- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ തലത്തിൽ ഒടിടി പ്ലാറ്റ് ഫോമുകൾ; സീരിയലുകൾക്ക് സെൻസറിങ്ങ്; കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ; സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് ആലോചനയിലെന്നും മന്ത്രി
തിരുവനന്തപുരം: സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സമാന്തരമായി സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഏഷ്യാനെറ്റിന്റെ മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയിലാണ് തന്റെ കാഴ്‌ച്ചപ്പാടുകളെക്കുറിച്ച് മന്ത്രി മനസ്സ് തുറന്നത്.
സർക്കാരിന്റെ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം നിർമ്മിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ആലോചിക്കുകയാണന്നും പറഞ്ഞ സാംസ്‌കാരിക മന്ത്രി ഒരു പ്ലാറ്റ് ഫോം തുടങ്ങുമ്പോൾ പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും ഇതിന്റെ മോശം വശങ്ങളും പഠിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ പ്രതീക്ഷിച്ച പോലെ ജനങ്ങളിലേക്കെത്തുന്നില്ല.പിന്നണി പ്രവർത്തകരുൾപ്പടെ സിനിമയുടെ ഭാഗമായവർക്ക് ഇതുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല.
അത്തരം സന്ദർഭങ്ങളിൽ സിനിമ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നത് പരിഗണിക്കുകയാണെന്ന് പറഞ്ഞ സജി ചെറിയാൻ ഓടിടി പ്ലാറ്റ്‌ഫോം അടക്കമുള്ള നിർദ്ദേശങ്ങൾ മുമ്പിലുള്ളതായി വെളിപ്പെടുത്തി. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രശ്‌നം അതീവ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമാക്കാർ മാത്രമല്ല എല്ലാ കലാകാരന്മാരും പ്രയാസത്തിലാണെന്നും എല്ലാവരെയും സഹായിക്കുന്നതിന് വേണ്ടി ഒരു പുതിയ പദ്ധതി നടപ്പാകുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സാംസ്‌കാരിക മേഖലക്കായി ഒരു നയം രൂപീകരിക്കുമെന്നാണ് ആലോചനയിലുള്ള മറ്റൊരുകാര്യം. സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളിൽ വരുന്ന അശാസ്ത്രീയവും അബദ്ധജടിലവുമായ കാര്യങ്ങൾ ഒഴിവാക്കണം. ഇതിനായി സീരിയലിന് സെൻസറിങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
സീരിയൽ രംഗത്തെ ആർട്ടിസ്റ്റുകൾക്കും സഹായം ഉറപ്പ് നൽകിയ മന്ത്രി ലോക്ഡൗൺ കഴിഞ്ഞാൽ ഷൂട്ടിങ് പുനരാരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഉറപ്പ് നൽകി.
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥയെപ്പറ്റി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുമെന്നും കേരളത്തിലെ സിനിമ സീരിയൽ രംഗത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ സ്റ്റുഡിയോ മാറ്റിയെടുക്കുമെന്നും മന്ത്രി വാഗ്ദാനം നൽകി.
മറുനാടന് മലയാളി ബ്യൂറോ