തിരുവനന്തപുരം: ബ്രുവറി-ഡിസ്റ്റിലറി വിവാദത്തിൽ പ്രതിപക്ഷം ആഞ്ഞടിച്ചതോടെ പ്രതിരോധത്തിലായ പിണറായി സർക്കാർ വിവാദത്തിൽ നിന്ന് തലയൂരാൻ ലക്ഷ്യമിട്ട് അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

നവകേരള നിർമ്മിതിയുമായി സർക്കാർ മുന്നോട്ട് പോകവെ വിവാദങ്ങൾ ഒഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന വാദമുയർത്തിയാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്. ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രുവറിക്ക് അനുമതി നൽകിയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ബ്രുവറി അനുമതിക്ക് മാനദണ്ഡം നിശ്ചയിക്കാൻ പുതിയ സമിതിയെ നിശ്ചയിച്ചതായും ഈ മാസം 31-നകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ബ്രൂവറികൾക്കുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രൂവറിക്കാരുമായി ചേർന്നുള്ള കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന മദ്യഷോപ്പുകളിൽ വിതരണത്തിന് ആവശ്യമായ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, ബിയറും ഇവിടെ തന്നെ ഉത്പാദിപ്പിക്കേണ്ടത് നാടിന്റെ താൽപര്യമാണെന്ന് കണക്കിലെടുത്താണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുത്തെന്ന് ഉത്തരവിൽ പറയുന്നു. മൂന്ന് ബ്രൂവറികൾക്കും സർക്കാർ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറീസ് അടക്കം രണ്ടുകോമ്പൗണ്ടിങ്, ബ്ലെൻഡിങ്, ബോട്ടിലിങ് യൂണിറ്റുകൾക്കും അനുമതി നൽകി ഉത്തരവായിരുന്നു. എന്നാൽ, പ്രളയക്കെടുതിയെ തുടർന്ന് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സാഹചര്യത്തിൽ, അടിസ്ഥാനരഹിതമായ വിവാദങ്ങളുയർത്തിയ അന്തരീക്ഷത്തിലാണ് അനുമതി റദ്ദാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ബ്രൂവറികൾക്കും, ബോട്ടിലിങ്, കോമ്പൗണ്ടിങ്, ബ്ലെൻഡിങ് യൂണിറ്റകൾക്കും അനുമതിക്ക് വേണ്ടിയുള്ള അപേക്ഷകളുടെ അർഹത സംബന്ധിച്ച് മാനദണ്ഡങ്ങൾ തയ്യാറാക്കാൻ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി നികുതി അദ്ധ്യക്ഷയായും, എക്‌സൈസ് കമ്മീഷണർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ, ഡപ്യൂട്ടി സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.ഒക്ടോബർ 31 നകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, ബ്രൂവറികൾക്കുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രൂവറിക്കാരുമായി ചേർന്നുള്ള കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോടികൾ കൈമറിഞ്ഞ ഇടപാടിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനും കോടതിയിൽ ബ്രൂവറിക്കാരെ സഹായിക്കാനുമുള്ള വളഞ്ഞ വഴിയാണിത്.

നിയമാനുസൃതമായ ഉത്തരവ് വിവാദം കാരണം റദ്ദാക്കുന്നു എന്ന പുതിയ ഉത്തരവ് കോടതിയിൽ നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നൽകിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് വിചിത്രമായ ഉത്തരവിൽ പറയുന്നത്. നിയമാനുസൃതം നൽകിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്. അതിനാൽ തന്നെ കോടതിയിൽ ഈ ഉത്തരവ് നിലനിൽക്കുകയില്ല.

അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകൾക്ക് പുഷ്പം പോലെ ഈ ഉത്തരവ് കോടതി വഴി റദ്ദാക്കി എടുക്കാൻ കഴിയും. സർക്കാർ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. തത്ക്കാലം ബ്രൂവറി അഴിമതിയിൽ നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി പുനഃസ്ഥാപിച്ചു നൽകാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സർക്കാർ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. കോടതി ഈ ഉത്തരവ് റദ്ദാക്കുമ്പോൾ കോടതി പറയുന്നതിനാൽ കൊടുക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന സർക്കാരിന്റെ കണക്കു കൂട്ടലാണ് ഇതിന് പിന്നിൽ.

വിവാദം ഉണ്ടായതിനാൽ നൽകിയ അനുമതി റദ്ദാക്കുന്നു എന്ന് ഉത്തരവിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാപരമല്ലെന്ന് മാത്രമല്ല യുക്തിരഹിതവും പരിഹാസ്യവുമാണ്. അഴിമതിയിലൂടെ കൈമറിഞ്ഞ കോടികൾ തിരിച്ചു കൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയും ഇതിൽ ഉൾക്കൊള്ളുന്നു.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നത് ബ്രൂവറിക്കാർക്കും ഡിസ്റ്റിലറിക്കാർക്കും കാര്യങ്ങൾ എളുപ്പമാക്കും. ഈ ഒത്തുകളി അനുവദിക്കാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.