ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അണ്ണാഡിഎംകെ നിയമസഭാ കക്ഷി നോതാവ് എടപ്പാടി പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്കായി ഗവർണർ സി. വിദ്യാസാഗർ റാവു രാജ്ഭവനിലേക്കു ക്ഷണിച്ചു. 11.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസ്വാമി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഗവർണറെ കണ്ടിരുന്നു. ഗവർണറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് അണ്ണാ ഡിഎംകെ കാണുന്നത്. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാർട്ടി വിശേഷിപ്പിച്ചത്.

പളനിസ്വാമിക്കു പുറമേ കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവർണർ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് എടപ്പാടിയെ ക്ഷണിക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണർ സി. വിദ്യാസാഗർ റാവുവിനുമേൽ സമ്മർദമേറുന്നതിനിടെയാണ് പുതിയ നീക്കം. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എടപ്പാടി വീണ്ടും ഗവർണറെ കാണുന്നത്. ആരെ ആദ്യം വിശ്വാവോട്ട് തേടാൻ സഭയിലേക്ക് അയയ്ക്കും എന്നതാണ് ചോദ്യം. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തിൽ തന്നെവേണമെന്നാണ് ഗവർണർക്ക് കിട്ടിയ നിയമോപദേശങ്ങളെല്ലാം.

മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീർസെൽവത്തെയും പളനിസാമിയെയും നിയമസഭയിൽ വിശ്വാസ വോട്ട് തേടാൻ ഗവർണർ ആവശ്യപ്പെടുമെന്നായിരുന്നു പൊതുവിലയിരുത്തൽ. 234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പളനിസ്വാമി പക്ഷത്ത് ഏകദേശം 124 എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത് രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 10 എംഎൽഎമാരെ മാത്രമാണ്.

അനധികൃത സ്വത്തു സമ്പാദനക്കേസിലെ സുപ്രീംകോടതി വിധിയിൽശശികല ജയിലിൽ പോകേണ്ടിവന്നപ്പോഴാണ് എടപ്പാടി പളനിസ്വാമിയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം വിമത പ്രവർത്തനം തുടരുന്ന കാവൽ മുഖ്യമന്ത്രി പനീർശെൽവം തന്റെ രാജി പിൻവലിച്ച് മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നിയമസഭ വിളിച്ചു ചേർത്ത് ഇരുവരോടും ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെടുമെന്നു സൂചനയുണ്ട്.