ഡബ്ലിൻ: നാഷണൽ ബ്രോഡ്ബാൻഡ് പ്ലാൻ (എൻബിപി) സ്വകാര്യവത്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. തുടക്കത്തിൽ 25 വർഷത്തെ കരാറടിസ്ഥാനത്തിലാണ് സ്വകാര്യമേഖലയ്ക്കു നൽകുന്നതെങ്കിലും പിന്നീട് കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ മുഴുവൻ നിയന്ത്രണവും കൈമാറാനാണ് ആലോചന.

ഇതുസംബന്ധിച്ച് കാബിനറ്റിൽ അഭിപ്രായസമന്വത കൈവന്നതായി കമ്യൂണിക്കേഷൻ മിനിസ്റ്റർ ഡെന്നീസ് നോട്ടൺ വ്യക്തമാക്കി. റൂറൽ ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് അടുത്ത വർഷം മുതലാണ് കൈമാറുന്നത്. ഗാർഹികാവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഇപ്പോൾ സങ്കീർണമായ അവസ്ഥയിലാണ് നിലനിൽക്കുന്നത്.

നാഷണൽ ബ്രോഡ്ബാൻഡ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാരിന് മുന്നിൽ രണ്ടു പദ്ധതികളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. റൂറൽ മേഖലയിൽ ഇനിയും 170,000 വീടുകൾ കൂടി ബ്രോഡ്ബാൻഡ് പദ്ധതിയിൽ ചേരാൻ കാത്തു നിൽക്കുമ്പോഴാണ് സർക്കാർ സ്വകാര്യവത്ക്കരണവുമായി മുന്നോട്ടു പോകുന്നത്. എൻബിപിയിൽ ഉണ്ടാകുന്ന ചെലവുകൾ ലാഭിക്കാനാണ് സർക്കാർ സ്വകാര്യ മേഖലയെ കൂട്ടുപിടിച്ചിരിക്കുന്നത്.