തിരുവനന്തപുരം: കേന്ദ്ര കൃഷി നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചുകൊടുക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ. അങ്ങനെ കൊടുക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നു ഗവർണർ പറഞ്ഞു. അതായത് കേന്ദ്ര സർക്കാരിന് അയക്കണമെന്ന് പോലും ആവശ്യപ്പെടാതെയാണ് പ്രമേയം തയ്യാറാക്കിയതെന്ന വസ്തുതയാണ് ചർച്ചയാകുന്നത്.

സർക്കാരുമായി ഭിന്നതയില്ലെന്നു ഗവർണർ വിശദീകരിച്ചു. പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണയാണ്. പ്രത്യേക സഭ കൂടുന്നതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയാണു ചൂണ്ടിക്കാട്ടിയത്. അതിനു സർക്കാർ വിശദീകരണം നൽകിയതോടെ ആ പ്രശ്‌നം അവസാനിച്ചു. ബജറ്റ് സമ്മേളനം സാധാരണ കാര്യമായതിനാൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കോവിഡ് പ്രതിരോധം ഉൾപ്പെടെ കാര്യങ്ങളിൽ അഭിനന്ദനം അർഹിക്കുന്ന സർക്കാരാണ് ഇതെന്നും ഗവർണർ പറഞ്ഞു.

കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കർഷക സമരത്തെ പിന്തുണച്ചും നിയമസഭാ സമ്മേളനം ഏകകണ്ഠമായാണു പ്രമേയം പാസാക്കിയത്. ഈ പ്രമേയം ഗവർണ്ണർക്ക് സർക്കാർ നൽകി. ഇത് കേന്ദ്രത്തിന് അയ്ക്കാത്തിടത്തോളം കാലം രേഖമൂലം കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തിന് മുന്നിലെത്തില്ല. ചർച്ചകളിൽ മാത്രം കാര്യങ്ങൾ ഒതുങ്ങും. പ്രമേയം കേന്ദ്രത്തിൽ എത്തിയാലും അവർ അത് കാര്യമായെടുക്കില്ലെന്നതാണ് മറ്റൊരു വസ്തുത.

രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷക ബില്ലിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കിയത്. ഇതിനെ ബിജെപി അംഗം പോലും അംഗീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന്റെ പൊതു നിലപാടായി ഇത് മാറുകയും ചെയ്യും. അത്തരത്തിലൊരു പ്രമേയത്തെയാണ് രാജ്ഭവനിൽ ഗവർണ്ണർ തടഞ്ഞു വയ്ക്കുക. ഇക്കാര്യത്തിൽ ഇനി സർക്കാർ എന്തു ചെയ്യുമെന്നതാണ് നിർണ്ണായകം.

നിയമസഭയുടെ റഗുലർ സെഷന് അനുമതി നൽകിയിരുന്നു. എന്നാൽ പ്രത്യേക സമ്മേളനത്തിന് ആവശ്യമുയർന്നപ്പോൾ അതിനായി എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ആരായുകയാണുണ്ടായത്. അതിൽ തൃപ്തികരമായ രീതിയിലുള്ള വിശദീകരണം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ അനുമതി നൽകിയത് -ഗവർണർ വിവാദങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി നൽകുന്ന വിശദീകരണമാണ് ഇത്.

ഇതിനിടെയിലും പ്രമേയം കേന്ദ്രത്തിന് കൈമാറില്ലെന്ന് പറയുന്നുവെന്നതാണ് വസ്തുത. നിയമസഭയിൽ നയപ്രഖ്യാപനം നടത്തുമ്പോഴും സർക്കാർ എഴുതി നൽകുന്നതെല്ലാം വായിക്കുമെന്നും സൂചനയുണ്ട്.