- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേയുള്ള അക്രമം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച ഉപവസിക്കും
തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾക്കും സ്ത്രീധന സമ്പ്രദായത്തിനും എതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച ഉപവസിക്കും. സ്ത്രീധന നിരോധനം, സ്ത്രീ സുരക്ഷിത കേരളം എന്നീ സന്ദേശങ്ങൾ പകർന്നുകൊണ്ടാണ് ഉപവാസം സംഘടിപ്പിക്കുന്നത്.
സംസ്ഥാന ഗവർണർ ഉപവാസത്തിൽ പങ്കെടുക്കുന്നത് സംസ്ഥാന ചരിത്രത്തിൽ അപൂർവമാണ്. സ്ത്രീധനം, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരേയും സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമാക്കിയുമാണ് ഉപവാസമെന്നു രാജ്ഭവൻ അറിയിച്ചു.
ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബുധനാഴ്ച വൈകുന്നേരം 4.30 മുതൽ ആറു വരെയാണ് ഗവർണർ ഉപവസിക്കാനെത്തുന്നത്.
രാവിലെ എട്ടു മുതലാണ് ഗാന്ധിയൻ സംഘടനകളുടെ ഉപവാസമെന്നതിനാൽ രാവിലെ എട്ടുമുതൽ 4.30 വരെ രാജ്ഭവനിലിരുന്നു ഗവർണറും ഉപവസിക്കും. തുടർന്നു തൈക്കാട് ഗാന്ധിഭവനിൽ ഉപവാസത്തിൽ നേരിട്ടു പങ്കെടുക്കും.
കേരള ഗാന്ധി സ്മാരക നിധി, ഇതര ഗാന്ധിയൻ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് ഉപവാസ സമരം. ഇതിനാലാണ് വൈകുന്നേരം 4.30 മുതൽ ഗവർണർ പങ്കെടുക്കുന്നത്. സ്ത്രീധന പീഡനത്തെ തുടർന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ വീട് നേരത്തെ ഗവർണർ സന്ദർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ