തിരുവനന്തപുരം: സർവകലാശാലകളിലെ ഉന്നതതല നിയമനങ്ങളിൽ രാഷ്ട്രീയാതിപ്രസരമെന്ന് ആരോപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നും എന്നാൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ ഗവർണർ നിലപാട് തുടരുകയാണ്. സർവ്വകലാശാലകളിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്ന് ഗവർണർ ചോദിക്കുന്നു. തന്നെ സംഘി എന്നു വിളിക്കുന്നവർ വിളിക്കട്ടെ. വിസി നിയമനത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സമ്മർദത്തിന് വഴങ്ങി ഉത്തവുകളിൽ ഒപ്പിടേണ്ട ആളല്ല ചാൻസലർ. ചാൻസലർ പദവിയിലിരിക്കുന്ന ആൾക്ക് വിവേചനാധികാരമുണ്ട്. കാലടിയിൽ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവർണറാണ്. ഇപ്പോൾ മാറ്റിപ്പറയുന്ന ഗവർണറുടെ നീക്കം ദുരൂഹമാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്‌നം അവർ തന്നെ തീർക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗവും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ഓഫീസിൽ നിന്ന് എഴുതി നൽകുന്നത് വായിക്കുകയാണ് ഗവർണറെന്നും പദവിയുടെ മഹത്വം മനസിലാക്കാതെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ജനയുഗം വിമർശിക്കുന്നു.

വൈസ് ചാൻസലർ നിയമനമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ വിവാദമാണെന്നും, വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ ഇതാദ്യമായല്ല ഇങ്ങനെ പ്രവർത്തിക്കുന്നത്. മാധ്യമശ്രദ്ധ നേടുകയും ആരുടെയൊക്കെയോ പ്രീതി നേടുകയുമാണ് ലക്ഷ്യം. ഗവർണർമാർ ബിജെപിയുടെ രാഷ്ട്രീയ പാവയായി മാറുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ അതിലൊരാളായി മാറാൻ ശ്രമിക്കുകയാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.

സംസ്ഥാനത്തെ സർവകലാശാലകളിൽ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിർദ്ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥർക്ക് ഗവർണർ നൽകിയിരിക്കുന്നത്. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലിൽ തന്റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവർണറുടെ പരാമർശവും വിവാദമായി. എട്ടാം തീയതിയാണ് ചാൻസിലർ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതിനിടയിൽ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവർണ്ണർ സർക്കാരിനെതിരെ കടുത്ത വിമർശനം തുടരുകയാണ്.

ചാൻസിലർ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂവെന്നാണ് ഗവർണ്ണർ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനിടെയാണ് കോടിയേരിയും വിമർശനവുമായി രംഗത്ത് വരുന്നത്. സിപിഐയും ഗവർണ്ണറെ ബിജെപിക്കാരനാക്കുകയാണ്. ഇതോടെ പ്രതിസന്ധി കൂടതൽ ശക്തമാകും.

കഴിഞ്ഞ ബുധനാഴ്ച മുതൽ സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വിവിധ സർവകലാശാലകളുമായി ബന്ധപ്പെട്ട പരാതികൾ ഇതൊക്കെ തീർപ്പാക്കേണ്ടത് ചാൻസിലറായ ഗവർണറാണ്. സർവകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗവർണറെ അനുനയിപ്പിക്കാനുള്ള ഫോർമുലകളൊന്നും തന്നെ സർക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യസ മന്ത്രിക്കെതിരായ ഗവർണ്ണറുടെ പരാമർശം വിവാദത്തിലായത്.കണ്ണൂർ വിസി നിയമനത്തിൽ സർക്കാരിന്റെ നോമിനിയെ ഗവർണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെർച്ച് കമ്മിറ്റിയിൽ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഗവർണറുടെ ആരോപണത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി മുഖ്യമന്ത്രിയും എത്തിയതോടെ സർവകലാശാല വിസി നിയമനത്തിൽ പോരു കടുക്കുകയാണ്. കാലടി വിസി നിയമനത്തിൽ സർവകലാശാല ചട്ടം മറയാക്കി ഇഷ്ടക്കാരെ നിയമിക്കാൻ സർക്കാർ ശ്രമിച്ചതാണ് ഗവർണറെ ഏറ്റവുമൊടുവിൽ പ്രകോപിച്ചതെന്നാണ് സൂചന. എന്നാൽ ഒരാളുടെ പേരു പറയാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ മറുപടി സാങ്കേതികമായി മാത്രമാണെന്നും വിലയിരുത്തലുണ്ട്.

വൈസ് ചാൻസലറെ കണ്ടെത്താനായി സർക്കാർ നിയോഗിച്ച സെർച്ച് കമ്മിറ്റിക്ക് 2 മാസമാണ് കാലാവധി. ഈ കാലാവധിക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാരിന് ഗവർണറുമായി ആലോചിച്ച് ഇഷ്ടമുള്ളയാളെ നിയമിക്കാം എന്നാണ് കാലടി സർവകലാശാല ചട്ടം. ഇതിന്റെ മറ പിടിച്ച് സെർച്ച് കമ്മിറ്റിയുടെ നടപടികൾ പ്രഹസനമാക്കിയെന്നാണ് ഗവർണറുടെ ഓഫീസിന്റെ വിമർശനമെന്നാണ് സൂചന.