മകൻ മരിച്ച് അമ്മയ്ക്ക് കിട്ടുന്ന സ്വത്തിന്റെ അവകാശികൾ ഭാര്യയും മക്കളും മാത്രം; ഹിന്ദു പിൻതുടർച്ചാവകാശ ബില്ലിൽ സുപ്രധാന ഭേദഗതിക്ക് സർക്കാർ; ബില്ലവതരണം ഈ സഭാ സമ്മേളനത്തിൽ
തിരുവനന്തപുരം: മരിച്ചുപോയ മകന്റെ സ്വത്തിൽ മാതാവിനു ലഭിക്കുന്ന അവകാശം അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കൾക്കും മാത്രം കൈമാറ്റപ്പെടുമെന്ന നിയമഭേദഗതി വരുന്നു. ഇത്തരത്തിലെ മാറ്റവുമായി ഹിന്ദു പിൻതുടർച്ചാവകാശ ഭേദഗതി ബിൽ സർക്കാർ തയാറാക്കി. ബിൽ നിയമസഭയുടെ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. ഹിന്ദു കുടുംബങ്ങളിൽ മകൻ മരിച്ചാൽ അമ്മയ്ക്ക
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മരിച്ചുപോയ മകന്റെ സ്വത്തിൽ മാതാവിനു ലഭിക്കുന്ന അവകാശം അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കൾക്കും മാത്രം കൈമാറ്റപ്പെടുമെന്ന നിയമഭേദഗതി വരുന്നു. ഇത്തരത്തിലെ മാറ്റവുമായി ഹിന്ദു പിൻതുടർച്ചാവകാശ ഭേദഗതി ബിൽ സർക്കാർ തയാറാക്കി. ബിൽ നിയമസഭയുടെ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
ഹിന്ദു കുടുംബങ്ങളിൽ മകൻ മരിച്ചാൽ അമ്മയ്ക്ക് അവകാശമായി ലഭിക്കുന്ന സ്വത്തിൽ, അവരുടെ കാലശേഷം മക്കൾക്കെല്ലാം തുല്യാവകാശമായിരുന്നു. ഇത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങൾ സർക്കാരിനു ലഭിച്ചിരുന്നു. മകൻ സമ്പാദിച്ച സ്വത്ത് ഭാര്യക്കും മക്കൾക്കും ചെന്നു ചേരേണ്ടതിനു പകരം അതിലൊരു ഭാഗം സഹോദരങ്ങൾ പങ്കിടുന്നത് വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് നിയമമാറ്റത്തിന് സർക്കാർ തയ്യാറാകുന്നത്.
'ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മരിച്ച പുത്രനിൽ നിന്ന് അനന്തരാവകാശിക്കായി ലഭിച്ച ഏതെങ്കിലും വസ്തു ഒന്നാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റ് അനന്തരാവകാശികൾക്ക്, അതിൽ നിർദ്ദേശിച്ച പ്രകാരം സംക്രമിക്കുന്നതല്ലാത്തതും എന്നാൽ മരിച്ച ഏതു പുത്രനിൽ നിന്നാണോ അവൾക്കു വസ്തു അനന്തരാവകാശമായി ലഭിച്ചത് ആ പുത്രന്റെ അനന്തരാവകാശികളിലേക്കു സംക്രമിക്കുന്നതുമാകുന്നു' എന്നതരത്തിലാണ് 1956 ലെ ഹിന്ദു പിൻതുടർച്ചാവകാശ ബില്ലിനെ ഭേദഗതി ചെയ്യുന്നത്.
കുടുംബസ്വത്തിനു പുറമെ മകൻ സ്വന്തമായി ആർജിച്ച സ്വത്തുപോലും അർഹതയുള്ള ഭാര്യക്കും മക്കൾക്കും ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിനെ കുറിച്ച് ജനസമ്പർക്കപരിപാടികളിൽ മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ കിട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നിയമഭേദഗതിക്ക് തീരുമാനം എടുത്തത്. മക്കൾ സാമ്പത്തിക ക്ലേശത്തിൽ കഴിയുമ്പോൾ, അർഹതയില്ലാത്തവർ അനുഭവിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു സംബന്ധിച്ച ഒട്ടേറെ വ്യവഹാരങ്ങളും കോടതിയിലുണ്ട്.
ജൂൺ ആദ്യം ഒരു ദിവസത്തേക്കു സമ്മേളിച്ച ശേഷം അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിരിഞ്ഞ നിയമസഭാ സമ്മേളനം ഇനി ജൂൺ 29 നാണു പുനരാരംഭിക്കുക. തുടക്കത്തിൽ തന്നെ ഈ നിയമഭേദഗതി സഭയിൽ അവതരിപ്പിച്ച് അംഗീകരിക്കാനാണ് തീരുമാനം.