തിരുവനന്തപുരം: കെആർ ഗൗരിയമ്മയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ച് തലസ്ഥാനനഗരം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ച ഗൗരിയമ്മയുടെ മൃതദേഹം അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിന് പേർ എത്തിച്ചേർന്നു. സിപിഎം നേതാക്കളായ എംഎ ബേബി, എ വിജയരാഘവൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചെമ്പതാക പുതപ്പിച്ച് ആദ്യകാല നേതാവിന് ആദരമർപ്പിച്ചു.

അര നൂറ്റാണ്ടുകാലത്തോളം ഗൗരിയമ്മയുടെ ഭരണനിപുണതയ്ക്ക് സാക്ഷിയായ അനന്തപുരി ഒടുവിൽ ചെറുനെടുവീർപ്പോടെ സഖാവിന് വിട നൽകി, കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ചരിത്രവനിതയ്ക്ക് അർഹമായ യാത്രയയപ്പ് നൽകാൻ പോലും കഴിയാത്തതിന്റെ നിരാശയോടെ.

ഗൗരി അമ്മയുടെ മരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു. കെ.ആർ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് സിപിഎം പ്രസ്താവനയിലൂടെ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാർക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് കെ.ആർ.ഗൗരിയമ്മ.

കടുത്ത പൊലീസ് പീഡനങ്ങളും ജയിൽ വാസവും അവർക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ 1957 ൽ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയിൽ കേരളത്തിലെ കാർഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാൻ അവർക്ക് കഴിഞ്ഞു. ദീർഘകാലം നിയമസഭാഗംമായിരുന്ന കെ.ആർ.ഗൗരിയമ്മ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിതകൂടിയാണ്. ആ നിലയിൽ തന്നെ ഏൽപ്പിച്ച പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഗൗരിയമ്മയ്ക്കായി.

ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് കെ.ആർ.ഗൗരിയമ്മ ഉയർത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവർ നിറഞ്ഞ പ്രതിബന്ധത പുലർത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.