- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കാൻ പ്രത്യേക ക്ഷാമബത്ത; സംസ്ഥാന സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും അവഗണന; സാമ്പത്തിക ബാധ്യത എന്ന തൊടുന്യായവും; വിലക്കയറ്റം ഒന്നും സർക്കാർ അറിയുന്നില്ലേ എന്ന് ജീവനക്കാർ
തിരുവനന്തപുരം: അഖിലേന്ത്യ ഉദ്യോഗസ്ഥന്മാരെ തൃപ്തിപ്പെടുത്താൻ പ്രത്യേക ക്ഷാമബത്ത ഉത്തരവ് ഇറക്കി സർക്കാർ. ധനവകുപ്പിൽ നിന്ന് ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021 ജനുവരി മുതലുള്ള 3 ഗഡു (8%) ഡി.എ / ഡി.ആർ അനുവദിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്ന് പ്രഖ്യാപിക്കുമ്പോഴും, അഖിലേന്ത്യതലത്തിലെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഓഫീസർമാരെ ചേർത്ത് പിടിക്കുകയാണ് പിണറായി സർക്കാർ.
കേരള കേഡറിലെ അഖിലേന്ത്യ ഓഫീസർമാർക്കാണ് 2022 ജനുവരിയിലേത് ഉൾപ്പെടെ 34% ക്ഷാമബത്ത അനുവദിച്ചത്. വിലക്കയറ്റം അതിരൂക്ഷമായ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശിക ആയിരിക്കുന്ന 2021 ജനുവരി മുതലുള്ള 3 ഗഡു ക്ഷാമബത്ത അനുവദിക്കണം എന്ന ആവശ്യം പക്ഷെ സർക്കാർ നിരസിച്ച മട്ടാണ്.
2019 ജൂലൈ മാസത്തെ ക്ഷാമബത്തയാണ് സംസ്ഥാന ജീവനക്കാർക്ക് സർക്കാർ അവസാനമായി അനുവദിച്ചത്. അതിന് ശേഷം 2020 ജനുവരി മുതലുള്ളത് അനുവദിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണയിൽ ഇല്ല എന്നാണ് സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നത്.
സമയാസമയങ്ങളിലെ വർധിച്ചു വരുന്ന ജീവിതചെലവുകൾ മറികടക്കുന്നതിനാണ് സർക്കാർ, ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ / ഡി.ആർ അനുവദിക്കുന്നത്.
ജീവനക്കാർക്ക് സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചില്ലെങ്കിൽ അത് സംസ്ഥാനത്തെ ആഭ്യന്തര വിപണിയെയും സാരമായി ബാധിക്കും. അഞ്ച് ലക്ഷം സർക്കാർ ജീവനക്കാരും അഞ്ചര ലക്ഷം പെൻഷൻകാരും ആണ് സംസ്ഥാനത്തുള്ളത്. പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശികയും തടഞ്ഞുവച്ചിരിക്കുകയാണ്.