- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം മറന്ന് തൊഴു കൈയോടെ സ്വീകരിച്ച് മുഖ്യമന്ത്രി; ഗോ ബാക്ക് വിളിച്ചും ബാനർ ഉയർത്തിയും പ്രതിഷേധിച്ച് പ്രതിപക്ഷം; പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ക്ഷുഭിതനായി പറഞ്ഞ് ഗവർണ്ണർ ; ബഹിഷ്കരിച്ച് വിഡി സതീശനും കൂട്ടരും; തമിഴ്‌നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ സുരക്ഷിതമാക്കുമെന്ന് പ്രഖ്യാപനം; ബജറ്റ് സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ സഭ തുടങ്ങി. സഭയിലെത്തിയ ഗവർണ്ണറെ ഉപചാരപൂർവ്വം മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എംബി രാജേഷും പാർലമെന്ററീ കാര്യമന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. പ്രതിപക്ഷം ഗോ ബാക്ക് വിളികളുമായാണ് ഗവർണ്ണറെ സ്വീകരിച്ചത്. ഇതിന് ശേഷം പ്രതിപക്ഷ ബഹളം തുടർന്നു. സ്പീക്കർക്കെതിരെ ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം ബഹളം തുടർന്നു. ഇത് ഗവർണ്ണറെ ക്ഷോഭിപ്പിച്ചു. പ്രതികരിക്കുകയും ചെയ്തു.
ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ നേതാവാണ് താങ്കൾ. എല്ലാ വിഷയവും ഇവിടെ ചർച്ച ചെയ്യാൻ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ക്ഷോഭം പ്രകടിപ്പിച്ചത്. അതിന് ശേഷം ഇത് ശരിയായ രീതിയല്ലെന്നും പറഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തെ ഒരർത്ഥത്തിൽ ശകാരിക്കുകയായിരുന്നു ഗവർണ്ണർ. ഇതിന് ശേഷമായിരുന്നു പ്രതിപക്ഷ ബഹിഷ്‌കരണം. വ്യാഴാഴ്ച ഒരു പകൽ മുഴുവൻ സർക്കാരിനെ മുൾ മുനയിൽ നിർത്തിയ ഗവർണർ ഒടുവിൽ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടതോടെ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിവായത്. സർക്കാരുമായി ഏറ്റുമുട്ടലിന് പരസ്യമായി ഉണ്ടാകില്ലെന്നാണ് ഗവർണ്ണർ നൽകുന്ന സൂചന.
രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവർണർക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികൾ പ്രതിപക്ഷ നിരയിൽ നിന്ന് മുഴങ്ങി. ഇതിൽ ക്ഷുഭിതനായ ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി. പ്രതിപക്ഷത്തെ സംസാരിക്കാനും ഗവർണ്ണർ സമ്മതിച്ചില്ല.
കോവിഡും മുല്ലപ്പെരിയാറും ചർച്ചയാക്കിയാണ് നയപ്രഖ്യാപനത്തിന് തുടക്കമിട്ടത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുമെന്നും തമിഴ്‌നാടിന് വെള്ളം നൽകുമെന്നും ഗവർണ്ണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്നും അറിയിച്ചു. രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ചേർന്ന് സ്വീകരിക്കുന്നതാണ് പതിവ്. എന്നാൽ സ്പീക്കറെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് പോയില്ല. പകരം സഭയിലേക്ക് വരുമ്പോൾ ഗോ ബാക്ക് വിളിക്കുകയായിരുന്നു പ്രതിപക്ഷം. ഈ സമയം ഭരണപക്ഷം നിശബ്ദത്തിലായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഇത്തവണ പ്രതിസന്ധികളില്ല. അതുകൊണ്ട് തന്നെ മുഴുവൻ പ്രസംഗവും ഗവർണ്ണർ വായിക്കാനാണ് സാധ്യത.
2020ലെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശത്തിനെതിരെ ഗവർണർ വലിയ പ്രതിഷേധം ഉയർത്തുകയായിരുന്നു. 2021ൽ കാർഷിക നിയമത്തിനെതിരായ ഭേദഗതിയിലും ഗവർണർ പ്രതിഷേധിച്ചിരുന്നു. രണ്ട് വിഷയങ്ങളും ദേശീയ താൽപര്യങ്ങൾക്കെതിരാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഇത്തവണ അത്തരത്തിൽ ഒരു വിഷയവും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. പ്രസംഗത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഭരണഘടനാപരമായി ഗവർണർക്ക് അവകാശമില്ല എന്നതുകൊണ്ട് തന്നെ സർക്കാർ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഗവർണർ വായിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഉപാധിവെച്ച ഗവർണർക്ക് മുന്നിൽ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി സർക്കാർ അനുരഞ്ജനം ഗവർണർ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കെഎസ്ഇബി വിവാദം ഗവർണർ - സർക്കാർ തർക്കം, പെൻഷൻ പ്രായം എന്നിവയൊക്കെ നിയമസഭയിൽ വലിയ ചർച്ചയാകും. പ്രതിപക്ഷം കടുത്ത നിലപാടിലേക്കാണ് കടക്കുന്നത്. മാർച്ച് 11നാണ് ബജറ്റ്.
മറുനാടന് മലയാളി ബ്യൂറോ