഭേദഗതി അംഗീകരിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഒരു ശങ്കയുമില്ലാതെ ഒപ്പിട്ടു കൊടുത്ത ഗവർണ്ണർ ജനാധിപത്യ സംവിധാനത്തിലെ ഭരണഘടനയുടെ കാവലാൾ എന്ന പദവി പിണറായിയെ പോലുള്ള ഒരു മൊയന്ത് രാഷ്ട്രീയക്കാരന് അടിയറവ് വെച്ചിരിക്കുന്നുവെന്ന വിമർശനം സംഘപരിവാർ പോലും ഉന്നയിച്ചിരുന്നു. അന്ന് പൊലീസ് നിയമത്തിലെ ഭേദഗതി സർക്കാരിന് വേണ്ടി അംഗീകരിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ സർക്കാർ പോലും അത് പിൻവലിക്കുകയും ചെയ്തു. അന്ന് നിയമഭേദഗതിയിൽ ഒപ്പിട്ട ഗവർണ്ണറുടെ നടപടിക്കെതിരേയും വിമർശനമുണ്ടായി. അങ്ങനെ സർക്കാരിനൊപ്പം ചേർന്നു നിന്ന ഗവർണ്ണറാണ് പ്രത്യേക നിയമസഭാ സമ്മേളനമെന്ന ആവശ്യം തള്ളുന്നത്. ഇത് സർക്കാർ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ്.
കേന്ദ്ര സർക്കാരിനെതിരായ നിലപാട് വിശദീകരണത്തിന് വേണ്ടി നിലകൊള്ളില്ലെന്ന സന്ദേശമാണ് ഗവർണ്ണർ നൽകുന്നത്. നേരത്തെ സിഎഎ നിയമനിർമ്മാണത്തിന് എതിരായെ നിയമസഭയും സർക്കാരും നിലപാട് എടുത്തപ്പോഴും പരസ്യമായി തന്നെ ഗവർണ്ണർ പ്രതികരിച്ചിരുന്നു. അത് ഏറെ വിവാദങ്ങളുമുണ്ടാക്കി. അതിന് ശേഷം സർക്കാരുമായി അടുത്തു പോകുന്ന നിലപാടാണ് ഗവർണ്ണർ സ്വീകരിച്ചത്. എന്നാൽ കേന്ദ്ര നിയമത്തിനെതിരെ വീണ്ടും നിലപാട് എടുക്കാൻ സർക്കാർ തുനിയുമ്പോൾ അതിനെ ഗവർണ്ണർ പരസ്യമായി എതിർക്കുകയാണ് ഇവിടെ. അതുകൊണ്ട് തന്നെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തു. ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി കത്തെഴുതി.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയിരുന്നു. ബുധനാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം കൂടാനിരുന്നത്. എന്നാൽ ഗവർണർ അനുമതി നിഷേധിച്ചതോടെ ബുധനാഴ്ച പ്രത്യേക നിയമസഭ സമ്മേളനം നടക്കില്ല. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള അടിയന്തരസാഹചര്യമില്ല എന്ന ഗവർണറുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വളർന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
അടിയന്തരസാഹചര്യമില്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വളർന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ട്. ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധം. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവർണർക്ക് വിവേചനാധികാരമില്ല. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു പ്രവർത്തിക്കേണ്ടത്. പഞ്ചാബും ഷംസീർ സിങ്ങും തമ്മിലുള്ള കേസിൽ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.-മുഖ്യമന്ത്രി വിശദീകരിക്കുന്നു.
സഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അതനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മിഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മിഷൻ) പറഞ്ഞിട്ടുണ്ട്. സഭ വിളിക്കാൻ മന്ത്രിസഭ ശുപാർശചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ്‌വഴക്കങ്ങളും അതുതന്നെയാണെന്ന് മുഖ്യമന്ത്രി പറയുന്നു. നിലവിലെ സാഹചര്യത്തിൽ 8ന് സമ്മേളനം ചേരുന്നുണ്ട്. അന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് പിണറായി സർക്കാർ തീരുമാനം.
'തിടുക്കപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ കേരളത്തിലെ കൃഷിക്കും കർഷകർക്കും എന്താണ് പ്രശ്‌നം, അതറിയാൻ താൽപര്യമുണ്ട്' ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാരിന്റെ അഭ്യർത്ഥനയിൽ ഗവർണർ വിശദീകരണം ചോദിച്ചതിങ്ങനെയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലെ കർഷകർ ഇപ്പോൾ നേരിടുന്നതെന്നു ചോദിച്ച ഗവർണർ, അതിനായി സർക്കാർ സ്വീകരിച്ച നടപടികളെന്തെന്നും ആരാഞ്ഞു. സർക്കാർ ഈ ചോദ്യത്തിനു വിശദീകരണം നൽകിയില്ല.
ഇതോടെ, പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചു. രാജ്യമാകെ കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കർഷക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ