- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പറുകളിലെ വീഴ്ചയിൽ പരീക്ഷ റദ്ദാക്കൽ; സംഭവിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കണം; കണ്ണൂർ, കേരള സർവകലാശാല വൈസ് ചാൻസലർമാരോട് വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: ചോദ്യപ്പേപ്പർ വീഴ്ചകളിൽ പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർമാരോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. കണ്ണൂർ, കേരള സർവകലാശാല വൈസ് ചാൻസലർമാരോടാണ് ഗവർണർ വിശദീകരണം തേടിയത്.
സംഭവിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇരു വി സിമാർക്കും ഗവർണർ കത്തയക്കുകയായിരുന്നു. ഇ-മെയിൽ മുഖേനയാണ് രണ്ട് വിസിമാരോടും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ കത്തയച്ചിരിക്കുന്നത്.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങൾ തന്നെ അതേപടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകുകയായിരുന്നു.
ഇതേ കാരണത്താൽ കേരള സർവകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി കഴിഞ്ഞ ദിവസം വീണ്ടും നടത്തുകയായിരുന്നു. രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി സി മാർ പരീക്ഷകൾ റദ്ദാക്കിയത്.
പഴയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന വിവാദം കത്തിനിൽക്കുമ്പോഴാണ് തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും അതേരീതിയിൽ സർവകലാശാല പരീക്ഷ നടത്തിയത്.
പരീക്ഷാ ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നൽകിയ കേരള സർവകലാശാല, വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നൽകിയത്.
അതേ സമയം ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നൽകിയതിനെ തുടർന്ന് ഈ പരീക്ഷ പൂർണമായും റദ്ദാക്കുന്നതായും പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.
'സിഗ്‌നൽസ് ആൻഡ് സിസ്റ്റംസ്' പരീക്ഷ എഴുതിയവർക്കാണ് സർവകലാശാലയുടെ ഈ 'അപ്രതീക്ഷിതസഹായം' ലഭിച്ചത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അദ്ധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്.
മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകൻ ചോദ്യപ്പേപ്പർ കൂടി അയച്ചുതരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയിൽപ്പെട്ടതും. എന്നാൽ ഇതേവരെ സർവകലാശാല വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയും പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ