- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീങ്ങൾക്കും ദളിതർക്കും മാത്രമല്ല ഹിന്ദു സമുദായത്തിന്റെ നാശഹേതുവായേക്കാവുന്ന പദ്ധതി കൂടിയാണ് കന്നുകാലി വില്പന നിരോധനം
മോദി സർക്കാർ വീണ്ടും പശുവിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ കയറിപ്പിടിച്ചിരിക്കുന്നു. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് മോദി വാഗ്ദാനം നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതിൽ യുവാക്കൾ ഹതാശരായിരിക്കുകയാണ്. അതേ സമയം, കോടിക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കാനുതകുന്ന പുതിയൊരു നിയമം നടപ്പിലാക്കാൻ മോദി തുനിഞ്ഞി റങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു. ആ നിയമമാണ്, കന്നുകാലി വില്പന നിരോധന നിയമം. പുതിയതായി അവതരിപ്പിക്കപ്പെട്ട ഈ നിയമം വളർത്തുമൃഗങ്ങളുടെ സംരക്ഷണാർത്ഥമാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, വാസ്തവത്തിൽ, ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരെയും ദളിതരെയും ബലി കൊടുക്കുകയാണ് ചഡ്ഢികളുടെ (ആർഎസ്എസ് പ്രവർത്തകരെ, കന്നഡയിൽ, ബ്രാഹ്മണേതര ജാതിയിൽ പെട്ടവരും എതിരാളികളും ചഡ്ഢികൾ-കാക്കി കളസക്കാർ -എന്ന അർത്ഥത്തിൽ വിളിക്കാറുണ്ട്) ഉദ്ദേശ്യമെന്നത് സുവ്യക്തമാണ്. വസ്തുതാപരമായി പരിശോധിച്ചാൽ, ഈയൊരു നടപടി നിമിത്തം, വലിയൊരു സംഖ്യ വരുന്ന
മോദി സർക്കാർ വീണ്ടും പശുവിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ കയറിപ്പിടിച്ചിരിക്കുന്നു. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് മോദി വാഗ്ദാനം നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതിൽ യുവാക്കൾ ഹതാശരായിരിക്കുകയാണ്. അതേ സമയം, കോടിക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കാനുതകുന്ന പുതിയൊരു നിയമം നടപ്പിലാക്കാൻ മോദി തുനിഞ്ഞി റങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു. ആ നിയമമാണ്, കന്നുകാലി വില്പന നിരോധന നിയമം.
പുതിയതായി അവതരിപ്പിക്കപ്പെട്ട ഈ നിയമം വളർത്തുമൃഗങ്ങളുടെ സംരക്ഷണാർത്ഥമാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, വാസ്തവത്തിൽ, ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരെയും ദളിതരെയും ബലി കൊടുക്കുകയാണ് ചഡ്ഢികളുടെ (ആർഎസ്എസ് പ്രവർത്തകരെ, കന്നഡയിൽ, ബ്രാഹ്മണേതര ജാതിയിൽ പെട്ടവരും എതിരാളികളും ചഡ്ഢികൾ-കാക്കി കളസക്കാർ -എന്ന അർത്ഥത്തിൽ വിളിക്കാറുണ്ട്) ഉദ്ദേശ്യമെന്നത് സുവ്യക്തമാണ്. വസ്തുതാപരമായി പരിശോധിച്ചാൽ, ഈയൊരു നടപടി നിമിത്തം, വലിയൊരു സംഖ്യ വരുന്ന നമ്മുടെ കർഷകരുടെ ജീവിതം തന്നെ ബലി നൽകപ്പെടുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത് എന്ന് കാണാം. വളർത്തു മൃഗങ്ങൾ വിശുദ്ധമായവയാണെന്നുള്ള വിശ്വാസത്തിന് വശംവദരായിട്ടല്ല, നമ്മുടെ ഗ്രാമീണ നിവാസികൾ അവയെ പോറ്റിവളർത്തുന്നത്. മറിച്ച്, തങ്ങൾ വിതച്ചിരിക്കുന്ന വിളകൾ ഫലദായകമായിത്തീർന്ന്, സമ്പാദ്യം കൈയണയുന്നതു വരെയുള്ള ഇടക്കാലത്ത് നിത്യനിദാനച്ചെലവുകൾക്കായി എന്തെങ്കിലും നാലു കാശ് കൈയിൽ തിരിമറിയാകട്ടെ എന്ന ഉദ്ദേശ്യത്താൽ, പശുക്കളെയും എരുമകളെയുമൊക്കെ കെട്ടി പരിപാലിച്ച്, പാലിന്റെയും അതേ പോലുള്ള ഉത്പ്പന്നങ്ങളുടെയും വിൽപ്പനയിലൂടെ, തത്ക്കാല വരുമാനം ഇത്തിരി പൊലിപ്പിക്കാൻ തത്രപ്പെടുകയാണ് അവർ ചെയ്യുന്നത്. വളമായി ചാണകം ഉപയോഗപ്പെടുത്തുന്നു. കന്നുകാലികൾക്ക് വയസ്സായാൽ അവയെ വിറ്റു കിട്ടുന്ന തുകയുടെ കൂട്ടത്തിൽ കൈയിരിപ്പുള്ള നാലു കാശു കൂടി ചേർത്ത് പുതിയൊരു കിടാവിനെ വാങ്ങുന്നു. വയസ്സായ കന്നുകാലികളെ വിറ്റു കിട്ടുന്ന ആദായം ക്ഷീരോത്പാദന മേഖലയിൽ നിന്ന് ലഭ്യമാകുന്ന ആകെ വരുമാനത്തിന്റെ 40 ശതമാനം വരുമെന്ന് ഒരു മതിപ്പു കണക്ക് ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ഗ്രാമീണ പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥ ഇപ്പോൾ തന്നെ തകർന്നു കിടക്കുകയാണ്. അത്തരമൊരു സന്ദർഭത്തിൽ, കർഷകർ തങ്ങളുടെ വട്ടച്ചെലവിനായി പോറ്റി വളർത്തുന്ന കന്നുകാലികളെ വിൽക്കാൻ പാടില്ലെന്ന് വിലക്കേർപ്പെടുത്തുകയാണെങ്കിൽ ഗ്രാമീണ ജനത എന്താണ് പിന്നെ ചെയ്യേണ്ടത്? നാടൻ പശുക്കളേക്കാൾ അധികം പാൽ നൽകുന്ന ജർസി, എച്ച്.എഫ് മുതലായ ജനുസ്സുകളിൽ പെട്ട പശുക്കൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്ത കാളക്കുട്ടന്മാരെ പ്രസവിക്കുകയാണെങ്കിൽ അവയെ എന്തു ചെയ്യാനൊക്കും? മൂക്കറ്റം പുല്ലു മേഞ്ഞു മുടിച്ചിട്ട് പിന്നെയും മേയാൻ തീറ്റയ്ക്കായി കരയുന്ന അവറ്റകളെ ചാകുന്നതു വരെ കൃഷിക്കാർ തീറ്റിപ്പോറ്റണമെന്നാണോ? അതിനൊക്കെ വേണ്ടത്ര പണം അവർ എവിടെ നിന്ന് ഉണ്ടാക്കാനാണ്? പോകട്ടെ, അത്തരം പ്രയോജനപ്രദമല്ലാത്ത ജീവികളെ പ്രയാസപ്പെട്ട് പോറ്റി വളർത്തിയാൽ തന്നെ അവ ചത്തു പോയാൽ എന്തു ചെയ്യാനാണ്? ഇത്തരം പ്രത്യാഘാതങ്ങളെ പറ്റിയൊന്നും തന്നെ പരിഗണിക്കാതെ മോദി സർക്കാർ കർഷക ജീവിതങ്ങളുടെ മേൽ കോടാലിക്കൈ കൊണ്ട് ആഞ്ഞു പ്രഹരിക്കുകയാണ്.
കന്നുകാലികൾ ക്ഷീരോത്പാദനത്തിനു മാത്രമല്ല ഉപയുക്തമായിട്ടുള്ളത്, അവ ഭക്ഷ്യോത്പാദനം, തുകലുത്പന്ന നിർമ്മാണം എന്നീ മേഖലകളിലെ സംരംഭങ്ങളെ സംബന്ധിച്ചിടത്തോളവും സവിശേഷ പ്രാധാന്യം കൈയാളുന്നവയാണ്. ''കന്നുകാലികളുടെ വിൽപനയുടെ 90 ശതമാനവും കന്നുകാലിച്ചന്തയിൽ ആണ് നടക്കുന്നത് ' എന്നാണ്, ഇറച്ചി, കന്നുകാലികൾ എന്നിവ കയറ്റുമതി ചെയ്യുന്ന സംരഭങ്ങളുടെ സംഘത്തിന്റെ വക്താവ് ഫൗസാൻ അലാവിയുടേതായി പുറത്തു വന്ന പ്രസ്താവനയിൽ പറയുന്നത്. ''അത്തരം ചന്തകളിൽ ഇറച്ചിക്കായുള്ള കന്നുകാലി വിൽപ്പന നിരോധിക്കപ്പെടുകയാണെങ്കിൽ, രാജ്യത്തുടനീളം രണ്ടു കോടി ആളുകൾ തൊഴിൽ രഹിതരാക്കപ്പെടും. ഇങ്ങനെ തൊഴിൽ രഹിതരാക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലീങ്ങളും ദളിതരും ആയിരിക്കും.''
ഒരു മതിപ്പ് കണക്കനുസരിച്ച്, തുകൽ വ്യവസായ മേഖലയിൽ ഏറെക്കുറെ എട്ടു കോടിയോളം ആളുകൾ ജീവനോപായം തേടുന്നുണ്ട്. വയസ്സായ കന്നുകാലികളുടെ വില്പന നടന്നു കഴിഞ് ഞാൽ അവയുടെ മാംസം കുറഞ് ഞ നിരക്കിൽ പാവങ്ങൾക്ക് ആഹാരമായിത്തീരുമ്പോൾ, ചർമ്മം തുകൽ വ്യവസായത്തിൽ ഉപഭുക്തമാക്കപ്പെടുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കപ്പെടുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ തുകൽ വ്യവസായത്തിന്മേലും ആഞ് ഞടിക്കുക തന്നെ ചെയ്യും . മഹാരാഷ്ട്രയിൽ ഗോഹത്യ നിരോധിക്കപ്പെട്ടതു നിമിത്തം, ഇതിനകം തന്നെ, അവിടുത്തെ പ്രസിദ്ധമായ കൊൽഹാപുരി ചെരിപ്പു നിർമ്മാണ മേഖലയ്ക്കാകെ ഉലച്ചിൽ തട്ടിയിരിക്കുകയാണ്. അതു മാത്രമല്ല, ഗോവധ നിരോധനത്തെ തുടർന്ന് ആ സംസ്ഥാനത്തെ ''വിശുദ്ധ പശുക്കൾ'' ക്ക് നയാപൈസ വിലയില്ലാതെ വന്നതു കാരണം, കർഷകർ തങ്ങളുടെ വയസ്സായ കന്നുകാലികളെ തൊഴുത്തിൽ നിന്ന് കെട്ടഴിച്ചു വിട്ട് ഓടിക്കുകയാണ്. അവ വെള്ളവും തീറ്റയും ലഭിക്കാതെ ചത്തൊടുങ്ങിത്തുടങ്ങിയിരിക്കുന്നു.
ഗോശാലകൾ സ്ഥാപിക്കപ്പെടുമെന്നതും യുക്തിഭദ്രമായ വാദമല്ല. അവിടെ വയസ്സായ കന്നുകാലികളെ പരിചരിക്കാൻ വളരെയധികം പണവും പണിക്കാരും ആവശ്യമായി വരും. അതൊക്കെ എവിടെ നിന്നു കൊണ്ടുവരാനാണ്? ചാണകം വാരി വിറ്റു കിട്ടുന്ന വരുമാനമുപയോഗിച്ച് പശുക്കളെ പോറ്റാമെന്ന് പറയുന്നത് വങ്കത്തത്തിന്റെ അങ്ങേയറ്റമാണ്. ഇപ്പോൾ തന്നെ നമ്മുടെ സർക്കാർ ആശുപത്രികൾക്കും സ്‌കൂളുകൾക്കും വന്നു ചേർന്നിരിക്കുന്നതിനേക്കാൾ പരിതാപകരമായിരിക്കും ഭാവിയിൽ ഇപ്പറഞ്ഞ ഗോശാലകൾ അഭിമുഖീകരിക്കാൻ പോകുന്ന അവസ്ഥ.
എന്നാൽ, മോദി സർക്കാരിനും മോദി ഭക്തന്മാർക്കും ഇവയൊന്നും തന്നെ പ്രധാനപ്പെട്ടവയാണെന്നു തോന്നുന്നില്ല, എന്നു മാത്രമല്ല, ''നിങ്ങളെ പ്രസവിച്ച അമ്മയെ, അവർ പ്രായമായി എന്ന ഒറ്റ കാരണത്താൽ വീട്ടിൽ നിന്ന് ഇറക്കി വിടുമോ? അറവുകാർക്ക് വിൽക്കുമോ?'' എന്നൊക്കെ വിദണ്ഡാവാദങ്ങളുയർത്തുകയാണ് അവർ. ഇക്കൂട്ടർ ഇങ്ങനെ ചോദിക്കുമ്പോൾ, വാസ്തവത്തിൽ, തങ്ങളുടെ അമ്മമാരെയും അതേ പോലുള്ളവരെയും അപമാനിക്കുകയാണ് ചെയ്യുന്നത് എന്നുള്ള ബോധ്യം പോലും അവർക്കില്ല്‌ലാതെ പോകുന്നു.
എന്തുകൊണ്ടെന്നാൽ, ചന്തയിൽ കാലികളെ കാശു കൊടുത്തു കൈവശപ്പെടുത്തുന്നതു പോലെ ഒരാളും തന്റെ പെറ്റമ്മയെ വിലയ്ക്കു വാങ്ങുന്നില്ല. ഒരാളും പ്രതിദിനം തന്റെ അമ്മയുടെ മുല കറന്ന് വിറ്റ് കാശു സമ്പാദിക്കുന്നില്ല. പശു പാൽ ചുരത്തുന്നത് നിർത്തുമ്പോൾ, അതു വീണ്ടും ഗർഭം ധരിച്ച്, കിടാവിനെ പ്രസവിച്ച്, ഒരാവൃത്തി കൂടി പാൽ നൽകാനിടയാകട്ടെയെന്നു കരുതി, കൃത്രിമ ബീജസങ്കലനം ചെയ്യുകയോ കരുത്തുറ്റ കൂറ്റൻ കാളക്കുട്ടനോടൊത്തു കൂട്ടു കൂടാൻ വിടുകയോ ചെയ്യുക പതിവാണെങ്കിലും ഒരാളും തന്റെ പെറ്റമ്മയെ അപ്രകാരം വിട്ടു നൽകാറില്ല. ഇക്കാരണത്താൽ പശുവിനെ മാതാവാണെന്ന് വിശേഷിപ്പിച്ച് പെറ്റമ്മയോട് താരതമ്യം ചെയ്യുന്നത് മതപരമായ ഭ്രാന്തൻ ജൽപ്പനമല്ലാതെ മറ്റൊന്നുമല്ല.
ഇതിനകം തന്നെ മോദിയുടെ ഈ നടപടിക്കെതിരായി ദേശവ്യാപകമായ പ്രതിഷേധം പ്രകടമായി തന്നെ വളർന്നു വന്നിട്ടുണ്ട്. സിദ്ധരാമയ്യ, പിണറായി വിജയൻ, മമതാ ബാനർജി തുടങ്ങിയ മുഖ്യമന്ത്രിമാർ ആക്ഷേപം വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ''ബീഫ് ഫെസ്റ്റ്'' കൾ സംഘടിപ്പിക്കപ്പെട്ടു. മദ്രാസ് ഹൈക്കോർട്ട് ഈ സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവ് പ്രകടിപ്പിച്ചിരിക്കുന്നു. അംബേദ്കർ- പെരിയാർ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ സംഘടിപ്പിക്കപ്പെട്ട ബീഫ്-ഫെസ്റ്റിൽ പങ്കെടുത്തതിന്, സൂരജ് എന്ന വിദ്യാർത്ഥിയെ എ. ബി. വി.പി ഗുണ്ടകൾ കൈയേറ്റം ചെയ്യുകയുണ്ടായി. കന്നുകാലി വിൽപന നിരോധന നിയമം നിലവിൽ വരുന്നതിനു മുമ്പു തന്നെ, ഇക്കഴിഞ് ഞ രണ്ടു വർഷങ്ങളിൽ, ഗോരക്ഷരകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാൽ ആക്രമിക്കപ്പെട്ട്, ദേശവ്യാപകമായി പത്തിലധികം ആളുകൾ ജീവൻ വെടിയുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിൽ, ഈ നിയമം നിലവിൽ വരികയാണെങ്കിൽ സമാനമായ രീതിയിലുള്ള കൊലകളുടെ എണ്ണം നിശ്ചയമായും വർദ്ധിക്കുക തന്നെ ചെയ്യും.
''പ്രധാന സേവകൻ'' എന്നും ''ദേശഭക്തൻ'' എന്നും ''രാഷ്ട്രോദ്ധാരകൻ'' എന്നും സ്വയം വിശേശിപ്പിക്കുന്ന മോദി, എന്തുകൊണ്ടാണ് കോടിക്കണക്കായ ആളുകളുടെ ജീവനോപാധി ഇല്ലാതാക്കുന്ന ഈ നിരോധന നടപടിയുമായി മുമ്പോട്ടു പോകുന്നത് എന്ന അലോസരപ്പെടുത്തുന്ന ചോദ്യം പലരെയും മഥിച്ചു തുടങ്ങിയിരിക്കുന്നു. ഈ സന്ദർഭത്തിൽ, 'thewire.in' മാഗസിനിൽ ആർ. രാമദാസ് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച്, ''ഇന്ന് യൂറോപ്യൻ യൂനിയനിലെയും ആസ്‌ത്രേലിയയിലെയും ന്യൂസിലാണ്ടിലെയും അമേരിക്കയിലെയും നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ കൈവശം കെട്ടിക്കിടക്കുന്ന അതി ബൃഹത്തായ അളവിലുള്ള പാൽപ്പൊടി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ കച്ചകെട്ടി, കാൽ വിരലിലൂന്നി കുതിക്കാൻ കാത്തിരിക്കുകയാണ്. എന്നാൽ, ഇതിനെ ഭാരതത്തിലെ ക്ഷീരോത്പാദന സംരഭകരുടെ സംഘടനകൾ ചെറുത്തു നിൽക്കുകയാണ്.'' ഇക്കാരണത്താൽ, കന്നുകാലി വില്പന നിരോധനത്തിന്റെ പേരു പറഞ് ഞ് ഭാരതത്തിലെ ക്ഷീരോത്പാദന വ്യവസായത്തെ തന്നെ നശിപ്പിച്ച് നാറാണക്കല്ലു പിടിപ്പിച്ചിട്ട് വിദേശ കമ്പനികളുടെ ലാഭം വർദ്ധിപ്പിച്ചു കൊടുക്കാൻ മോദി സാഹിബ് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന കാര്യം ഏതു പൊട്ടനും തിരിച്ചറിയാവുന്നതേ ഉള്ളൂ. ഇതു മോദിയുടെ രാഷ്ട്ര സേവനത്തിന്റെ ഒരു അഭ്യാസ പ്രകടന ഇനമത്രെ.
മോദിയുടെ ഈ കുതന്ത്രം നടപ്പാക്കുന്നത് തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും കർഷക സംഘടനകൾ പോരാട്ടത്തിന് തയ്യാറായി മുമ്പോട്ടു വരേണ്ടതുണ്ട്. എന്തെന്നാൽ, ഇത് കേവലം മുസ്ലീങ്ങൾക്കും ദളിതർക്കും എതിരായ ഒരു നിയമമല്ല. വലിയ വിഭാഗം അംഗങ്ങളും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഹിന്ദു സമുദായത്തിനെതിരായ, അതിന്റെ നാശഹേതുവായേക്കാവുന്ന പദ്ധതി കൂടിയാണ്.
Source: http://gaurilankesh.com/edition13/issue13/index.html (page - 3)
* (ഗൗരി ലങ്കേശ് പത്രികയിൽ അവർ കൈകാര്യം ചെയ്തിരുന്ന ''കണ്ടതിൻ പടി'' എന്ന പംക്തിയിൽ എഴുതിയ ലേഖനമാണിത്. ജൂൺ 14, 2017)
കന്നഡ ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തത് .
വിവർത്തകൻ വി എം. ഷെമേജ്.
**(കാലിച്ചന്തയിൽ കന്നുകാലികളെ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ്, ഈ ലേഖനം എഴുതപ്പെട്ട ശേഷം, 2017 ജൂലൈ മാസം, ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി. --- വിവർത്തകൻ)