- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ; പ്രതികൂല സംഭവങ്ങൾ വാക്സിൻ വികസനത്തെ ബാധിക്കില്ലെന്നും വിശദീകരണം
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. വാർത്താ സമ്മേളനത്തിലാണ് രാജേഷ് ഭൂഷൺ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ എത്ര സമയമെടുക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘രാജ്യം മുഴുവൻ കോവിഡ് വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ചു സർക്കാർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നു ഞാൻ വ്യക്തമാക്കുന്നു. വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽമാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതു പ്രധാനമാണ്'– കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇന്ത്യയിലെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് 3.72 ശതമാനമാണ്. ഒരു ദശലക്ഷത്തിൽ 211 കേസുകൾ മാത്രം.
ലോകത്തെ വലിയ രാജ്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ കേസുകൾ ഇന്ത്യയിലാണ്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നതു യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർധിക്കുകയാണെന്നാണ്. ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. നവംബർ 11നും ഡിസംബർ ഒന്നിനും ഇടയിൽ പോസിറ്റീവ് നിരക്ക് 7.15 ശതമാനത്തിൽനിന്ന് 6.69 ശതമാനമായി. നവംബറിൽ ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തേക്കാൾ കവിഞ്ഞു.
ഇന്ത്യയിലെ വാക്സീൻ സമയക്രമങ്ങളെ പ്രതികൂല സംഭവങ്ങൾ യാതൊരു തരത്തിലും ബാധിക്കില്ല എന്നായിരുന്നു ഭൂഷന്റെ മറുപടി. കുത്തിവയ്പ്പിലൂടെ ഉണ്ടാകാനിടയുള്ള പ്രതികൂല സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണു പരീക്ഷണത്തിനു മുൻപു സമ്മതപത്രത്തിൽ ഒപ്പിടുന്നത്. വിവിധ സ്ഥലങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കാനായി നൈതിക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കോവിഷീൽഡ് വാക്സിനെതിരായ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷൻ പ്രവർത്തനങ്ങൾ വാക്സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് രാജേഷ് ഭൂഷണിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകൾക്ക് വാക്സിൻ നൽകി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്