- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോഫിയയുടെ മരണം ഹൃദയഭേദകം; സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരം; എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്'; പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ
കൊച്ചി: ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ ആലുവയിലെ വീട്ടിലെത്തിയ ഗവർണർ ബന്ധുക്കളോട് സംസാരിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മോഫിയയുടെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണ്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു.
'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു.
സി ഐ സുധീറിൽനിന്നും നീതി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന എഫ്ഐആർ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഭർത്താവ് മുഹമ്മദ് സുഹൈലിനെതിരായ മോഫിയയുടെ പരാതി പരിഹരിക്കുന്നതിനായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മോഫിയയെയും ഭർത്താവിനെയും വിളിച്ചുവരുത്തി.
സംസാരിക്കുന്നതിനിടയിൽ ദേഷ്യംവന്ന മോഫിയ, സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സ്റ്റേഷൻ ഹൗസ് ഓഫിസറായ സുധീർ മോഫിയയോട് കയർത്തു സംസാരിച്ചു. ഇതോടെ ഇനി ഒരിക്കലും സിഐയിൽനിന്നും നീതി കിട്ടില്ലെന്ന മനോവിഷമത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
കേസിൽ ഇരയ്ക്ക നീതി നിഷേധിക്കുന്ന നിലപാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് വ്യക്താമായ പശ്ചാത്തലത്തിൽ കൂടിയാണ് ഗവർണറുടെ വിമർശനം എന്നതും ശ്രദ്ധേയമാണ്.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തേ ഗവർണർ സന്ദർശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങൾക്കു മുൻപ് പരസ്യമായി ഗവർണർ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു.
കേരളത്തിൽ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും, അതിനായി സംസ്ഥാനത്തെ യുവാക്കൾ രംഗത്തിറങ്ങണമെന്നും ഗവർണർ പറഞ്ഞിരുന്നു.
സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നൽകുന്നവർക്കേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുൻപും വിദ്യാർത്ഥികളിൽനിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ട് വച്ചിരുന്നു. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും അദ്ദേഹം ഉപവാസവും അനുഷ്ഠിച്ചിരുന്നു. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടിൽ എത്തിയിരുന്നു. അതിനിടെ, മോഫിയ പർവീണിന്റെ മരണത്തിൽ അറസ്റ്റിലായ ഭർത്താവിന്റെയും മാതാപിതാക്കളെയും ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.
നവംബർ 22ന് പകൽ 12നും വൈകിട്ട് ആറിനുമിടയിലാണ് ആത്മഹത്യയെന്നാണു എഫ് ഐ ആറിൽ ഉള്ളത്. സംഭവത്തിൽ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശിച്ചത്. മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി, കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.
മറുനാടന് മലയാളി ബ്യൂറോ