ലണ്ടൻ: പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള നോൺറസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (നോർക്ക)യുടെ പ്രവർത്തനം യൂറോപ്യൻ രാജ്യങ്ങളിൽ സജീവമാക്കുന്നതിന് യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി  കെ.സി. ജോസഫ് പ്രഖ്യാപിച്ചു.  ഞായറാഴ്‌ച്ച ലണ്ടനിലെത്തിയ മന്ത്രിക്ക് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി യു.കെ) നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നോർക്കയുടെ പ്രവർത്തനം യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് പ്രവാസികാര്യ വകുപ്പ് നടത്തിവരുന്നത്. അതിന്റെ ആദ്യപടിയായിട്ടാണ് യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തനം സജീവമാക്കുന്നതിനുള്ള തീരുമാനം. ലോകത്ത് എല്ലാ രാജ്യങ്ങളിലേയ്ക്കും കുടിയേറിയിട്ടുള്ള മലയാളികളെ നാടുമായി ബന്ധിപ്പിച്ച് നിർത്തുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടൻ ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരു മിഷൻ ഹാളിലാണ് മന്ത്രിക്ക് സ്വീകരണം സംഘടിപ്പിച്ചിരുന്നത്. ഒ.ഐ.സി.സി യു.കെ ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്‌സൺ ജോർജ് അധ്യക്ഷത വഹിച്ചു. ലണ്ടൻ റീജണൽ ചെയർമാൻ ടോണി ചെറിയാൻ ആമുഖപ്രഭാഷണം നടത്തി. കൗൺസിലർ ഫിലിപ്പ് എബ്രാഹം, ഒ.ഐ.സി.സി ദേശീയ ഭാരവാഹികളായ എബി സെബാസ്റ്റ്യൻ, തോമസ് പുളിക്കൽ, അനു ജോസഫ്, കെ.എം.സി.സി സെക്രട്ടറി താജുദ്ദീൻ, ലണ്ടൻ റീജണൽ ഭാരവാഹികളായ ജെയ്ൻ ലാൽ, അബ്രാഹം വാഴൂർ എന്നിവർ പ്രസംഗിച്ചു. നിതിൻ പനച്ചയിൽ നന്ദി പ്രാശിപ്പിച്ചു. വക്കം ജി സുരേഷ്‌കുമാർ ഈശ്വരപ്രാർത്ഥനയ്ക്കും ദേശീയഗാനാലാപനത്തിനും നേതൃത്വം നൽകി.

യോഗത്തിനു ശേഷം മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ആളുകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ചർച്ചകളിൽ മാർട്ടിൻ ചങ്ങനാശ്ശേരി,  ഡോ. ജോഷി ജോസ്, പ്രേമൻ അനന്തപുരി,  ആന്റണി ഡാഗനം, ടോണി സെബാസ്റ്റ്യൻ കാവാലം, തോമസ് പയ്യാവൂർ എന്നിവർ നേതൃത്വം നൽകി.

ഉച്ചയ്ക്ക് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മന്ത്രിക്കും പത്‌നിക്കും ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സീകരണമാണ് നൽകിയത്. ദേശീയ കമ്മറ്റിക്ക് വേണ്ടി ജെയ്‌സൺ ജോർജ്, എബി സെബാസ്റ്റ്യൻ, തോമസ് പുളിക്കൽ , ലണ്ടൻ റീജണൽ പ്രസിഡന്റ് ടോണി ചെറിയാൻ എന്നിവർ ത്രിവർണ്ണ ഷാളുകൾ അണിയിച്ചു. റെഞ്ചി വർക്കി, ബൈജു കാരിയിൽ, അബ്രാഹം വാഴൂർ, ടോണി കാവാലം എന്നിവർ  നേതൃത്വം നൽകി. പ്രോട്ടോക്കോൾ പ്രകാരം  ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരും മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ  16.17.18 ദിവസങ്ങളിലായി നടക്കുന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം ബ്രിട്ടണിലെത്തുന്നത്.