ദോഹ: സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ആക്കാനുള്ള നടപടികളുമായി ഖത്തർ സർക്കാർ. സർക്കാർ സേവനങ്ങൾ വേഗത്തിലും മെച്ചവുമാക്കാൻ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. 2020-ഓടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

2015 അവസാനത്തോടെ 681 സേവനങ്ങളാണ് ലഭ്യമായിരുന്നത്. എന്നാൽ ഈ വർഷാവസാനത്തോടെ ആയിരത്തിലധികം സർക്കാർ സേവനങ്ങൾ ഓൺലൈനായി കിട്ടിത്തുടങ്ങും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓൺലൈനിൽ സേവനങ്ങൾ നൽകുന്നതിനാൽ പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ സൗകര്യപ്രദമായും വേഗത്തിലുമാക്കാനാകും. ഇപ്പോൾ സ്മാർട്ട്ഫോണുകളും ടാബുകളും ജനപ്രിയമായതിനാൽ സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാകുന്നത് വലിയ ഉപകാരപ്രദമാണ്.  2015-ലെ കണക്കനുസരിച്ച് 78 ശതമാനം സർക്കാർ വകുപ്പുകളും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിൽ പബ്ലിക് ഇൻഫർമേഷൻ പ്രസിദ്ധീകരിക്കുന്നതിനായി 97 ശതമാനം പേരും സോഷ്യൽ മീഡിയകൾ പ്രയോജനപ്പെടുത്തുന്നു.