ന്യൂഡൽഹി: നീതി നിർവഹണം ഏറ്റവും വൈകി നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നീതി നിർവഹണം വേഗത്തിലാക്കാൻ വേണ്ടി ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസറ്റിസ് ടി എസ് ഠാക്കൂർ കേന്ദ്രസർക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഒരിക്കൽ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞ് ചീഫ് ജസ്റ്റിസ് വികാരാധീനനാകുകയും ചെയ്തു. നടപടി കൈക്കൊള്ളാത്ത കേന്ദ്ര സർക്കാറിനെതിരെ ഒടുവിൽ കർശനമായ വിമർശനം ഉയർത്തുകയും ചെയ്തു. എന്തായാലും ഏറ്റവും ഒടുവിൽ ഈ വിഷയത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. അഞ്ച് വർഷത്തിൽ അധികമായി കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടി വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തിന് ജുഡീഷ്യറിയും അംഗീകാരം നൽകി. ഭരണഘടനയിലെ 224ാം വകുപ്പ് പ്രകാരമാണ് മുൻപ് മികച്ച സേവനം കാഴ്ചവച്ചിട്ടുള്ള ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള ഈ തീരുമാനം.

ഏപ്രിലിൽ മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ആറുമാസത്തിനുശേഷമാണ് ഇത് അംഗീകരിക്കുന്നത്. ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന അസംഖ്യം സിവിൽ, ക്രിമിനൽ കേസുകളാണ് ഈ വകുപ്പുപയോഗിക്കാൻ സർക്കാറിനെയും ജുഡീഷ്യറിയെയും പ്രേരിപ്പിച്ചത്. വകുപ്പുപ്രകാരം, ഹൈക്കോടതികളിൽ നിന്ന് വിരമിച്ച ജഡ്ജിയെ രാഷ്ട്രപതിയുടെ അനുവാദത്തോടുകൂടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അതത് സംസ്ഥാനത്തെ ഹൈക്കോടതിയിൽ നിയമിക്കാം. വിഷയത്തിൽ മിനുട്‌സ് തയ്യാറാക്കിയത് സുപ്രീം കോടതിയാണ്.

ഏപ്രിലിൽ നിയമമന്ത്രിയായിരുന്ന ഡി.വി. സദാനന്ദഗൗഡയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. എന്നാൽ, പല വിഷയങ്ങളിലുമുള്ള അഭിപ്രായഭിന്നതകൾ കാരണം വിഷയം നീട്ടിവെക്കുകയായിരുന്നു. ഇപ്പോൾ ഇതിന് തീരുമാനമായത് ജൂലായിൽ നിയമമന്ത്രിയായി സ്ഥാനമേറ്റെടുത്ത രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ്.

യോഗത്തിലെ മിനുട്‌സ് പ്രകാരം ജഡ്!ജിമാരെ നിയമിക്കുന്നതുവഴി 'ഫൈവ് പ്ലസ് സീറോ' എന്ന നേട്ടം സ്വന്തമാക്കാൻ കോടതിക്ക് കഴിയും. അഞ്ചു വർഷത്തിൽ കൂടുതലായ കേസുകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കുകയും കെട്ടിക്കിടക്കുന്ന കേസുകൾ എല്ലാം പരിഹരിക്കുകയും ചെയ്യുകയാണ് 'ഫൈവ് പ്ലസ് സീറോ'യിൽക്കൂടി ഉദ്ദേശിക്കുന്നത്. യോഗത്തിലെ തീരുമാനപ്രകാരം ജയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ സംസ്ഥാനസർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്യും. കൂടാതെ, പ്രതിവർഷം 10 ശതമാനം എന്ന നിലയ്ക്ക് ജില്ലാ ജുഡീഷ്യറികളിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനസർക്കാറുകൾ ആവശ്യപ്പെട്ടു.

ജൂൺ 30ലെ കണക്കുപ്രകാരം 21,303 ജുഡീഷ്യൽ ഉദ്യോഗസ്ഥരെയാണ് ജില്ലാ കോടതികളിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ, 16,192 പേരെ വച്ചാണ് കോടതികൾ പ്രവർത്തിക്കുന്നത്. ഇതിൽ 5,111 പേരുടെ കുറവാണുള്ളത്. 24 ഹൈക്കോടതികളിൽ 450 ജഡ്ജിമാരുടെ കുറവാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലുടനീളം മൂന്ന് കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇപ്പോഴത്തെ തീരുമാനത്തിലൂടെ രാജ്യത്തെ സുപ്രധാന പ്രശ്‌നത്തിനാണ് താൽക്കാലികമായെങ്കിലും പരിഹാരം ഉണ്ടാകുന്നത്. എന്നാൽ, ഏത് വിധത്തിലുള്ള കേസുകളാണ് വിരമിച്ച ജഡ്ജിമാർ കൈകാര്യം ചെയ്യുക എന്ന കാര്യമാണ് ഇനി അറിയേണ്ടത്.