- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർണായക കോളുകൾ വൈകുന്നുവെന്ന് പരാതി; ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ
ന്യൂഡൽഹി: നിർണായക കോളുകൾ വൈകുന്നു എന്ന പരാതി വ്യാപകമായതോടെ ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു.
സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (സിഒഎ) നിന്നും മൊബൈൽ വരിക്കാരിൽനിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഫോണിലൂടെയുള്ള ബോധവൽക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.
ഏകദേശം രണ്ടു വർഷത്തോളമായി ടെലികോം സേവനദാതാക്കൾ, ഫോണുകളിൽ കോൾ കണക്ട് ആകുന്നതിനു മുൻപ് കോവിഡ് ബോധവൽക്കരണ അറിയിപ്പുകൾ നൽകുന്നുണ്ട്. കോവിഡ് സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്‌പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്.
നെറ്റ്‌വർക്കുകളിൽ ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളിൽ നിർണായക കോളുകൾ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് അയച്ച കത്തിൽ പറയുന്നു.




