- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ഭക്ഷ്യവകുപ്പിനെ അറിയിച്ചത് ധനവകുപ്പ്; ആവശ്യമെങ്കിൽ ഇനിയും കിറ്റ് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ
കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അവശ്യ സമയങ്ങളിൽ ഇനിയും നൽകും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഈ മാസം കിറ്റ് നൽകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം തുടരുന്നതിനാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കെങ്കിലും ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ഇനിയും കിറ്റ് വിതരണം തുടരാനാവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയിരുന്നു.
ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു കിറ്റ് നിർത്താൻ തീരുമാനിച്ചത്.