തിരുവനന്തപുരം: പയ്യന്നൂരിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ പി സദാശിവം കർശന നിർദ്ദേശം നൽകി. കൊലപാതകത്തിന്റെ പശ്്ചാത്തലത്തിൽ അഫ്‌സ്പ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നത്തിൽ ഇടപെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അന്വേഷണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമാണെന്നാണ് സൂചനകൾ. പയ്യന്നൂർ കൊലപാതകത്തിൽ ഉടൻ കർശന നടപടിയെടുക്കണമെന്നും അടിയന്തിര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നുമാണ് മുഖ്യമന്ത്രിക്ക് ഗവർണർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ നിർദ്ദേശത്തോടൊപ്പം ബിജെപി നേതാക്കൾ നൽകിയ പരാതിയും ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരം വിഷയങ്ങളിൽ ഗവർണറിൽ നിന്ന പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടാകാറില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവർണർ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശം നൽകിയത് ചർച്ചയായിട്ടുണ്ട്.

പഴയങ്ങാടിയിൽ ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹും ബിജെപി പ്രവർത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ച സംഭവത്തിലാണ് ഗവർണറും ഇടപെടുന്നത്. പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയും ബിജെപി ഹർത്താൽ നടക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. കണ്ണൂരിനു പുറമേ മാഹിയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പരിയാരം മെഡിക്കൽ കോളജിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടം വൈകിപ്പിക്കുന്നു എന്നാരോപിച്ച് ആർഎസ്എസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നര കഴിഞ്ഞ് പഴയങ്ങാടി മുട്ടം പാലക്കോട് വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ജൂലൈയിൽ കുന്നരുവിലെ സി.പി.എം പ്രവർത്തകൻ ധനരാജിനെ (38) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ 12-ാം പ്രതിയായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മുട്ടം ഭാഗത്ത് നിന്ന് സുഹൃത്ത് രാജേഷുമൊന്നിച്ച് ബിജു മോട്ടോർ ബൈക്കിൽ കക്കംപാറയിലെ വീട്ടിലേക്ക് പോകവെ ഇന്നോവ കാറിൽ പിന്തുടർന്ന അക്രമിസംഘം വണ്ടി ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു വീണ ബിജുവിനെ അക്രമികൾ വളഞ്ഞിട്ട് വെട്ടി. രക്തം വാർന്ന് തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന രാജേഷ് ഓടി രക്ഷപ്പെട്ടു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വം ആരോപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കേരളത്തിൽ അഫ്‌സ്പ എന്ന സൈനിക നിയമം നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ ഗവർണറെ സന്ദർശിച്ച് വിഷയം അവതരിപ്പിച്ചത്. ഇതോടെ ഗവർണറും പ്രശ്‌നത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയോട് കർശന നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.