തിരുവനന്തപുരം: വഴുതയ്ക്കാട്ട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ വയോജനദിനം ആചരിച്ചു. വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. മുഖ്യാതിഥിയായ സിനിമാ പിന്നണിഗായകൻ ജി. വേണുഗോപാലും സ്‌കൂൾ ഡയറക്ടർ റവ. സിസ്റ്റർ റെനീറ്റയും ചേർന്നു വയോധികരായ മാതാപിതാക്കൾക്ക് ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കു വച്ചു.

കുട്ടികൾ വയോജനങ്ങൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ഏറെ ആകർഷണീയമായിരുന്നു. അവരും പങ്കാളികളായി. അതിൽ മുൻപന്തിയിലെത്തിയ എസ് സുകുമാരിയമ്മയെ ഈ വർഷത്തെ കാർമൽ മുത്തശ്ശിയായും ഐ. ദുരൈയെ കാർമൽ മുത്തച്ഛനായും തെരഞ്ഞെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ അഞ്ജന എം., സ്‌കൂൾ ഹെഡ്‌മിസ്ട്രസ് മിനി ചാക്കോ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നിംസ് മെഡിസിറ്റിയിലെ ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യപരിശോധനാ ക്യാമ്പും നടന്നു. ചടങ്ങിന് സ്വാഗതം സ്‌കൂൾ പ്രിൻസിപ്പലും കൃതജ്ഞത സ്‌കൂൾ ലീഡറും രേഖപ്പെടുത്തി.