- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണർ; ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം; രാഷ്ട്രപതിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും പി സദാശിവം; ബജറ്റ് അവതരണം ചട്ടപ്രകാരമെന്ന സർക്കാർ വാദം അംഗീകരിച്ചു
തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിൽ അരങ്ങേറിയ പ്രതിഷേധ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണ്ണർ പി സദാശിവം രംഗത്തെത്തി. നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണ്ണർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളാണ് അരങ്ങേറിയതെന്ന് സദാ
തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിൽ അരങ്ങേറിയ പ്രതിഷേധ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണ്ണർ പി സദാശിവം രംഗത്തെത്തി. നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണ്ണർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളാണ് അരങ്ങേറിയതെന്ന് സദാശിവം പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സഭയിൽ ബജറ്റ് അവതരിപ്പിച്ചത് ചട്ടപ്രകാരമാണെന്ന സർക്കാർ വാദം അദ്ദേഹം അംഗീകരിച്ചു. ബജറ്റവതരണത്തിന് അനുമതി നൽകിയെന്ന സ്പീക്കറുടെ വിശദീകരണമാണ് ഗവർണ്ണർ അംഗീകരിച്ചത്. പ്രതിഷേധത്തെ തുടർന്ന് ചെയറിൽ എത്താൻ സാധിക്കാത്തതിനാൽ ആംഗ്യത്തിലൂടെ അനുമതി നൽകുകയായിരുന്നു എന്ന സ്പീക്കർ എൻ ശക്തന്റെ വാദമാണ് ഗവർണ്ണർ അംഗീകരിച്ചത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 356 പ്രകാരം നടപടി എടുക്കേണ്ട തരത്തിലുള്ള സംഭവങ്ങളാണ് നിയമസഭയിൽ ഉണ്ടായത്. സ്പീക്കറുടെ ഡയസിലേക്ക് എംഎൽഎമാർ തള്ളിക്കയറുകയും മൈക്ക് വലിച്ചെറിയുകയും കംപ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്തത് ജനപ്രതിനിധിയുടെ പെരുമാറ്റത്തിന് ചേരാത്തതാണ്. സഭയിൽ മര്യാദയും അച്ചടക്കവും പാലിക്കേണ്ടത് എംഎൽഎമാരുടെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാത്തത് നടപടി എടുക്കേണ്ട തരത്തിലുള്ള ഗുരുതര പ്രശ്‌നമാണ്. സഭയിൽ ഉണ്ടായ ഇത്തരം സംഭവങ്ങളെ വളരെ ആശങ്കയോടെയാണ് കാണുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഗവർണർ വാർത്താക്കുറിപ്പിൽ പറയുന്നു.
ഭരണപക്ഷമാണോ പ്രതിപക്ഷമാണോ വീഴ്‌ച്ച വരുത്തിയതെന്ന കാര്യം അദ്ദേഹം പറയുന്നില്ല. ബജറ്റിന് മേലുള്ള ചർച്ചയും വോട്ട് അക്കൗണ്ടും സമാധാന പരമായി ഇനിയും നടക്കേണ്ടതുണ്ടെന്നും സദാശിവം പറയുന്നു. ബജറ്റ് മാർച്ച് 31നകം പാസാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. സ്പീക്കർ ഗവർണർക്ക് നൽകിയ കത്തും, സഭയിലെ വീഡിയോയും, മാദ്ധ്യമ റിപ്പോർട്ടുകളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിയമസഭ സെക്രട്ടറി നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഗവർണറുടെ ഭാഗത്തു നിന്നും ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിച്ചത് ചട്ടപ്രകാരം തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണ്ണർ എംഎൽഎമാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബജറ്റ് സാധുവല്ലെന്ന് ആരോപിച്ച് ഇന്നലെ പ്രതിപക്ഷം ഗവർണറെ കണ്ട് പരാതി നൽകിയിരുന്നു. ബജറ്റ് അവതരിപ്പിച്ചത് അടക്കമുള്ള വിവരങ്ങളും സഭാരംഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതും ഗവർണർക്ക് പ്രതിപക്ഷം കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഗവർണർക്ക് വിശദീകരണം നൽകിയത്. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ഗവർണറെ കണ്ടത്. ബാർ കോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം നിയമാനുസൃതമാണ് ബജറ്റ് അവതരിപ്പിച്ചതെന്നും ഉമ്മൻ ചാണ്ടി ഗവർണറെ അറിയിച്ചു. സ്പീക്കറുടെ അനുമതിയോട് കൂടിയാണ് മാണി ബജറ്റ് അവതരിപ്പിച്ചതെന്നും അതിനാൽ തന്നെ ബജറ്റ് അവതരണം സാധുവായി കാണാമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. സഭാനേതാവെന്ന നിലയ്ക്ക് അതീവ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി ഗവർണറെ അറിയിച്ചു. ഉച്ചക്ക് 1.30നാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. അരമണിക്കൂറോളം നേരം ഇരുവരും സംസാരിച്ചു.
പ്രതിപക്ഷത്തിന്റെ പരാതിക്ക് പിന്നാലെ ഇന്ന് ബിജെപിയും ഗവർണ്ണറെ കണ്ട് പരാതി നൽകിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളധരന്റെ നേതൃത്വത്തിലാണ് ബിജെപിക്ക് പരാതി നൽകിയത്. ബജറ്റ് അവതരിപ്പിച്ചുവെന്ന് ഭരണപക്ഷവും അവതരിപ്പിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തതോടെ കേരളത്തിലെ ജനങ്ങൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യഥാർത്ഥത്തിൽ നടപടിക്രമങ്ങൾ പാലിച്ചാണോ ബജറ്റ് അവതരണം നടന്നതെന്ന് പരിശോധിക്കപ്പെടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ബജറ്റ് അവതരണം നടന്നുവെന്ന നിലപാട് ഗവർണർ സ്വീകരിച്ചതോടെ ഉമ്മൻ ചാണ്ടി സർക്കാറിന് പ്രതിസന്ധി ഒഴിവായി. ചട്ടപ്രകാരം സ്പീക്കർ ക്ഷണിക്കുമ്പോഴാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാൽ ഇങ്ങനെ ഒരു നടപടിക്രമം ഉണ്ടായിരുന്നില്ല. ചെയറിൽ എത്താൻ സാധിക്കാതിരുന്നതിനാൽ ആംഗ്യത്തിലൂടെ സ്പീക്കർ എൻ ശക്തൻ അവതരണത്തിന് അനുമതി നൽകുകയായിരുന്നു. ധനമന്ത്രി അദ്ദേഹത്തിന്റെ സീറ്റിലുമായിരുന്നില്ല. ബജറ്റിലെ തകരാറ് പരിഹരിക്കുതിനുള്ള നിർദ്ദേശം സഭയ്ക്ക് നൽകുതിന് അനുഛേദം 175(2) പ്രകാരം ഗവർണർക്ക് അധികാരമുള്ളതാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും വാദം അംഗീകരിക്കുകയാണ ്‌സർക്കാർ ഇവിടെ ചെയ്തിരിക്കുന്നത്. അതേസമയം ആവശ്യമെങ്കിൽ ബജറ്റിനെതിരെ കോടതിയൽ പോകാനും പ്രതിപക്ഷത്തിന് സാധിക്കും.
അതേസമയം സഭയിൽ നടന്ന അക്രമങ്ങളുടെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി വരുമെന്ന കാര്യം ഗവർണ്ണറുടെ നിർദ്ദേശത്തോടെ ഉറപ്പായി. സ്പീക്കറുടെ ഡയസ് തകർത്ത എംഎൽഎമാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ഭരണപക്ഷം ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനാണ് നീക്കം. അതിനിടെ ഇടതു പക്ഷത്തെ വനിതാ എംഎൽഎയെ അപമാനിക്കാൻ ശ്രമിച്ച എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടും. സഭയിൽ തന്നെ ശാരീരികമായി തടഞ്ഞ മന്ത്രി ഷിബുബേബി ജോണിനെതിരെ പരാതി നൽകുമെന്ന് ഇ എസ് ബിജി മോളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ശിവദാസൻ നായരുടേയും എം എ വാഹിദിന്റേയും നിലപാട്. തങ്ങളെ ആക്രമിക്കാൻ വന്നവരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറയുന്നു.