- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല; സെപ്റ്റംബർ 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാം; 21 മുതൽ 100 പേർക്ക് വരെ പങ്കെടുക്കാവുന്ന പൊതുപരിപാടികൾ നടത്താനും അനുമതി; രാജ്യത്തെ സ്കൂളുകൾ അടുത്ത മാസവും അടഞ്ഞ് തന്നെ കിടക്കും; ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കും; സെപ്റ്റംബർ ഏഴു മുതൽ മെട്രോ ഓടിത്തുടങ്ങും; സെപ്റ്റംബർ 30 വരെ കണ്ടെയിന്മെന്റ് സോണുകളിൽ യാതൊരു ഇളവുകളും ബാധകമല്ല; അൺലോക്കിന്റെ നാലാം ഘട്ട മാർഗ നിർദ്ദേശങ്ങൾ
ന്യൂഡൽഹി: അൺലോക്കിന്റെ നാലം ഘട്ടമാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് അൺലോക്ക് നാലാംഘട്ടം. സെപ്റ്റംബർ 30 വരെ കണ്ടെയിന്മെന്റ് സോണുകളിൽ യാതൊരു ഇളവുകളും ബാധകമല്ല. കർശന നിയന്ത്രണങ്ങൾ തുടരും. ഈ ഘട്ടത്തിലും സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. രാജ്യത്ത് മെട്രോ സെപ്റ്റംബർ ഏഴു മുതൽ സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഗ്രേഡ് രീതിയിലാകും മെട്രോ സർവീസ് നടത്തുക.
ഓൺലൈൻ ടീച്ചിങ്-ടെലി കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കണ്ടെയിന്മെന്റിന് പുറത്തുള്ള അവരുടെ സ്കൂളുകളിൽ അദ്ധ്യാപകരുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കും.
സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല. 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാം. 21 മുതൽ 100 പേർക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 100 പേരുടെ പരിധിയിൽ അനുമതിയുള്ളത്.
രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെയാണ് അൺലോക്ക് നാലാം ഘട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 76,472 പേർക്ക് കോവിഡ് സ്ഥിരീകരച്ചു. 1,021 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 62,550 ആയി. അതിനിടെ, ഇന്ത്യയിലെ കോവിഡ് പരിശോധനകളുടെ എണ്ണം നാല് കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും പരിശോധനകളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെയായി 4,04,06,609 പേർക്ക് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. 34,63,972 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്.
നിലവിൽ രാജ്യത്ത് ഒരു ദിവസം 10 ലക്ഷം പേർക്ക് എന്ന തോതിൽ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ടെസ്റ്റ് പെർ മില്ല്യൺ കണക്ക് 29,280 ആയി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടിയ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുകൾ രേഖപ്പെടുത്തുന്നുണ്ട്. പോസിറ്റീവ് ആകുന്ന കേസുകളുടെ ശതമാനം 8.57 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
ഓഗസ്റ്റ് 17നാണ് രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് കോടി കടന്നത്. 12 ദിവസം കൊണ്ട് ഒരു കോടി പരിശോധനകൾ രാജ്യത്ത് നടന്നു. നിലവിൽ രാജ്യത്ത് 1,576 ലബോറട്ടറികളിലായാണ് പരിശോധന നടക്കുന്നത്. 1,002 സർക്കാർ നിയന്ത്രണത്തിലുള്ള ലാബുകളിലും 574 സ്വകാര്യ ലാബുകളിലുമാണ് പരിശോധനാ സൗകര്യമുള്ളത്.
മറുനാടന് ഡെസ്ക്