പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ അതിരൂക്ഷമായ സമരത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ നിലപാട് മയപ്പെടുത്തി. ദേവസ്വം ബോർഡ് പുനഃ പരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി. ആരു റിവ്യൂ ഹർജി നൽകിയാലും സ്വാഗതം ചെയ്യും. ദേവസ്വം ബോർഡിന്റെ നിലപാടിൽ സർക്കാർ ഇടപെടില്ല. ഏതുചർച്ചയ്ക്കും സർക്കാർ സന്നദ്ധമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പ്രശ്‌നത്തിൽ വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. സമരം നിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് എ.പത്മകുമാർ പറഞ്ഞു. സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം നിർത്തുമോയെന്നും അദ്ദേഹം ചോദിച്ചു. പമ്പയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം ആരാഞ്ഞത്. നിയമപരമായ കാര്യങ്ങൽ നാളെ ചേരുന്ന ബോർഡിന്റെ നിർണായക യോഗത്തിൽ തീരുമാനിക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അതിരൂക്ഷമായ പശ്ചാത്തലിത്തിലാണ് ബോർഡ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സമവായ ചർച്ച പരാജയപ്പെട്ടെങ്കിലും അന്നുയർന്ന ആവശ്യങ്ങൾ യോഗം പരിഗണിക്കും. ശബരിമല തന്ത്രിമാർക്ക് പുറമേ പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമസഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ദേവസ്വം ബോർഡുമായി ചർച്ച നടത്തിയത്. പുനഃ പരിശോധനാ ഹർജിയെ ചൊല്ലിയാണ് ചർച്ച പരാജയപ്പെട്ടത്. ആവശ്യങ്ങളെല്ലാം 19 ന് ചർച്ച ചെയ്യാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.

പുനഃ പരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ ബോർഡിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഹർജിക്കാര്യം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് എ.പത്മകുമാർ ചൊവ്വാഴ്ച പറഞ്ഞെങ്കിലും ഹർജി നൽകില്ലെന്നാണ് അംഗം കെ.രാഘവൻ പിന്നീട് പ്രതികരിച്ചത്. മറ്റൊരംഗമായ കെ.പി.ശങ്കരദാസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഏതായാലും വെള്ളിയാഴ്ചത്തെ യോഗത്തിൽ നിയമപരമായ കാര്യങ്ങൾ ആലോചിക്കും. റിവ്യൂപെറ്റിഷൻ നിലനിൽക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ ദേവസ്വം ബോർഡ് പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

സർക്കാർ പൊതുവെ സുപ്രീം കോടതിവിധിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിനെയും സർക്കാരിനെയും കടന്നാക്രമിക്കുന്ന ബിജെപി സംഘപരിവാർ സംഘടനകളെ അവഗണിക്കാൻ പാർട്ടിനേതൃത്വത്തിനാവില്ല. അതേസമയം കോടതി വിധിയെ തള്ളാനോ , സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടാവുന്ന തീരുമാനമെടുക്കാനോ ബോർഡിന് കഴിയുകയുമില്ല. എന്നാൽ, ആചാരം സംരക്ഷിക്കാൻ ബാധ്യസ്ഥരായ ദേവസ്വം ബോർഡിന് തീർത്ഥാടനം സുഗമമായി നടത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന പത്മകുമാറിന്റെ പ്രസ്താവന കൂടി വന്നതോടെ, സമരം അവസാനിപ്പിക്കാൻ ഒരു ഫോർമുല കണ്ടെത്തുകയാവും ബോർഡ് യോഗത്തിന്റെ വെല്ലുവിളി.ഏതായാലും സർക്കാർ കൂടി അനുകൂല നിലപാടെടുത്തതോടെ ബോർഡിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

അതേസമയം, ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകിയാൽ വിശ്വാസികളെന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം നിൽക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പരഞ്ഞു. 'ഞങ്ങൾക്ക് സർക്കാരിന്റെ ഒരു ഔദാര്യവും ആവശ്യമില്ല. ഞങ്ങൾ ജനങ്ങളുടെ കോടതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സർക്കാരിന് ഇപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെന്തും പറയാം. ജനങ്ങളെ ഇട്ട് പന്ത് തട്ടുകയാണ്. ഇത്രയധികം ജനവിരുദ്ധരായ, ജനങ്ങൾക്ക് ശാപവും ഭാരവുമായ ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. എത്രതവണ എന്തൊക്കെപ്പറഞ്ഞു. ശബരിമലയിൽ ബഹളമുണ്ടാക്കിയത് ചില പുത്തൻകൂറ്റുകാരാണ്. ഇപ്പോൾ അവിടെയുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തമെല്ലാം ബിജെപിയുടെ തലയിലിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മനസാക്ഷിയില്ലാത്ത രാഷ്ട്രീയക്കാരായി കമ്മ്യൂണിസ്റ്റുകാർ മാറുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയേപ്പോലെയുള്ള ആളുകൾ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. രണ്ടുദിവസം കൊണ്ട് എത്തേണ്ട വിശ്വാസികൾക്ക് വരാൻ സാധിച്ചിട്ടില്ല. ശബരിമലയെ തകർക്കാൻ വേണ്ടിയാണ് ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത്. ശബരിമലയെ തകർക്കാനുള്ള ഒരു ശ്രമവും ഞങ്ങൾ അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ജനാധിപത്യമായ സമരമാർഗങ്ങളിൽ കൂടി നേരിടും.' ശബരിമല വിഷയത്തിൽ സർക്കാർ ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകിയതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യം നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് നേരിട്ട് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും വിശ്വസനീയമല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ അനുഭവിച്ച ആളെന്ന നിലയിൽ ഇത് പ്രഖ്യാപിച്ചുകഴിഞ്ഞാൽ അനുകൂലിക്കുമെന്ന് ബന്ധപ്പെട്ടവരെ നേരിട്ട് കണ്ട് പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹർജി കൊടുക്കും എന്ന് പറഞ്ഞതുകൊണ്ട് മാത്രം സമരത്തിൽ നിന്ന് പിന്മാറില്ല. ബോർഡ് തീരുമാനമെടുത്തുകഴിഞ്ഞാൽ ആ തീരുമാനം വിശ്വസിക്കും. അതല്ലാതെ വാക്കാൽ പറഞ്ഞാലോ കണ്ണുരുട്ടി വിരട്ടിയാലോ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.