- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
99ലെ വെള്ളപ്പൊക്കത്തിൽ മലയിടിഞ്ഞതോടെ ഗതാഗതം മുടങ്ങി; മൂന്നാറിൽ നിന്നും ബ്രിട്ടീഷുകാർ തേയില കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴി; പഴയ ആലുവ-മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞ് സർക്കാർ; പ്രതീക്ഷകളും തടസ്സങ്ങളും ഇങ്ങനെ
കോതമംഗലം: പഴയ ആലുവ-മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നതിന്റെ സാധ്യതകളാരാഞ്ഞ് സർക്കാർ. വനമേഖലയിലെ താമസക്കാർ ആഹ്ളാദതിമിർപ്പിലാണ്. കാര്യമായ കയറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ ആലുവയിൽ നിന്നും മൂന്നാറിലെത്തിച്ചേരുന്നതും നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ചതുമായ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയറെ ചുമലപ്പെടുത്തിയതായുള്ള പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ അറിയിപ്പാണ് ഇടുക്കി -എറണാകുളം ജില്ലകളിലെ വനമേഖലകളോടടുത്ത് താമസി്ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളിൽ സന്തോഷത്തിന്റെ തിരയിളക്കം സൃഷ്ടിച്ചിട്ടുള്ളത്.
കോതമംഗലം എം എൽ എ ആന്റണി ജോൺ ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ ഇടപെടൽ സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത്. ദശാബ്ദങ്ങളായി ഉയരുന്ന ഈ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായത്. സംസ്ഥാന വനം, പൊതുമരാമത്ത് വകുപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അവകാശ തർക്കങ്ങളും കേന്ദ്ര-വനം പരിസ്ഥിതി നിയമങ്ങളിലെ നൂലാമാലകളുമെല്ലാം ബാധകമായ റോഡ് നിർമ്മാണം അത്ര എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ലന്നും ഒരു പക്ഷേ ഇനിയും ദശാബ്ദങ്ങൾ തന്നെ ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
പൂയംകൂട്ടി, മാങ്കുളം പ്രദേശങ്ങളിൽ വനമേഖലയോടടുത്ത് താമസിച്ചിരുന്ന ആയിരക്കണക്കിന് വരുന്ന കർഷക കുടുംബാംഗങ്ങളും പതിനായിരക്കണക്കിന് വരുന്ന ആദിവാസികളും സുഗമമായ യാത്രാമാർഗ്ഗമില്ലാതെ വിഷമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പാത യാഥാർത്ഥ്യാമായാൽ ഇവരുടെ പെടാപ്പാടിന് അറുതിയാവുമെന്നും മേഖലയിൽ വിസനപ്രവർത്തനങ്ങൾ സാധ്യമാവുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. ടൂറിസം വികസന രംഗത്ത് ഈ പാത മുകൽക്കൂട്ടാവുമെന്ന് കരുതുന്നവരും ഏറെയാണ്.
കുട്ടമ്പുഴ, പൂയംകുട്ടി മാങ്കുളം നിവാസികളുടെ ചിരകാല സ്വപ്നമാണ് ഈ റോഡ് നവീകരിച്ചു തുറന്നു കിട്ടുക എന്നുള്ളത്. തിരുവിതാംകൂർ രാജ ഭരണകാലത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഈ പാത. ആലുവയിൽ നിന്നാരംഭിച്ച് തട്ടേക്കാട് കുട്ടമ്പുഴ, പൂയംകൂട്ടി, മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴിയാണ്് പാത മൂന്നാറിലെത്തുക. റോഡ് നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഈ മേഖലകളിലുള്ളവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തികളും ജനകീയകൂട്ടായമകളും വ്യാപകമായി ക്യാംപെയിനുകളും ആരംഭിച്ചിട്ടുണ്ട്.
1924 ലെ മഹാപ്രളയത്തിൽ (99ലെ വെള്ളപ്പൊക്കം)പാതയിലെ കരിന്തിരി ഭാഗത്ത് മലയിടിഞ്ഞതിനെത്തുടർന്നാണ് പ്രധാനമായും ഈ പാതവഴിയുള്ള ഗതാഗതം മുടങ്ങിയത്. മൂന്നാറിലെ തോട്ടങ്ങളിൽ നിന്നും ബ്രട്ടീഷുകാർ തേയില കൊച്ചിയിലേയ്ക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. ഈ പാതയിലെ എടുത്തുപറയേണ്ട പ്രത്യേകതയാണ് പാതയുടെ ഇരുവശങ്ങളിലുമുള്ള പ്രകൃതിഭംഗി. കാട്ടാറുകളും അരുവികളും തോടുകളും പച്ചപുതച്ച മലയോരങ്ങളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം പിന്നിട്ടാണ് പാത മൂന്നാറിലെത്തുന്നത്. ഈ പാത ഉപയോഗ ശൂന്യമായതോടെയാണ് കോതമംഗലം നേര്യമംഗലം അടിമാലി വഴി വഴി മൂന്നാറിലെത്തുന്ന ഇപ്പോഴത്തെ പാത തുറന്നത്.
1924 ലെ മഹാപ്രളയത്തിനുശേഷവും കീരംപാറ, പുന്നേക്കാട്, ഞായപ്പിള്ളി, കുട്ടമ്പുഴ എന്നിവിടങ്ങളിലെ കർഷകർ, മാങ്കുളത്ത് പോയി നെല്ല്, കപ്പ, ഇഞ്ചി മുതലായവ കൃഷി ചെയ്ത് മാങ്കുളത്ത് നിന്നും കാളവണ്ടികളിൽ ഇവിടങ്ങളിൽ എത്തിച്ചിരുന്നത് ഇപ്പോഴും പഴമക്കാർ ഓർക്കുന്നു.പൂയംകുട്ടി ജലവൈദ്യുതപദ്ധതിക്കുവേണ്ടി 1980 ൽ കെ.എസ്.ഇ.ബി ഈ വഴിയുടെ പൂയംകുട്ടി മുതൽ പീണ്ടിമേട് വരെയുള്ള ഏഴുകിലോമീറ്റർ ദൂരം ഗതാഗതയോഗ്യമാക്കിയിരുന്നു. കൂടാതെ തൊണ്ണൂറുകളിൽ പൂയംകൂട്ടി വനമേഖലയിൽ ഈറ്റവെട്ട് കരാർ എടുത്തിരുന്നവർ ഈറ്റകൊണ്ടുപോകുന്നതിനായി തോളുനട - കുഞ്ചിയാർ ഭാഗങ്ങളിലും വഴി തെളിച്ചിരുന്നു.കരിന്തിരി മലയിടിഞ്ഞ ഭാഗത്ത് ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്ന വിധത്തിൽ നിലവിൽ റോഡുണ്ട്.
ഈ പാതയിൽ പൂയംകുട്ടിയിൽ നിന്നും മാങ്കുളം വരെയുള്ള ഭാഗങ്ങളിൽ വനം വകുപ്പ് പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണ്.റോഡ് തങ്ങളുടെതാണെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. എന്നാൽ ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ളതാണെന്നും വനംവകുപ്പിന്റെ വാദത്തിൽ കഴമ്പില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.ഇക്കാര്യത്തിൽ ഏതാനും ചിലർ നിയമ നടപടികളിലേക്ക് നീങ്ങിയതായും അറിയുന്നു.
വർഷങ്ങളായി ഈ റോഡ് പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതിനാലും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട തോളുനട,കുഞ്ചിയാർ, പെരുമ്പൻകുത്ത് പാലങ്ങൾക്ക് ബലക്ഷമുള്ളതിനാലും ഇതുവഴിയുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലന്നാണ് അധികൃതരുടെ വിലയിരുത്തൽ.മൂവാറ്റുപുഴയിലെയും മൂന്നാറിലെയും പൊതുമരാമത്ത് വകുപ്പ് രേഖകൾ പ്രകാരം ഈ പാത പൂർണ്ണമായും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്നും വനംവകുപ്പിന് ഒരുതരത്തിലും ഈ പാതയ്ക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നുമാണ് പാത നവീകരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തുള്ള ജനകീയ കൂട്ടായ്മകപ്രതിനിധികളും സംഘടന നേതാക്കളും ക്ലബ്ബ് ഭാരവാഹികളും വ്യക്തമാക്കുന്നത്.
ഏതാണ്ട് ഇരുപത് കിലോമീറ്റർ ദൂരമാണ് ആകെ ഈ റോഡ് വനത്തിലൂടെ കടന്നുപോകുന്നതെന്നും ഈ വഴി പുനർനിർമ്മിക്കപ്പെടുന്നതുമൂലം ഇന്ന് സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടമ്പുഴ - മാങ്കുളം പഞ്ചായത്തുകളുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്നും ഈ പഞ്ചായത്തുകൾ ടൂറിസം ഗ്രാമങ്ങളായി മാറുന്നതിനുള്ള സാധ്യകൾ ഏറെയാണെന്നും ഇതുവഴി നിരവധി പേർക്ക് ഇവിടെ തൊഴിൽ ലഭിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
മേട്ട്നാപാറ, കുറത്തിക്കുടി പോലുള്ള പിന്നോക്ക-ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമെന്നും മാങ്കുളം - ആനക്കുളം പോലുള്ള പ്രദേശങ്ങളിൽ നിന്നും ഇന്ന് കോതമംഗലത്ത് എത്താൻ അടിമാലി - നേര്യമംഗലം വഴി 80 കിലോമീറ്ററുകൾ സഞ്ചരിക്കുന്നവർക്ക് പൂയംകുട്ടി - കുട്ടമ്പുഴ വഴി വെറും 42 കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മതിയെന്നുമാണ് ഇവരുടെ കണ്ടെത്തൽ. നിലവിൽ അടിമാലിയിലൂടെ മൂന്നാനുള്ള പാതയെക്കാൾ എറണാകുളം ആലപ്പുഴ തൃശൂർ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ഈ പാതയിലൂടെ മൂന്നാറിലേക്ക് 20 കിലോമീറ്ററിനുമേൽ ദൂരക്കുറവുണ്ടാവുമെന്നാതാണ് ഇവർ വ്യക്തമാക്കുന്ന മറ്റൊരുവസ്തുത.
അധികം വലിയ വളവുകളും കയറ്റങ്ങളും ഇല്ലാത്ത ഈ രാജപാതയിൽ 1:10 അനുപാതത്തിൽ മാത്രമേ ചരിവ് ഉള്ളു. അതിനാൽ അപകടങ്ങൾ ഉണ്ടാകാനും അതിൽ പെട്ട് ആളുകൾ മരണപ്പെടാനും ഉള്ള സാധ്യത ഈ വഴിയിൽ വളരെ കുറവാണ്. കോതമംഗലം - ദേവികുളം താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴി യാത്രയോഗ്യമായാൽ അടിമാലി വഴിയുള്ള ദേശീയപാതയ്ക്ക് സമാന്തരപാതയായി ഇത് പ്രയോജനപ്പെടും.1980 ലെ ഫോറസ്റ്റ് കണ്സർവേഷൻ ആക്ട്് അനുസരിച്ച് 1980 ന് മുൻപ് വനത്തിലൂടെ ആളുകൾ സഞ്ചരിച്ചിരുന്ന റോഡുകൾ (മണ്ണ് റോഡ് ആയാൽപോലും) പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അവകാശമുള്ളതാണെന്നിരിക്കെ, വനം വകുപ്പിന്റെ കടുംപിടുത്തം മൂലം ജനങ്ങൾക്ക് ഈ വഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണെന്നും ഇത് അനീതിയാണെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ ഈ പാതതുറക്കുന്നത് പരിസ്ഥിതിക്ക് വലിയ നാശംവരുത്തുമെന്നും മേഖലയിൽ വനനശീകരണത്തിന് വഴിതെളിക്കുമെന്നും അപൂർവ്വ സസ്യ-ജന്തുജാലങ്ങളുടെ കലവറായ വനപ്രദേശത്ത് റോഡുവരുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലന്നാണ് പരിസ്ഥിതി പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം. മുവാറ്റുപുഴ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഗ്രീൻ പീപ്പിൾ എന്ന സംഘടനയുടെ ഭാരവാഹിയും ഫോട്ടോ ഗ്രാഫറുമായ ഷമീർ പെരുമറ്റത്തിനും ഇതെ അഭിപ്രായമാണുള്ളത്.ദീർഘകാലം ഈ റോഡുമായി ബന്ധപ്പെട്ട് പഠനം നടത്തുകയും ഏറെക്കുറെ പൂർണ്ണമായി ഈ പാതവഴി സഞ്ചരിക്കുകയും ചെയ്തതിൽ നിന്നും മനസ്സിലാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതെന്നും ഷെമീർ വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.