- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത കുറ്റംചാർത്തി അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത് നാട്ടുകാരെങ്കിൽ വയനാട്ടിൽ ഗോവിന്ദനെ കൊല്ലാതെ കൊന്ന് സർക്കാർ; അരിവാൾ രോഗം ബാധിച്ച ഭാര്യയെ നോക്കാൻപോലും ആവാത്ത വയോധികനെ പീഡിപ്പിക്കുന്നത് മാവിൻകൊമ്പ് വെട്ടിയെന്ന കുറ്റത്തിന്; 21 വർഷം മുമ്പ് ഉണ്ടായ സംഭവത്തിന്റെ പേരിൽ കുറ്റംചാർത്തി പുരയിടം ജപ്തിചെയ്തു; വർഷങ്ങളായി നേരിടുന്ന പീഡനം മറുനാടനോട് തുറന്നുപറഞ്ഞ് പീടികക്കുന്ന് കോളനിയിലെ ഗോവിന്ദൻ
മാനന്തവാടി: വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മധുവെന്ന പാവം ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ ചിലർ തല്ലിക്കൊന്നത്. ദിവസങ്ങൾ പിന്നിടുംമുമ്പേ വയനാട്ടിൽ ഒരു ആദിവാസി വയോധികനെ സർക്കാർ തന്നെ കൊല്ലാക്കൊല ചെയ്യുന്ന വിവരമാണ് പുറത്തുവരുന്നത്. നാട്ടുകാർക്ക് ഉപകാരമായിക്കോട്ടെ എന്ന് കരുതി 21 വർഷങ്ങൾക്ക് മുമ്പ് തന്റെ പുരയിടത്തിന് നടുവിലൂടെ റോഡ് ഒരുക്കിക്കൊടുത്ത വയോധികന്റെ പുരയിടം മരക്കൊമ്പ് വെട്ടിയെന്ന് ആരോപിച്ച് ജപ്തി ചെയ്തിരിക്കുകയാണ് റവന്യൂ വകുപ്പ്. സ്വന്തം പുരയിടത്തിന് നടുവിലൂടെ റോഡിന് സ്ഥലം നൽകിയതിനൊപ്പം അന്ന് റോഡ് നിർമ്മിക്കുന്ന വേളയിൽ ഒരു മരക്കൊമ്പ് വെട്ടിയെന്നതാണ് അധികൃതർ കണ്ടുപിടിച്ച കുറ്റം. ആകെയുള്ള 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ് സർക്കാർ ജപ്തി ചെയ്താണ് സർക്കാർ സംവിധാനങ്ങൾ ഇവിടെ 'കർത്തവ്യ നിർവഹണം' നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത് എങ്ങനെയെന്ന് ഇപ്പോഴും ഗോവിന്ദന് മനസ്സിലായിട്ടില്ല. ആ സംഭവത്തെ പറ്റി അദ്ദേഹം മറുനാടനോട് തുറന്നുപറയുന്നു. മ
മാനന്തവാടി: വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മധുവെന്ന പാവം ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ ചിലർ തല്ലിക്കൊന്നത്. ദിവസങ്ങൾ പിന്നിടുംമുമ്പേ വയനാട്ടിൽ ഒരു ആദിവാസി വയോധികനെ സർക്കാർ തന്നെ കൊല്ലാക്കൊല ചെയ്യുന്ന വിവരമാണ് പുറത്തുവരുന്നത്. നാട്ടുകാർക്ക് ഉപകാരമായിക്കോട്ടെ എന്ന് കരുതി 21 വർഷങ്ങൾക്ക് മുമ്പ് തന്റെ പുരയിടത്തിന് നടുവിലൂടെ റോഡ് ഒരുക്കിക്കൊടുത്ത വയോധികന്റെ പുരയിടം മരക്കൊമ്പ് വെട്ടിയെന്ന് ആരോപിച്ച് ജപ്തി ചെയ്തിരിക്കുകയാണ് റവന്യൂ വകുപ്പ്.
സ്വന്തം പുരയിടത്തിന് നടുവിലൂടെ റോഡിന് സ്ഥലം നൽകിയതിനൊപ്പം അന്ന് റോഡ് നിർമ്മിക്കുന്ന വേളയിൽ ഒരു മരക്കൊമ്പ് വെട്ടിയെന്നതാണ് അധികൃതർ കണ്ടുപിടിച്ച കുറ്റം. ആകെയുള്ള 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ് സർക്കാർ ജപ്തി ചെയ്താണ് സർക്കാർ സംവിധാനങ്ങൾ ഇവിടെ 'കർത്തവ്യ നിർവഹണം' നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത് എങ്ങനെയെന്ന് ഇപ്പോഴും ഗോവിന്ദന് മനസ്സിലായിട്ടില്ല. ആ സംഭവത്തെ പറ്റി അദ്ദേഹം മറുനാടനോട് തുറന്നുപറയുന്നു.
മാനന്തവാടി തലപ്പുഴയിൽ നിന്ന് 7 കിലോമീറ്റർ മാറിയുള്ള മക്കിമല പീടികക്കുന്ന് ആദിവാസി കോളനിയിലെ താമസക്കാരനാണ് ഗോവിന്ദൻ. 1997ൽ അധികൃതർ വന്ന് പീടികക്കുന്ന് കോളനിയിലേക്ക് പുതിയ റോഡ് വെട്ടുന്നതിനുള്ള അനുയോജ്യമായ സ്ഥലം നോക്കിനടന്നപ്പോൾ ഗോവിനാണ് സ്വന്തം സ്ഥലത്ത് കൂടെ റോഡുണ്ടാക്കാൻ അധികൃതരോട് പറഞ്ഞത്. അന്ന് ഇത് പറയുമ്പോൾ ഗോവിന്ദന്റെ മനസ്സിൽ ഒരുചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളൂ. കിലോമീറ്ററുകൾ മുകളിൽ താമസിക്കുന്ന തന്റെ ബന്ധുക്കളടക്കമുള്ള നിരവധി ആദിവാസി കുടുംബങ്ങൾക്ക് വീടുണ്ടാക്കനുള്ള കല്ലും, മണലും, സിമന്റുമെല്ലാം ഇനി ചുമടെടുക്കാതെ വീട്ടിലെത്തിക്കാൻ സാധിക്കുമല്ലോ എന്ന്.
അതിനായി സർക്കാർ ഗോവിന്ദന് പതിച്ച് നൽകിയ 50സെന്റ് സ്ഥലത്തിന്റെ നടുവിലൂടെ റോഡ് വെട്ടാൻ ഗോവിന്ദൻ സന്തോഷപൂർവ്വം സമ്മതമറിയിച്ചു. റോഡ് നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഈ സൽപ്രവൃത്തിയാണ് ഇന്ന് ഗോവിന്ദന്റെ പത്ത് സെന്റ് സ്ഥലം സർക്കാർ എടുക്കുന്നതിലേക്കെത്തിച്ചത്.
റോഡ് നിർമ്മാണത്തിന്റെ ഘട്ടത്തിൽ ഏകദേശം 100 മീറ്റർ മുന്നിലെത്തിയപ്പോൾ റോഡിലേക്ക് ചാഞ്ഞുനിന്ന ഒരും കുളിർമാവിന്റെ കൊമ്പ് തടസ്സമായി നിൽക്കുന്നുണ്ടായിരുന്നു. ഇത് മാറ്റാതെ റോഡ് പണി മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നും തങ്ങൾ പണിനിർത്തി പ്പോവുകയാണെന്നും കോൺട്രാക്ടറും, റോഡ് വെട്ടാൻ വന്ന ജെസിബിക്കാരനും പറഞ്ഞപ്പോൾ ഉടൻ തന്നെ ഗോവിന്ദൻ ആ മരത്തിൽ കയറി ആ ചെറിയ കൊമ്പ് വെട്ടിമാറ്റുകയായിരുന്നു.
ഈ കൊമ്പ് വെട്ടിമാറ്റി റോഡിന് സൗകര്യമൊരുക്കിയതാണ് ഇപ്പോൾ ഗോവിന്ദനെ വെട്ടിലാക്കിയിരിക്കുന്നത്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് കൈവശാവകാശം നൽകിയിരിക്കുന്ന ഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കാനോ വിൽക്കാനോ പാടില്ലെന്നാണെങ്കിലും ഗോവിന്ദന്റെ ഭൂമിക്ക് കൈവശാവകാശമല്ല പട്ടയം തന്നെയുണ്ടായിട്ടും മുറിച്ചത് കുളിർമാവിന്റെ കൊമ്പായിരുന്നു എന്നതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ റവന്യൂ അധികൃതർ നടപടി എടുത്തിരുന്നത്.
അന്ന് വില്ലേജ് അധികൃതർ വന്നാണ് വെട്ടിമാറ്റിയ ആ കൊമ്പ് കൈകാര്യം ചെയ്തതെങ്കിലും ഗോവിന്ദന് പിഴ വിധിക്കുകയായിരുന്നു. 1996ൽ 9000 രൂപ പിഴ വിധിച്ചിരുന്നെങ്കിലും അന്ന് തന്നെ റവന്യൂ അധികൃതരോട് കാര്യങ്ങൾ സംസാരിച്ച് സംഭവത്തിൽ വ്യക്തത വരുത്തിയിരുന്നു. ഇങ്ങനെയൊരു നല്ലകാര്യത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും മാത്രവുമല്ല കൊമ്പ് വെട്ടിയെന്നല്ലാതെ അത് വിൽക്കുകയോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയതിട്ടില്ലെന്നും വെട്ടിമാറ്റിയ കൊമ്പ് വില്ലേജ് അധികൃതരാണ് കൈകാര്യം ചെയ്തതെന്നും ഗോവിന്ദൻ വേണ്ടപ്പെട്ട അധികാരികളെ ബോധിപ്പിക്കുകയും ചെയ്തു. ഇനിയിതിന്റെ പേരിൽ നടപടികളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങിയതുമായിരുന്നു. പിന്നീട് ഇത്തരമൊരു കാര്യം ആരും പറഞ്ഞിട്ടുപോലുമില്ല ഈ പാവത്തിനോട്.
പിന്നീട് 2013ൽ ആണ് വീണ്ടും ഇടിത്തീപോലെ ഈ വിഷയം പൊങ്ങിവരുന്നത്. നേരത്തെയുള്ള ഫൈൻ അടയ്ക്കാത്തതിനാൽ പിഴ പലിശയടക്കം 29,081 രൂപ അടക്കണമെന്നു കാണിച്ച് നോട്ടീസ് നൽകുകയായിരുന്നു അധികൃതർ. പിഴയടച്ചില്ലെങ്കിൽ ജപ്തി നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു. നോട്ടീസിന്റെ അടിസ്ഥാനത്തിൽ അന്നുതന്നെ ഗോവിന്ദൻ റവന്യൂ അധികൃതരെ കണ്ട് വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതോടെ ഇനി പ്രശ്‌നമുണ്ടാവില്ലെന്ന് കരുതി ഈ വയോധികൻ. അങ്ങനെ ജീവിച്ച് പോരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ വന്ന് ഗോവിന്ദന്റെ ആകെയുള്ള 50 സെന്റ് പുരയിടത്തിൽ നിന്ന് 10 സെന്റ് അളന്ന് തിട്ടപ്പെടുത്തി ജപ്തി ചെയ്ത് കൈവശപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടിൽ തന്നെ ഏക്കറുകണക്കിന് വനം കൈവശപ്പെടുത്തിയും, ആദിവാസി ഭൂമി കയ്യേറിയും നാട്ടിൽ വിലസി ജീവിക്കുമ്പോഴാണ് നാട്ടുകാർക്കൊരു ഉപകാരം ചെയ്തതിന് ഒരു ആദിവാസി വയോധികന്റെ 10 സെന്റ് സർക്കാർ ജപ്തി ചെയ്തിരിക്കുന്നത്. അരിവാൾ രോഗം പിടിപെട്ട് കിടപ്പിലായ ഭാര്യക്കൊപ്പം ജോലിക്കൊന്നും പോകാൻ കഴിയാതെ താമസിക്കുന്ന ഗോവിന്ദനെ സംബന്ധിച്ച് ഒരിക്കലും താങ്ങാൻ കഴിയാത്ത പിഴയാണ് സർക്കാർ ചുമത്തിയത്. ഭാര്യക്ക് മരുന്ന് വാങ്ങാൻ തന്നെ കഴിയാത്ത സാഹചര്യത്തിൽ ആകെയുള്ള പുരയിടത്തിന്റെ കണ്ണായ ഭാഗം തന്നെ വെറും 29,081 രൂപക്ക് പകരം സർക്കാർ കൈവശപ്പെടുത്തിയാൽ അതെങ്ങനെ തിരിച്ചെടുക്കുമെന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്.
സെന്റിന് ലക്ഷങ്ങൾ വിലവരുന്ന നാട്ടിലാണ് ഒരു ആദിവാസി വയോധികന്റെ 10 സെന്റ് സ്ഥലം കേവലം 29081 രൂപക്ക് സർക്കാർ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ബാക്കിയുള്ള 40 സെന്റ് സ്ഥലത്തിന്റെ നികുതിയും ഇപ്പോൾ സ്വീകിരക്കുന്നില്ലെന്നും ഗോവിന്ദൻ പറയുന്നു. വനം കയ്യേറിയും, പൊതുമുതൽ കട്ടുമുടിച്ചും സർക്കാറിന് കോടികൾ നഷ്ടമുണ്ടാക്കിയവർ പോലും സുഖിച്ച് ജീവിക്കുമ്പോളാണ് അരിവാൾരോഗം പിടിപെട്ട ഭാര്യക്കൊപ്പം നിത്യവൃത്തിക്ക് വകയില്ലാതെ ജീവിക്കുന്ന ഗോവിന്ദനെതിരെ ഒരു മരക്കൊമ്പ വെട്ടിയതിന്റെ പേരിൽ നടപടിയെടുത്ത് അധികാരികൾ തങ്ങൾ കൃത്യനിർവ്വഹണത്തിന്റെ മാതൃക കാണിച്ചിരിക്കുന്നത്.
ഗോവിന്ദൻ കൊമ്പ് വെട്ടി മരം ഇപ്പോഴും അവിടത്തന്നെ മാനം മുട്ടെ വളർന്നുനിൽക്കുന്നുണ്ട്. അന്നുണ്ടാക്കിയ റോഡ് ഇന്റർലോക്ക് പതിച്ച് നിരവധി കുടുംബങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതിന് ശേഷം നിരവധി കുടുംബങ്ങൾ ഗോവിന്ദൻ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നോണം ലോറികളിൽ തന്നെ കല്ലും, മണലും എത്തിച്ച് വീടുകളുണ്ടാക്കി. പക്ഷെ ഗോവിന്ദനിപ്പോഴും തന്റെ പുരയിടത്തിന്റെ നികുതി സ്വീകരിക്കാൻ കനിയണമെന്നും, ആകെയുള്ള സ്ഥലത്ത് നിന്ന് ജപ്തിചെയ്തത് തിരികെ നൽകണമെന്നും കാണിച്ച് ഓഫീസുകൾ കയറി ഇറങ്ങി നടക്കുകയാണ്.