നാടുകാണി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ദാരുണാന്ത്യം മലയാളക്കരയാകെ നടുക്കവും വേദനയും സൃഷ്ടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വേദന മാത്രമല്ല പ്രതിഷധവും പങ്കവയ്ക്കുന്നു പ്രായഭേദമെന്യേ ഏവരും. വിശപ്പിന്റെ വിളി സഹിക്ക വയ്യാതെ മധു ഭക്ഷണം തിരയാറുണ്ടായിരുന്നുവെന്ന് അട്ടപ്പാടിയിലെ ഊരുവാസികൾ പറയുന്നു.വിശപ്പിന്റെ പേരിൽ ഇനി ആരും മരിക്കേണ്ടി വരരുതെന്ന നിശ്ചയത്തിൽ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇടുക്കി നാടുകാണിയിലെ ഗ്രാമാശ്രം എന്ന ഹരിതഗ്രാമം.എല്ലാ സാമൂഹിക-പരിസ്ഥതി ഇടപെടലുകളുടെയും ഹബ്ബാണ് ഇവിടം.

ആദിവാസി മേഖലയായ നാടുകാണിയിൽ ആരും വിശന്ന് മരിക്കരുതെന്ന ധാരണയിൽ ഈ ആഴ്ച മുതൽ ഗ്രാമാശ്രത്തിൽ എപ്പോഴും 10 പേർക്ക് കഴിക്കാൻ കഞ്ഞിയും കറിയുമുണ്ടാകും. പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെയെത്തി അതിൽ പങ്കുചേരാം.മിനിമം തുക 20 രൂപ എന്ന !രുധാരണ മാത്രം.ആരും പൈസ പിരിക്കാൻ വരില്ല. വിശപ്പടങ്ങുവോളം ഊട്ടുപുരകൾ കേരളത്തിന്റെ ഓരോ ഗ്രാമത്തിനും ഉണ്ടാവട്ടെയെന്ന താൽപര്യത്തിലാണ് സംരംഭമെന്ന് ഗ്രാമാശ്രം ഭാരവാഹികൾ ഫേസ്‌ബുക്കിൽ കുറിച്ചു:

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

ഇനിമേൽ ഇവിടെ ഈ മലമുകളിൽ ആരും വിശന്നുചാകേണ്ടിവരരുതെന്ന് ആദിവാസി മേഖലയായ നാടുകാണിയിൽ നിന്ന് ഞങ്ങൾ മധുവിനെയോർത്ത് തീരുമാനിക്കുന്നു. ഈ ആഴ്ച മുതൽ ഗ്രാമാശ്രമത്തിൽ എപ്പോഴും 10 പേർക്ക് കഴിക്കാൻ കഞ്ഞിയും കറിയുമുണ്ടാവും (ആരംഭിച്ചുകഴിഞ്ഞു). പണമില്ലാത്ത, തുച്ഛമായ പണം മാത്രം കയ്യിലുള്ള, പണമുണ്ടായിട്ടും മലമുകളിൽ എത്തുമ്പോൾ വിശക്കുന്ന, ആർക്കും വന്നുകഴിക്കാം. മിനിമം തുക 20 രൂപ എന്ന് ഒരു ധാരണയേയുള്ളൂ. ആരും പൈസപിരിക്കാൻ വരില്ല. അവിടെ പെട്ടിയിൽ സ്വയം നിക്ഷേപിച്ചുപോവുക. ഇല്ലാത്തവർ കഞ്ഞികുടിച്ച് കയ്യുംകഴുകി പൊയ്‌ക്കൊള്ളൂ. ഉദാരമനസ്സുണ്ടെങ്കിൽ ഒരുകൈത്താങ്ങാവാൻ അല്പം പണം കൂടുതൽ ആ പെട്ടിൽ തന്നെ നിക്ഷേപിച്ചേക്കൂ. വിശപ്പടങ്ങുവോളം വിശാലമാകുന്ന ഊട്ടുപുരകൾ കേരളത്തിന്റെ ഓരോ ഗ്രാമത്തിനും ഉണ്ടാവട്ടെ. മധു, നിന്റെ ആ നിർവികാര-നിഷ്‌ക്കളങ്കനോട്ടം ഇനിമേൽ വിശക്കാത്ത ഒരു കേരളത്തിലേയ്ക്ക് ആവട്ടെ.

 ഗ്രാമാശ്രം' എന്ന ഹരിതഗ്രാമം

എല്ലാ സാമൂഹ്യ-പാരിസ്ഥിതിക ഇടപെടലുകളുടേയും ഹബ്ബായി മാറുന്ന ഒരിടം. 'ലളിതം സുന്ദരം' എന്ന ദർശനം ജീവിക്കാനൊരിടം. സമാനമനസ്സുകൾക്ക് ജീവിതസായാഹ്നം ക്രിയാത്മകവും ആനന്ദപ്രദവും സഹജീവികൾക്ക് ഉപകാരപ്രദമായി ജീവിക്കാൻ ഒരിടം. ആർക്കും കയറിവരാവുന്ന ഒരു സത്രം. ആൾക്കൂട്ടത്തിൽ നിന്ന് അകന്നുനിൽക്കാൻ ശാന്തിയുടെ ഒരു മലമുകൾ. ജ്ഞാനം തേടുന്ന മനസ്സുകൾക്ക് വായിക്കാനും എഴുതാനും മനനം ചെയ്യാനും ഒരു വായനാശാലയുടെ തണൽ. പുല്ലും പൂക്കളും കിളികളും വിളകളും മരങ്ങളും മൃഗങ്ങളും മനുഷ്യരും ചേർന്നുവാഴുന്നൊരിടം, ജാതി-മത-ലിംഗ-ദേശ വൈവിധ്യങ്ങളുടെ അതിരുകൾ ഇല്ലാത്തൊരിടം .... ഇങ്ങനെ നമുക്കൊരുമിച്ചൊരു സ്വപ്നം കാണാം... മണ്ണിനോടൊപ്പം മനുഷ്യരോടൊപ്പം പ്രകൃതിയോടൊപ്പം ആ സ്വപ്നം സാക്ഷാൽക്കരിക്കാം...

'ഗ്രാമാശ്രം' ഉൾക്കൊള്ളുന്ന അടിസ്ഥാന ദർശനങ്ങൾ:
1 പരസ്പരാശ്രയ ജീവിതം.
2 സ്വകാര്യജീവിതവും സാമൂഹ്യജീവിതവും തമ്മിലുള്ള സംതുലനാവസ്ഥ.
3 സമൂഹത്തോടുള്ള കടമകൾ.
4 നിലപാടുകളുടെ കടുംപിടുത്തമില്ലാത്ത അഹിംസാത്മക ജീവിതം.
5 പാരസ്പര്യ ജീവിതത്തിലെ പാരിസ്ഥിതികബന്ധങ്ങൾ
6 ബദൽമൂല്യങ്ങൾ- വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, കച്ചവടം, ജീവിതശൈലി തുടങ്ങിയ മേഖലകളിൽ.
7 വരുംതലമുറയ്ക്കുവേണ്ടി ഭൂമിയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം
8 മാനവീകതയുടെ കലാ-സാംസ്‌കാരിക-ജ്ഞാനതലങ്ങൾ.