- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോര് തുടങ്ങിയത് വി സി പുനർനിയമനത്തിൽ; കടുപ്പമേറ്റി രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദവും; ഗവർണർ - സർക്കാർ പോരിന് പുതിയമുഖം; ചെന്നിത്തലയുടെ ചോദ്യം കുരുക്കുന്നത് സർക്കാരിനെ; ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂർ വി സി പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആക്ഷേപങ്ങളിലൂടെ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഉടലെടുത്ത ഭിന്നതയ്ക്ക് പിന്നാലെ രാഷ്ട്രപതിയുടെ പേര് കൂടി വിവാദങ്ങളിൽ ഇടംപിടിച്ചതോടെ പ്രതിരോധത്തിലാകുന്നത് ഇടതു സർക്കാർ. അത്യപൂർവ്വ പ്രതിസന്ധി പരിഹാരമായിട്ടില്ലെന്നു മാത്രമല്ല, വിഷയത്തിന് ദേശീയ മുഖവും വിവിധങ്ങളായ മാനങ്ങളും ഇപ്പോൾ കൈവന്നിരിക്കുകയാണ്.
കണ്ണൂർ വി സി പുനർനിയമനവുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളിൽ ചർച്ചകളും വാദപ്രതിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നതെങ്കിൽ, ഗവർണർ-സർക്കാർ പോരിൽ, രാഷ്ട്രപതിയുടെ പേര് കൂടി എത്തിയതോടെയാണ്, സർക്കാർ കൂടുതൽ കുരുക്കിലായത്. ഗൗരവമേറിയ പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ട ബാധ്യത ഇതോടെ സർക്കാരിലേക്കും ഇടതു മുന്നണിയിലേക്കും കൂടി എത്തുകയാണ്. ഗവർണറുടെ നീക്കങ്ങൾക്ക് പിന്നിൽ ബാഹ്യപ്രേരണയാകാമെന്നാണ് സർക്കാർ വാദം. വിഷയം എങ്ങനെ പരിഹരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ശുപാർശ സർക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു കഴിഞ്ഞു. രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന ചിലത് നടന്നുവെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ഏറ്റെടുത്ത പ്രതിപക്ഷം എന്താണ് സംഭവിച്ചതെന്ന ചോദ്യമുന്നയിക്കുമ്പോൾ സ്വാഭാവികമായും മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കെത്തുകയാണ്.
സാധാരണ സർക്കാരുമായി ഉണ്ടാകാറുള്ള അഭിപ്രായ ഭിന്നതകൾക്കുമപ്പുറം ഗൗരവമുള്ള വിഷയങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചതെന്ന് പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ട്. വിഷയം കൈവിട്ട് പോകുന്നുണ്ടെന്നറിഞ്ഞിട്ടും സർക്കാർ ഇതുവരെ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. സർവ്വകലാശാല നിയമനങ്ങളിലെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഗവർണറുമായി ഒത്തു തീർപ്പ് ചർച്ചകൾക്ക് സർക്കാർ മുതിരാത്തതും വിള്ളലിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ഇടതു മുന്നണി ശ്രമിക്കുന്നത്. സിപിഎം -സിപിഐ സംസ്ഥാന സെക്രട്ടറിമാർ ഗവർണറെ വിമർശിച്ച് രംഗത്തെത്തിയത് ഇക്കാരണത്താലാണ്.
ചാൻസലർ പദവി ഭരണഘടനാ പദവിയല്ലെന്നും നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലറായി ഗവർണറെ അവരോധിച്ചതെന്നുമാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി റദ്ദാക്കാൻ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിർബന്ധിക്കരുതെന്നും ഒരു പടി കൂടി കടന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന് അഭിമാനക്ഷതമുണ്ടാകുന്ന ചില പ്രവർത്തനങ്ങൾ ഉണ്ടായെന്ന ഗവർണറുടെ തുറന്നു പറച്ചിൽ, സർക്കാരിനെയും മുന്നണിയേയും ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് നടന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ ഉത്തരം പറയേണ്ടിയിരിക്കുന്നു. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ തള്ളിക്കളയാനുള്ള തീരുമാനം സർക്കാർ ഏത് തരത്തിൽ എടുത്തു എന്ന പ്രതിപക്ഷത്തിന്റെ വിമർശനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
രാഷ്ട്രപതിക്ക് ഡിലിറ്റ് ബിരുദം കൊടുക്കണമെന്ന ഗവർണറുടെ നിർദ്ദേശം സർക്കാർ തള്ളിയെന്നാണ് പ്രതിപക്ഷാരോപണം. എന്നാൽ അങ്ങനെയൊന്നുണ്ടായിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു പറയുന്നു. രമേശ് ചെന്നിത്തലയുടെ ആരോപണം ഏറ്റുപിടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും സർക്കാരിനെതിരെ തിരിഞ്ഞു. ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടോ എന്നാണ് കേന്ദ്രമന്ത്രിയുടെ ചോദ്യം
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് രാജ്യത്തിന് തന്നെ അഭിമാനക്ഷതമുണ്ടാക്കുന്ന ചില കാര്യങ്ങൾ നടന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമായി ഗവർണ്ണർ പറഞ്ഞതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞതോടെയാണ് സംഭവം പുതിയ വിവാദമായി കത്തിക്കയറിയത്. ഡിലിറ്റ് വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടോയന്നതടക്കം ആറു ചോദ്യങ്ങൾ സർക്കാരിനോടും ഗവർണറോടും സർവകലാശാലകളോടും ചെന്നിത്തല ഉന്നയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതും ഗവർണ്ണറുടെ പ്രകോപനത്തിന് കാരണമാണെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പക്ഷെ ഇക്കാര്യം രാജ്ഭവനോ കേരള സർവ്വകലാശാലയോ സ്ഥിരീകരിച്ചിരുന്നില്ല. ഗവർണ്ണറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തോടെ ശക്തമായ അഭ്യൂഹങ്ങൾ ഏറ്റെടുത്താണ് ചെന്നിത്തല ഗുരുതര ചോദ്യങ്ങളുയർത്തുന്നത്
രാഷ്ട്പതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാൻ്സ്ലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് ചെന്നിത്തല പറഞ്ഞുവെക്കുന്നത്. എന്നാൽ ഒന്നും പറയാനില്ലെന്നായിരുന്നു കേരള വിസി വിപി മഹാദേവൻപിള്ളയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദർശനത്തിനെത്തിയ് രാഷ്ട്രപതിക്ക് തിരുവനന്തപുരത്തെ 23നായിരുന്നു പരിപാടി. രാവിലെ പിഎൻ പണിക്കർ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്.
ഈ ദിവസം ഡിലിറ്റ് നൽകാനായിരുന്നു ഗവർണ്ണറുടെ ശുപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. സാധാരണനിലയിൽ ഓണററി ഡീലിറ്റ് നൽകേണ്ടവരുടെ പേര് സിണ്ടിക്കേറ്റ് യോഗത്തിൽ വിസിയാണ് വെക്കാറ്. ചാൻസ്ലർ ശുപാർശ ചെയ്തെങ്കിൽ അതും പറയാം. സിണ്ടിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണ്ണറുടെ അനുമതിയോടെയാണ് ഡിലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡിലിറ്റ് തടഞ്ഞുവെന്നാണ് ഗുരുതര ആരോപണം. സർക്കാർ ഇടപെട്ടിട്ടുണടെങ്കിൽ എന്തിനാണ് എന്നുള്ളതും ഗൗരവമേറിയ ചോദ്യം.
സർക്കാറും ഗവർണ്ണറും വിശദീകരണം നൽകേണ്ട സാഹചര്യമാണ്. മുൻ കാലടി വിസി കാലാവധി ഒഴിയും മുമ്പ് മൂന്ന് പേർക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ ഗവർണ്ണക്ക് സമർപ്പിച്ചിരുന്നോ എന്നും എന്തുകൊണ്ട് ഗവർണ്ണർ അത് തടഞ്ഞുവെന്നുമുള്ള ചോദ്ങ്ങളും മുൻ പ്രതിപക്ഷനേതാവ് ഉയർത്തി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പക്ഷേ മുൻ വിസി ഡോ.ധർമ്മരാജ് അടാട്ട് പ്രതികരിച്ചില്ല.
ഡിസംബർ മാസം 8 മുതൽ ചാൻസലറായി പ്രവർത്തിക്കുന്നില്ലെന്ന ഗവർണറുടെ തുറന്നു പറച്ചിലും നിയമനങ്ങൾ സംബന്ധിച്ച കേസുകൾ പൂർണമായും സർക്കാരിന് കൈമാറിയതും ഗവർണർ-സർക്കാർ പോര് മൂർച്ഛിക്കാൻ കാരണമായി. സമയം നീട്ടിക്കൊണ്ടു പോയി വിഷയം തണുപ്പിക്കാനായിരുന്നു സർക്കാർ തുടക്കം മുതലേ ശ്രമിച്ചു വരുന്നത്. പ്രതിസന്ധി ഉടലെടുത്തപ്പോൾ തന്നെ മുഖ്യമന്ത്രി ഗവർണറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടു പേരും ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വന്ന വേളയിൽ ചടങ്ങുകളിൽ കണ്ടു എന്നതിനപ്പുറത്തേക്ക് കാര്യമായ ചർച്ചകളൊന്നും നടന്നിരുന്നില്ല. ഗവർണർ ഡൽഹിയിലായിരുന്നതും മുഖ്യമന്ത്രി പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതും അസൗകര്യം ഉണ്ടാക്കിയെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാ എന്നാണ് ഗവർണർ ആവർത്തിക്കുന്നത്. നിയമന ശുപാർശയുമായി ഗവർണർക്ക് കത്തെഴുതിയത് ചട്ടലംഘനമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാദിക്കുന്നത്. കത്തെഴുതിയതിൽ തെറ്റില്ലെന്ന് മന്ത്രി ആവർത്തിക്കുന്നു. ഇത് സർക്കാരിന്റെകൂടി നിലപാടാണെന്ന് ഗവർണർ കരുതുന്നുണ്ട്. അതിനാലാവണം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ ഗവർണർ ഉറച്ച് നിൽക്കുന്നത്.
പാർട്ടി സമ്മേളനങ്ങളുടെ തിരക്കൊഴിയുന്നതോടെ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. പുതു വർഷത്തിലേക്ക് കടക്കുമ്പോൾ നയപ്രഖ്യാപനത്തോടെ നിയമസഭ തുടങ്ങേണ്ട സാഹചര്യം ഉണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുന്ന സാഹചര്യം ഇക്കാരണത്താൽ ഉണ്ടാകാം. ചർച്ചകൾ നടത്തിയാലും ഗവർണർ അനുനയപ്പെട്ടു വരുമോ എന്ന സംശയം സർക്കാർ വൃത്തങ്ങൾക്കുണ്ട്. ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കുന്ന നടപടി പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്നതും കേരളത്തിലെ സംഭവവികാസങ്ങൾക്ക് ഒരു ദേശീയ മുഖം കൂടി നൽകുന്നു. വിഷയത്തിൽ കടുത്ത നിലപാടിലേക്ക് പോകാൻ സംസ്ഥാന സർക്കാരും താത്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ