- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാമിനെ സിവിൽ സപ്ലൈസിൽ നിയമിച്ചതിൽ കൂടിയാലോചന നടത്താത്തത് അഭിമാനക്ഷതമായി; മന്ത്രിസഭാ യോഗത്തിൽ വേദന പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ വക കളിയാക്കലും; നെഞ്ചുവേദന വന്നപ്പോൾ തന്നെ ചികിൽസ തേടി മന്ത്രി ജി ആർ അനിൽ; കാർഡിയോളജി ഐസിയുവിലുള്ള മന്ത്രി സുഖം പ്രാപിച്ചെന്ന് മെഡിക്കൽ കോളേജ് അധികൃതർ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. ഇത് ബുധനാഴ്ച് നടന്ന സംഭവാണ്. ഇപ്പോൾ നെഞ്ചുവേദനയെത്തുടർന്നു മന്ത്രി ജി.ആർ.അനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയും എത്തുകയാണ്. മന്ത്രി സുഖം പ്രാപിച്ചു കഴിഞ്ഞു. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് വലിയ ചർച്ചയായിരുന്നു. ഓഫീസിലേക്ക് കത്തുകൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വാർത്ത വന്നതിന്റെ ഉത്തരവാദിത്വം മന്ത്രിക്കുതന്നെയാണെന്ന് ആരോപിച്ചായിരുന്നു വിമർശനം. വകുപ്പിനോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിയമിച്ചതിൽ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആർ. അനിലും വിമർശിച്ചു. അങ്ങനെ മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഉടക്കി. തൊട്ടു പിന്നാലെയാണ് മന്ത്രിക്ക് നെഞ്ചു വേദന വാർത്തയും വരുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വകുപ്പ് മന്ത്രിയായ തന്നോടു ചോദിക്കാതെയാണെന്ന് മന്ത്രിസഭാ യോഗത്തിൽ ജി.ആർ. അനിൽ പരാതിപ്പെട്ടിരുന്നു. വകുപ്പ് മന്ത്രിയോട് അഭിപ്രായം ചോദിക്കാതെയുള്ള നിയമനങ്ങൾ പതിവാകുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകി. മന്ത്രിസഭാ യോഗം പോലുള്ള വേദിയിൽ തെറ്റായ കാര്യം പറയരുതെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. സംശയകരമായ വ്യക്തിത്വമുള്ള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പിൽ നിയമിച്ചത് ചൂണ്ടിക്കാട്ടി ജി.ആർ. അനിൽ വിമർശനം കടുപ്പിച്ചു. ഇതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, നിയമനങ്ങൾ ആലോചിച്ച് വേണമെന്ന കാര്യത്തിൽ മന്ത്രിയെ പിന്തുണച്ചു. സാധാരണ എല്ലാക്കാര്യങ്ങളും ആലോചിച്ച് ചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി. മുൻപത്തെക്കാളും നന്നായി അത് നടക്കുന്നുണ്ടെന്നും ആദ്യമായി മന്ത്രിയായതുകൊണ്ടാകും ജി.ആർ. അനിലിന് അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന വാർത്ത പുറത്തുവന്നത് ചൂണ്ടിക്കാടി മന്ത്രി ജി.ആർ. അനിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. തന്റെ ഓഫീസിലേക്ക് കത്തുകൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വാർത്തവന്നു. കത്ത് പൊട്ടിക്കുന്നതിന് മുമ്പ് തന്നെ വാർത്ത വരുന്നുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെ. അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ